National
സിസോദിയയുടെ ജാമ്യാപേക്ഷ: വിധി 30ലേക്ക് മാറ്റി
കഴിഞ്ഞ വർഷം ഫെബ്രുവരി 26 മുതൽ സിസോദിയ കസ്റ്റഡിയിലാണ്
ന്യൂഡൽഹി | മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി. ഡൽഹി റോസ് അവന്യൂ കോടതി ജഡ്ജി കാവേരി ബവേജ അധ്യക്ഷയായ ബഞ്ചാണ് വിധി പറയാൻ മാറ്റിയത്. വിധി ഈ മാസം 30ന് പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചു. മദ്യനയവുമായി ബന്ധപ്പെട്ട് സി ബി ഐയും ഇ ഡിയും രജിസ്റ്റർ ചെയ്ത കേസുകളിലാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ഫെബ്രുവരി 26 മുതൽ സിസോദിയ കസ്റ്റഡിയിലാണ്. ചില മദ്യവിൽപ്പനക്കാർക്ക് നേട്ടമുണ്ടാക്കാൻ മദ്യനയത്തിൽ മാറ്റം വരുത്തിയെന്നും ഇതിന് പകരമായി പണം കൈപ്പറ്റിയെന്നുമാണ് കേസ്. കഴിഞ്ഞ വർഷം ഒക്ടോബർ 30ന് സിസോദിയക്ക് കോടതി ജാമ്യം നിഷേധിച്ചിരുന്നു. എന്നാൽ, വിചാരണ വൈകിയാൽ പുതിയ ജാമ്യാപേക്ഷ സമർപ്പിക്കാമെന്ന് ആ സമയത്ത് സുപ്രീം കോടതി പറഞ്ഞിരുന്നു.