Kerala
സിസ്റ്റര്‍ സെഫിയെ കന്യകാത്വ പരിശോധനക്ക് വിധേയമാക്കിയത് ഭരണഘടനാ വിരുദ്ധം; നഷ്ടപരിഹാരം തേടാം: ഡല്‍ഹി ഹൈകോടതി
പൗരന്റെ സ്വകാര്യതയും അന്തസും ലംഘിക്കുന്നതാണ് നടപടിയെന്നും കോടതി പറഞ്ഞു
ന്യൂഡല്‍ഹി | സിസ്റ്റര്‍ അഭയ കൊലക്കേസ് പ്രതി സിസ്റ്റര്‍ സെഫിക്ക് നടത്തിയ കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധമെന്ന് ഡല്‍ഹി ഹൈക്കോടതി. പൗരന്റെ സ്വകാര്യതയും അന്തസും ലംഘിക്കുന്നതാണ് നടപടിയെന്നും കോടതി പറഞ്ഞു. .2009ല്‍ നടത്തിയ കന്യകാത്വ പരിശോധനക്കെതിരെ നല്‍കിയ ഹരജിയിലാണ് കോടതിയുടെ പരാമര്‍ശം. ഇരയാണോ പ്രതിയാണോ എന്നത് പരിശോധനയെ ന്യായീകരിക്കുന്നില്ല. കേസിന്റെ നടപടികള്‍ പൂര്‍ത്തിയായാല്‍ സെഫിക്ക് മനുഷ്യാവകാശ ലംഘനത്തിന് നഷ്ടപരിഹാരം തേടാമെന്നും കോടതി വ്യക്തമാക്കി.
കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റ് അന്തേവാസിയായിരുന്ന സിസ്റ്റര്‍ അഭയയെ 1992ല്‍ മഠത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലെ പ്രതിയാണ് സിസ്റ്റര്‍ സെഫി .ഫാ. കോട്ടൂരിനും സിസ്റ്റര്‍ സെഫിയും തമ്മിലുള്ള ബന്ധം മറച്ചുവെക്കാന്‍ അഭയയെ കൊലപ്പെടുത്തിയെന്നാണ് കേസ്.കേസില്‍ കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തവും ശിക്ഷയാണ് തിരുവനന്തപുരം സി ബി ഐ കോടതി 2020 ഡിസംബര്‍ 23ന് വിധിച്ചത്. വിധി ഹൈകോടതി മരവിപ്പിച്ചതോടെ ഇരുവരും ജയില്‍ മോചിതരാവുകയായിരുന്നു.