Siraj Campaign
സിറാജ് ക്യാമ്പയിൻ: അണിയറയിൽ നിന്ന് ആവേശത്തോടെ അരങ്ങത്തേക്ക്
നേതാക്കളും പ്രവർത്തകരും സിറാജ് കൂട്ടായ്മയിൽ ഒന്നിച്ച് കണ്ണികളാവുന്ന ആവേശക്കാഴ്ചക്കാവും 15 ദിവസം പ്രാസ്ഥാനിക കുടുംബം സാക്ഷിയാവുക.
കോഴിക്കോട് | നാട് നാടോട് ചേർന്ന് സിറാജ് ക്യാമ്പയിൻ അണിയറ പ്രവർത്തനങ്ങൾ. വരിചേർക്കുന്നതിന് മുമ്പുള്ള മുന്നൊരുക്കം ആവേശപൂർവം പൂർത്തിയാക്കി വാർഷിക വരിക്കാരെ നേരത്തേ തന്നെ ചേർക്കുന്ന പ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കയാണ് പലയിടത്തും പ്രവർത്തകർ. ഇത്തവണ നേതാക്കൾ നേരത്തേ തന്നെ വാർഷിക വരി ചേർന്ന് പ്രാസ്ഥാനിക കുടുംബം ഒറ്റക്കെട്ടായി നടത്തുന്ന ക്യാമ്പയിനിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്. നാടെങ്ങും വിവിധ തലങ്ങളിൽ പ്രമോഷൻ കൗൺസിൽ രൂപവത്കരണം പൂർത്തീകരിച്ചു.
സംസ്ഥാന സമിതി മുതൽ പഞ്ചായത്ത് തലങ്ങളെ ഉൾക്കൊള്ളുന്ന സർക്കിൾ ഘടകങ്ങളിലേക്കുവരെ ഊർന്നിറങ്ങിയ പ്രമോഷൻ കൗൺസിലുകളുടെ പ്രവർത്തനങ്ങൾക്ക് വെള്ളിയാഴ്ച യൂനിറ്റ് തലങ്ങളിലെ സ്‌ക്വാഡ് വർക്കിലൂടെ ആവേശത്തുടക്കമാകും. കഴിഞ്ഞ മാസം 26 മുതലാണ് സംസ്ഥാനത്തെ 14 ജില്ലകളിലേയും പ്രമോഷൻ കൗൺസിലുകളുടെ രൂപവത്കരണം ആരംഭിച്ചത്. തുടർന്ന് സോൺ , സർക്കിൾ പ്രമോഷൻ കൗൺസിലുകളും യൂനിറ്റുകളിൽ സിറാജ് ടീമും നിലവിൽ വന്നു. ഈ മാസം 23നാണ് സിറാജ് ഡേ.
20 ദിവസത്തെ അണിയറ പ്രവർത്തനങ്ങൾക്കു ശേഷമാണ് പ്രാദേശികമായി ക്യാമ്പയിനിന്റെ ഭാഗമായുള്ള ഫീൽഡ് പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നത്. നേതാക്കളും പ്രവർത്തകരും സിറാജ് കൂട്ടായ്മയിൽ ഒന്നിച്ച് കണ്ണികളാവുന്ന ആവേശക്കാഴ്ചക്കാവും 15 ദിവസം പ്രാസ്ഥാനിക കുടുംബം സാക്ഷിയാവുക. ക്യാമ്പയിൻ സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.
സമസ്തയുടെ പൂർവകാല നേതാക്കൾ സിറാജിനെ നെഞ്ചേറ്റി നടത്തിയ പ്രസംഗത്തിന്റെ ക്ലിപ്പുകളും ന്യൂസ് കട്ടിംഗുകളുമെല്ലാം സോഷ്യൽ മീഡിയയിൽ നിറയുകയാണ്. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വാർഷിക വരി ചേരുന്നതിന് ആകർഷകമായ സ്‌കീമുകളാണ് ക്യാമ്പയിൻ കാലയളവിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ഫീൽഡ് പ്രവർത്തനങ്ങൾ പൂർത്തിയാവുന്നതോടെ ഓൺലൈനായുള്ള അപ്‌ലോഡിംഗ് പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള നടപടികൾ തീർത്ത് ഒക്ടോബർ 15ന് ക്യാമ്പയിൻ സമാപിക്കും.
കോട്ടയം ജില്ലയിലും പ്രമോഷൻ കൗൺസിൽ നിലവിൽ വന്നു
കാഞ്ഞിരപ്പള്ളി | കോട്ടയം ജില്ലയിലെ സിറാജ് പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി ചേർന്ന സുന്നി സംഘടനകളുടെ യോഗം ജില്ലാ പ്രമോഷൻ കൗൺസിൽ രൂപവത്കരിച്ചു. ചെയർമാൻ: അലി മുസ്‌ലിയാർ കുമളി, കൺവീനർ: ലബീബ് സഖാഫി, കോ- ഓർഡിനേറ്റർ: നിസാർ തിരുവാതുക്കൽ, വൈസ് ചെയർമാൻ: റഫീഖ് അഹമ്മദ് സഖാഫി, കെ എം മുഹമ്മദ്, മുഹമ്മദ്കുട്ടി മിസ്ബാഹി, കൺവീനർമാർ: ഷാജഹാൻ സഖാഫി, അബ്ദുർറശീദ് മുസ്‌ലിയാർ, പി എസ് നൗഷാദ് ഹാജി, അംഗങ്ങൾ: പി ടി നാസർ ഹാജി, അബ്ദു ആലസംപാട്ട്, ആരിഫ് ഇൻസാഫ്, സിയാദ് അഹ്‌സനി, സുബൈർ നക്കം തുരുത്ത്, ശമീർ സി എം.