Siraj Campaign
സിറാജ് ക്യാമ്പയിൻ പ്രഖ്യാപനമായി; സെപ്തംബർ 16 മുതൽ ഒക്ടോബർ 15 വരെ
ക്യാമ്പയിനിന്റെ പ്രഖ്യാപനം തൗഫീഖ് പബ്ലിക്കേഷൻസ് ചെയർമാൻ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു.

കോഴിക്കോട് | നാല് പതിറ്റാണ്ടോളം മലയാളക്കരയിൽ അക്ഷര വെളിച്ചം സമ്മാനിച്ച സിറാജിന്റെ ക്യാമ്പയിൻ-2022 പ്രവർത്തനങ്ങൾക്ക് മുന്നൊരുക്കമായി. “വായിക്കാം അഭിമാനിക്കാം’ എന്ന ശീർഷകത്തിൽ ഈ മാസം 16 മുതൽ ഒക്ടോബർ 15 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പയിനിന്റെ പ്രഖ്യാപനം തൗഫീഖ് പബ്ലിക്കേഷൻസ് ചെയർമാൻ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു. പ്രഖ്യാപന സമ്മേളനത്തിൽ സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി അധ്യക്ഷത വഹിച്ചു. വണ്ടൂർ അബ്ദുർറഹ്‌മാൻ ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുൽ മജീദ് കക്കാട് പദ്ധതി വിശദീകരിച്ചു.
പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് സയ്യിദ് ത്വാഹാതങ്ങൾ സഖാഫി ചെയർമാനും അബ്ദുൽ മജീദ് കക്കാട് ജനറൽ കൺവീനറുമായി സിറാജ് പ്രമോഷൻ കൗൺസിലിന് രൂപംനൽകി. കെ അബ്ദുർറഹ്‌മാൻ ഫൈസി വണ്ടൂർ, റഹ‌്മത്തുല്ലാ സഖാഫി എളമരം, കെ വൈ നിസാമുദ്ദീൻ ഫാളിലി, സുലൈമാൻ സഖാഫി കുഞ്ഞുകുളം, വള്ള്യാട് മുഹമ്മദലി സഖാഫി (വൈസ്. ചെയർ.) പ്രൊഫ. യു സി അബ്ദുൽ മജീദ്, എ സൈഫുദ്ദീൻ ഹാജി, എൻ അലി അബ്ദുല്ല, സി പി സൈതലവി ചെങ്ങര, വി വി അബൂബക്കർ സഖാഫി, മുസ്തഫ കോഡൂർ, മുഹമ്മദ് പറവൂർ, ഹാമിദലി സഖാഫി പാലാഴി (കൺ.) എന്നിവരെ തിരഞ്ഞെടുത്തു.
സമസ്ത സെന്ററിൽ ചേർന്ന സുന്നി സംഘടനാ സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. എഡിറ്റർ വി പി എം ഫൈസി വില്യാപ്പള്ളി ഉദ്ഘാടനം ചെയ്തു. എഡിറ്റർ ഇൻ ചാർജ് ടി കെ അബ്ദുൽ ഗഫൂർ പദ്ധതി വിശദീകരിച്ചു.
വിപുലമായ മുന്നൊരുക്കങ്ങൾക്ക് ശേഷമാണ് 14 ജില്ലകളിലും തമിഴ്‌നാട്ടിലെ ഗുഡല്ലൂരിലും കോയമ്പത്തൂരിലും കർണാടകയിലെ മംഗളൂരുവിലും കുടകിലും ക്യാമ്പയിൻ ആരംഭിക്കുക. കേരള മുസ്‌ലിം ജമാഅത്തിന് കീഴിൽ സംഘടനാ ഘടകങ്ങളെ സിറാജ് പ്രമോഷൻ കൗൺസിൽ എന്ന പ്ലാറ്റ്‌ഫോമിൽ അണിനിരത്തിയാണ് ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് രൂപംനൽകിയത്.
പ്രചാരണത്തിന് മുന്നോടിയായി സംസ്ഥാനത്തുടനീളം യോഗം ചേർന്ന് യൂനിറ്റ് തലങ്ങളിൽ പുതിയ വരിക്കാരെ ചേർക്കും. ക്യാമ്പയിനിന്റെ ഭാഗമായി സെപ്തംബർ 30ന് സിറാജ് ഡേ ആചരിക്കും.
“വായനാ ലക്ഷങ്ങളിൽ ഞാനും’ പദ്ധതി പ്രകാരം പൗരപ്രമുഖരെയും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രധാനികളെയും വാർഷിക വരിക്കാരായി ചേർക്കും. ആകർഷകമായ അഞ്ച് സ്‌കീമുകളിലൂടെയാണ് ഇത്തവണ പുതിയ വരിക്കാരെ ചേർക്കുക.