From the print
സിറാജ് ക്യാമ്പയിന്‍ മുന്നൊരുക്കം തുടങ്ങി
ഈ മാസം 15 മുതല്‍ ഒക്ടോബര്‍ 15 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനിന്റെ ആദ്യഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ ജില്ലകളില്‍ തുടക്കം കുറിച്ചു.
കോഴിക്കോട് | മലയാളക്കരയില്‍ അക്ഷരവെളിച്ചം സമ്മാനിച്ച് നാല് പതിറ്റാണ്ട് പിന്നിട്ട സിറാജിന്റെ ക്യാമ്പയിന്‍ -2024 മുന്നൊരുക്കം ആരംഭിച്ചു. ഈ മാസം 15 മുതല്‍ ഒക്ടോബര്‍ 15 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനിന്റെ ആദ്യഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ ജില്ലകളില്‍ തുടക്കം കുറിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ബുഖാരി ചെയര്‍മാനും അബ്ദുല്‍ മജീദ് കക്കാട് ജന. കണ്‍വീനറുമായി സിറാജ് ക്യാമ്പയിന്‍ സമിതി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചുവരുന്നു.
വിവിധ ജില്ലകളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് താഴെ പറയുന്നവര്‍ മേല്‍നോട്ടം വഹിക്കും. തിരുവനന്തപുരം (സി ടി ഹാഷിം തങ്ങള്‍), കൊല്ലം (അബ്ദുര്‍റഹ്മാന്‍ പടിക്കല്‍), ആലപ്പുഴ (എ സൈഫുദ്ദീന്‍ ഹാജി), എറണാകുളം (മുഹമ്മദ് പറവൂര്‍), തൃശൂര്‍ (മാളിയേക്കല്‍ സുലൈമാന്‍ സഖാഫി), പാലക്കാട് (ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി), മലപ്പുറം ഈസ്റ്റ് , മലപ്പുറം വെസ്റ്റ് (എന്‍ അലിഅബ്ദുല്ല), കോഴിക്കോട് (വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി), കണ്ണൂര്‍ (സി പി സൈതലവി ചെങ്ങര), വയനാട് (മജീദ് കക്കാട്), നീലഗിരി (ശറഫുദ്ദീന്‍ അഞ്ചാം പീടിക), കാസര്‍കോട് (മുസ്തഫ കോഡൂര്‍).
ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. എന്‍ അലി അബ്ദുല്ല പദ്ധതി വിശദീകരിച്ചു. വിപുലമായ മുന്നൊരുക്കങ്ങള്‍ക്ക് ശേഷമാണ് 14 ജില്ലകളിലും തമിഴ്‌നാട് ജില്ലയിലെ ഗുഡല്ലൂരിലും കോയമ്പത്തൂരിലും കര്‍ണാടകയിലെ മംഗളൂരുവിലും കുടകിലും ക്യാമ്പയിന്‍ ആരംഭിക്കുന്നത്. കേരള മുസ്‌ലിം ജമാഅത്തിന് കീഴില്‍ സംഘടനാ ഘടകങ്ങളുടെ സംയുക്ത ക്യാബിനറ്റാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഒക്ടോബര്‍ നാലിനാണ് ‘സിറാജ് ഡേ’. വായനാ ലക്ഷങ്ങളില്‍ ഞാനും പദ്ധതി പ്രകാരം പൗര പ്രമുഖരെയും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രധാനികളെയും വാര്‍ഷിക വരിക്കാരായി ചേര്‍ക്കും. ആകര്‍ഷകമായ ആറ് സ്‌കീമുകളിലൂടെയാണ് പുതിയ വരിക്കാരെ ചേര്‍ക്കുക.