sister abhaya murder case
സിസ്റ്റര്‍ അഭയ വധക്കേസ്: പ്രതികള്‍ക്ക് ജാമ്യം, ശിക്ഷ മരവിപ്പിച്ചു
സി ബി ഐയുടെ ഒത്തുകളിയാണ് ജാമ്യത്തിന് കാരണമെന്ന് അഭയ കേസിന്റെ നിയമവഴിയില്‍ ഏറെകാലം പോരാടിയ ജോമോന്‍ പുത്തന്‍പുരക്കല്‍ പറഞ്ഞു.
കൊച്ചി | സിസ്റ്റര്‍ അഭയ വധക്കേസില്‍ ഒന്നും മൂന്നും പ്രതികളായ സിസ്റ്റര്‍ സെഫിക്കും ഫാദര്‍ തോമസ് എം കോട്ടൂരിനും ഹൈക്കോടതി ജാമ്യം അനുവദിച്ചു. സി ബി ഐ കോടതിയുടെ ശിക്ഷാ വിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ശിക്ഷാവിധി നടപ്പാക്കുന്നത് കോടതി തടഞ്ഞിട്ടുമുണ്ട്.
കര്‍ശന ഉപാധികളോടെയാണ് ജാമ്യം. സംസ്ഥാനം വിട്ടുപോകരുത്, അഞ്ച് ലക്ഷം രൂപ കെട്ടിവെക്കണം തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അതേസമയം, സി ബി ഐ പ്രോസിക്യൂട്ടറുടെ ഒത്തുകളിയാണ് ജാമ്യത്തിന് കാരണമെന്ന് അഭയ കേസിന്റെ നിയമവഴിയില്‍ ഏറെകാലം പോരാടിയ ജോമോന്‍ പുത്തന്‍പുരക്കല്‍ പറഞ്ഞു.
ആന്ധ്രക്കാരനായ അഭിഭാഷകനാണ് സി ബി ഐക്ക് വേണ്ടി ഹാജരായതെന്നും മലയാളം അറിയാത്ത ഇയാള്‍ക്ക് വാദത്തിനിടെ ഒന്നും പറയാന്‍ സാധിച്ചില്ലെന്നും കേസിനെ കുറിച്ച് യാതൊന്നും പഠിക്കാതെയാണ് എത്തിയതെന്നും ജോമോന്‍ പറഞ്ഞു. കൃത്യമായ ഒത്തുകളിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. വിധിക്കെതിരെ സി ബി ഐ അപ്പീല്‍ പോകുമോയെന്നത് എല്ലാവരും ഉറ്റുനോക്കുന്നുണ്ട്. നീണ്ട വർഷങ്ങൾക്ക് ശേഷം തിരുവനന്തപുരം സി ബി ഐ കോടതി ഇരട്ട ജീവപര്യന്തം തടവാണ് ഇരുവർക്കും വിധിച്ചത്.