Kerala
സിസ തോമസ് ബാര്‍ട്ടണ്‍ ഹില്‍ ഗവ. എന്‍ജിനീയറിംഗ് കോളജ് പ്രിന്‍സിപ്പല്‍
സിസ തോമസിനെ തിരുവനന്തപുരത്ത് തന്നെ നിയമിക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധി വന്നതിന് പിന്നാലെയാണ് നിയമനം.
തിരുവനന്തപുരം | സാങ്കേതിക സര്‍വകലാശാലയുടെ (കെ ടി യു) വൈസ് ചാന്‍സലര്‍ ചുമതല വഹിക്കുന്ന ഡോ. സിസ തോമസിനെ ബാര്‍ട്ടണ്‍ ഹില്‍ ഗവ. എന്‍ജിനീയറിംഗ് കോളജ് പ്രിന്‍സിപ്പലായി സര്‍ക്കാര്‍ നിയമിച്ചു. സിസ തോമസിനെ തിരുവനന്തപുരത്ത് തന്നെ നിയമിക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധി വന്നതിന് പിന്നാലെയാണ് നിയമനം.
സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നെങ്കിലും പകരം നിയമനം നല്‍കിയിരുന്നില്ല. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തിരിക്കെയാണ് സിസയെ കെ ടി യു വിസിയായി താത്കാലികമായി നിയമിച്ചത്. ഗവര്‍ണറാണ് നിയമനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കം നിലനില്‍ക്കെ സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ചാണ് വി സിയുടെ അധികച്ചുമതല സിസ തോമസ് ഏറ്റെടുത്തത്.
തിരുവനന്തപുരത്തുള്ള സീനിയര്‍ പ്രൊഫസര്‍മാരില്‍ ഗവര്‍ണറുടെ നിര്‍ദേശമനുസരിച്ച് വി സി സ്ഥാനം ഏറ്റെടുക്കാന്‍ തയാറായ ആള്‍ എന്ന നിലയിലാണ് സിസ തോമസിനു ചുമതല നല്‍കിയത്. ഇതോടെ, യു ജി സി ചട്ടം ലംഘിച്ചു നിയമനം ലഭിച്ചതിനെ തുടര്‍ന്ന് വി സി സ്ഥാനത്തു നിന്നു സുപ്രീം കോടതി പുറത്താക്കിയ ഡോ. എം എസ് രാജശ്രീയെ സിസയുടെ സ്ഥാനത്ത് സീനിയര്‍ ജോയിന്റ് ഡയറക്ടറായി സര്‍ക്കാര്‍ നിയമിച്ചിരുന്നു.
സ്ഥാനമാറ്റം സിസയുടെ വി സി സ്ഥാനത്തെ ബാധിക്കില്ലെന്നും സിസക്ക് പുതിയ തസ്തിക പിന്നീട് നല്‍കുമെന്നുമായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. 31ന് വിരമിക്കാന്‍ ഇരിക്കെയാണു സ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ ലംഘിച്ച് സിസയെ മാറ്റിയത്. ഇതിനെതിരെ സിസ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഇതിലാണ് തലസ്ഥാനത്ത് തന്നെ നിയമിക്കണമെന്ന വിധി എത്തിയത്. പിന്നാലെയാണ് പുതിയ നിയമനം.