National
സിസോദിയ അഞ്ച് ദിവസത്തേക്ക് സി ബി ഐ കസ്റ്റഡിയിൽ
സിസോദിയ പണം കൈപ്പറ്റിയെന്ന് സി ബി ഐ. വല്ലതെളിവുമുണ്ടോ എന്ന് അഭിഭാഷകന്‍
ന്യൂഡല്‍ഹി | മദ്യനയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സി ബി ഐ കസ്റ്റഡിയിൽ വിട്ടു. ഡല്‍ഹി റോസ് അവന്യു കോടതി മാര്‍ച്ച് നാല് വരെയാണ് സിസോദിയയെ സി ബി ഐ കസ്റ്റഡിയില്‍ വിട്ടത്.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും അതിനായി കസറ്റഡിയില്‍ വേണമെന്നുമാണ് സി ബി ഐ വാദിച്ചത്. വന്‍ അഴിമതി നടന്ന കേസിലെ മുഖ്യപ്രതിയാണ് സിസോദിയ എന്നാണ് സി ബി ഐ വാദം.
മദ്യനയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സിസോദിയ പണം കൈപ്പറ്റിയെന്നും സി ബി ഐ കോടതിയില്‍ ആരോപിച്ചു. എന്നാല്‍, പണം കൈപ്പറ്റിയതിന് വല്ലതെളിവുമുണ്ടോ എന്ന് ഉപമുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ തിരിച്ചു ചോദിച്ചു.
തനിക്കെതിരെ വലിയ ഗൂഢാലോചന നടന്നതായി സിസോദിയ കോടതിയെ അറിയിച്ചു.
സിസോദിയയുടെ അറസ്റ്റിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധം ശക്തമായി തുടരുകയാണ്. 80 ശതമാനത്തോളം എ എ പി നേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തതായും അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്നും പാര്‍ട്ടിയുടെ മുതിര്‍ന്ന വാക്താവ് സൗരഭ് ഭരധ്വജ് പറഞ്ഞു.
അതോടൊപ്പം, സിസോദിയയുടെ അറസ്റ്റിനെ സി പി എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അപലപിച്ചു. എന്നാല്‍, കോണ്‍ഗ്രസ്സ് നേതൃത്വം സ്വാഗതം ചെയ്തിരിക്കുകയാണ്.
അറസ്റ്റില്‍ വ്യാപക പ്രതിഷേധവുമായി ആംആദ്മി പാര്‍ട്ടി. ഡല്‍ഹിയിലെ എഎപി ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പിന്നാലെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആംആദ്മി പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ 144 പ്രഖ്യാപിച്ചു.
അന്വേഷണത്തോട് സഹകരിക്കാതിരുന്ന സിസോദിയ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയില്ലെന്ന് ഇന്നലെ സിബിഐ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചിരുന്നു. സിസോദിയയെ അറസ്റ്റ് ചെയ്തത് ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണെന്ന് എഎപി വ്യക്തമാക്കി.