Connect with us

Kerala

SIRAJLIVE BIG BREAKING | സഊദി വിസ സ്റ്റാംപിംഗിന് കോഴിക്കോട്ട് കേന്ദ്രം; ബുക്കിംഗ് ഉടൻ തുടങ്ങും

കേരളത്തിൽ ഒരിടത്ത് മാത്രമേ വിഎഫ്എസ് കേന്ദ്രം ഉള്ളൂ എന്നതിനാൽ ഇതിന്റെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി സിറാജ് ലൈവ് ഇന്നലെ പ്രത്യേക വാർത്താ പരമ്പര ആരംഭിച്ചിരുന്നു. കൊച്ചി വിഎഫ്എസ് കേന്ദ്രത്തിൽ വരുന്ന യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ തുറന്നുകാട്ടുന്ന പരമ്പരയുടെ രണ്ടാം പതിപ്പ് ഇന്ന് സിറാജ് ലൈവ് ചാനൽ സംപ്രേഷണം ചെയ്തിന് പിന്നാലെയാണ് വിഎഫ്എസ് കോഴിക്കോട് കേന്ദ്രം വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തത്.

Published

|

Last Updated

കോഴിക്കോട് | സഊദി വിസ സ്റ്റാംപിംഗ് ഇനി കോഴിക്കോട്ടും. സഊദി വിസ സ്റ്റാംപിംഗ് ഏജൻസിയായ വി എഫ് എസ് ഗ്ലോബലിന് കോഴിക്കോട്ട് കേന്ദ്രം നിലവിൽ വന്നു. വിസ സ്റ്റാംപിംഗിന് അപേക്ഷകൾ സമർപ്പിക്കുന്ന വെബ്സൈറ്റിലാണ് കൊച്ചിക്ക് പുറമെ കോഴിക്കോട്ട് കേന്ദ്രം കൂടി പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. കൊച്ചി വിഎഫ്എസ് കേന്ദ്രത്തിന് കീഴിലായാണ് കോഴിക്കോട് പുതിയ കേന്ദ്രം അനുവദിച്ചത്. ഈ കേന്ദ്രം വഴിയുള്ള സ്ളോട്ട് ബുക്കിംഗ് ഉടൻ തുടങ്ങും.

കേരളത്തിൽ ഒരിടത്ത് മാത്രമേ വിഎഫ്എസ് കേന്ദ്രം ഉള്ളൂ എന്നതിനാൽ ഇതിന്റെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി സിറാജ് ലൈവ് ഇന്നലെ പ്രത്യേക വാർത്താ പരമ്പര ആരംഭിച്ചിരുന്നു. കൊച്ചി വിഎഫ്എസ് കേന്ദ്രത്തിൽ വരുന്ന യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ തുറന്നുകാട്ടുന്ന പരമ്പരയുടെ രണ്ടാം പതിപ്പ് ഇന്ന് സിറാജ് ലൈവ് ചാനൽ സംപ്രേഷണം ചെയ്തിന് പിന്നാലെയാണ് വിഎഫ്എസ് കോഴിക്കോട് കേന്ദ്രം വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തത്.

സഊദി വിസകൾക്ക് അപേക്ഷിക്കുന്നതിനുള്ള vc.tasheer.com എന്ന വെബ്സൈറ്റിലാണ് കോഴിക്കോട്ട് കേന്ദ്രം കൂടി ഉൾപ്പെടുത്തിയത്. കോഴിക്കോട് കേന്ദ്രത്തിൽ നിന്നുള്ള ബുക്കിംഗ് സ്ളോട്ടുകൾ ഇപ്പോൾ കോൺഫിഗർ ചെയ്തിട്ടില്ല. അടുത്ത ദിവസം തന്നെ സ്ളോട്ടുകൾ ലഭ്യമാകും എന്നാണ് സൂചന. സഊദിയുടെ മുംബൈ മിഷന് കീഴിൽ കൊച്ചിയിലെ വി എഫ് എസ് കേന്ദ്രമായിരുന്നു ഇതുവരെ സഊദി വിസ സ്റ്റാംപിംഗിന് മലയാളികൾക്കുള്ള ഏക ആശ്രയം. പ്രതിദിനം നൂറുക്കണക്കിന് പേർ സഊദിയിലേക്ക് യാത്ര പുറപ്പെടുന്ന കേരളത്തിൽ ഇതു സൃഷ്ടിച്ച പ്രയാസം ചെറുതായിരുന്നില്ല.

സഊദി അറേബ്യയിലേക്കുള്ള ഫാമിലി, ബിസിനസ്സ്, സ്റ്റുഡന്റസ്, വിസിറ്റിംഗ് അടക്കമുള്ള വിവിധ വിസകളുടെ സ്റ്റാമ്പിംഗ് വി എഫ് എസ് കേന്ദ്രങ്ങള്‍ മുഖേനയാക്കിയത് മൂലമുള്ള പ്രയാസം നീക്കണമെന്നാവശ്യപ്പെട്ട് സഊദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ കത്തെഴുതിയിരുന്നു. ഇന്ത്യയിലെ സഊദി അംബാസിഡര്‍ മുഖേന അയച്ച കത്തില്‍ വിസാ സ്റ്റാമ്പിംഗില്‍ പ്രവാസി സൗഹൃദ ഇടപെടലുകള്‍ ഉണ്ടാകണമെന്നും വി എഫ് എസ് കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടിരുന്നു.

സൗദിയിലേക്കുള്ള തൊഴില്‍ വിസ സ്റ്റാമ്പിംഗിനു വിഎഫ്എസ് അഥവാ വിസ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ ബയോമെട്രിക് വിവരം നല്‍കണമെന്ന നിർദേശം വന്നതോടെയാണ് സഊദി യാത്ര ദുഷ്‌കരമായത്. ഇക്കഴിഞ്ഞ മെയ് ഒന്ന് മുതൽ ഫാമിലി, സന്ദര്‍ശന വിസകള്‍ വിഎഫ്എസ് വഴിയാക്കിയതിനു പിന്നാലെ തൊഴില്‍ വിസയിലും ഈ പരിഷ്‌കാരം നടപ്പാക്കാനുള്ള നിർദേശങ്ങൾ സഊദി നൽകിയിട്ടുണ്ട്..

സഊദിയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും വിസ ഫെസിലിറ്റേഷന്‍ കേന്ദ്രത്തില്‍ നേരിട്ട് ഹാജരായി വിരലടയാളം പതിക്കണം. എങ്കില്‍ മാത്രമേ വിസ നടപടിക്രമങ്ങള്‍ ആരംഭിക്കുകയുള്ളൂ. നേരത്തെ സഊദി വിമാനത്താവളത്തിൽ വെച്ചാണ് ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ചിരുന്നതെങ്കിൽ ഇപ്പോൾ അത് വിസക്ക് അപേക്ഷിക്കുന്ന ഘട്ടത്തിൽ തന്നെ ശേഖരിക്കുന്നുവെന്നതാണ് മാറ്റം. ക്രിമിനൽ പശ്ചാത്തലമുള്ളവർ രാജ്യത്ത് എത്തുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ സഊദി വിദേശകാര്യ മന്ത്രാലയം പുതിയ പരിഷ്കാരം നടപ്പാക്കിയത്.

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.