Story
സിതാമിന്റെ സ്വർഗം
നേരം പുലർന്നു, പുലർവേളയിലും മാനത്തിന്റെ നിറം കടും ചുവപ്പ് മാത്രമായി.ഹൃദയം നൊന്തു ആകാശം പോലും ചുവപ്പണിഞ്ഞതായിരിക്കണം.

ഭീതിയോടെ പിടഞ്ഞെഴുന്നേൽക്കുമ്പോൾ സമയം അർധരാത്രി പോലും പിന്നിട്ടിട്ടില്ലായിരുന്നു. ഞാൻ ചുറ്റിലും ചൂഴ്ന്നുനോക്കി. എന്റെ കുടുംബ സന്തതികൾ മുഴുവൻ പേരും ഉണ്ടോയെന്ന് ഉറപ്പുവരുത്തി, ഒരു പക്ഷേ, ഈ നോട്ടം പോലും അവരുമായിട്ടുള്ള അവസാന കൂടിച്ചേരലായെന്നു വരും, കൺപോളകൾ തുറക്കേണ്ട താമസം കൈകാലുകൾ അറ്റുപോയെന്ന് വരും, അല്ലെങ്കിൽ മരണം തന്നെ ഭവിച്ചെന്ന് വരും. ഫലസ്തീനിൽ ഇതൊക്കെയിന്ന് സർവസാധാരണമാണ്. ബെയ്ത് ലാഹിയയിൽ ഇന്നും പാതിരാത്രിയിൽ ഇരുൾ കനത്തില്ലായിരുന്നു, മിന്നൽപിണർ പോലെയുള്ള കനത്ത വെളിച്ചം, ഘോരമായ മുഴക്ക ശബ്ദങ്ങൾ മാത്രം പരക്കെ കേട്ടു, വിദൂരതയിൽ തീ ഗോളങ്ങൾ കൊണ്ട് എരിഞ്ഞമരുന്ന ടാർപോളിൻ ഷീറ്റിന്റെ ശബ്ദവും, അഗ്നിയിൽ വെന്തുമരിക്കുന്ന മനുഷ്യരുടെ നിലവിളികളെന്റെ ചെവി കൂട്ടി അടപ്പിച്ചു.
സഹോദരൻ ഇബ്നു ഖൽദൂന വിറകൊള്ളാത്ത ധൈര്യശാലിയായിരുന്നു. ഓരോ രാവും പകലും കഴിഞ്ഞു കടക്കുമ്പോ അവന്റെ വീര്യം ചോർന്നു കൊണ്ടിരുന്നു. മിസൈലിന്റെ ചെവിട് തുളക്കുന്ന ശബ്ദം കേട്ടു കഴിഞ്ഞാൽ അവൻ പുതപ്പിന്റെയുള്ളിലേക്ക് ചുരുണ്ടു കൂടും.
അവൻ ഇങ്ങനെയൊന്നുമല്ലായിരുന്നു, പൊട്ടിയ ഇടുങ്ങിയ തെരുവീഥികളിലൂടെ നടന്നു പോകുമ്പോൾ സൈന്യത്തിന്റെ മുമ്പിൽ പെടാതിരിക്കാൻ ഓരോരോ കുറുക്കു വഴികൾ പറഞ്ഞു തന്ന് മുന്നിൽ നയിച്ചത് അവനാണ്.
ഖൽദൂൻ ബെയ്ത് ലാഹിയയുടെ തെരുവോരങ്ങളിലൂടെ മേൽതട്ടം കൊണ്ട് മുഖംമറച്ചു നടന്നു നീങ്ങിയതാണ്. കണ്മുന്നിൽ നിന്ന് സൈന്യം വെടിയുതിർത്തു കളഞ്ഞു. ഖൽദൂനെ ഉന്നം വെച്ചു കൊണ്ടാണെന്നുറപ്പാണ്. പക്ഷെ മരണത്തിന്റെ കാലൊച്ചകൾ ചെന്നു പതിച്ചത് അരികത്ത് കൂടി ഓടിപ്പോയ ആ പിഞ്ചു ബാലനെയായിരുന്നു. തലയോട്ടി തുളച്ചു തീയുണ്ടകൾ കടന്നു പോയി, രക്തം ചിന്തി, ശാന്തമായി നിലവിളിക്കാതെ ആ കുട്ടി മരണമടഞ്ഞു. അപ്പോഴേക്കും സഹോദരന്റെ കണ്ണുകളിൽ ഇരുട്ട് കയറി, അബോധാവസ്ഥയിൽ നിന്നും പുറം കടക്കാൻ മണിക്കൂറുകൾ പിന്നിടേണ്ടി വന്നു.
രാവും പകലും മാറി മാറി വന്നു, ആ കുട്ടിയുടെ തിരോധാനം അവനിൽ ആഴ്ന്നിറങ്ങി കഴിഞ്ഞിരുന്നു. ഇടക്കിടെ ഭീതിയുടെ അലർച്ചകൾ അവനിൽ നുരകളായി പതഞ്ഞു പൊന്തി.
“എന്റെ കാരണം ആ പൊന്നുമോൻ മരിച്ചല്ലോ,
യാ ഇലാഹി… എന്നെയാണ് ആ കുട്ടിക്ക് പകരമായി വിളിച്ചതെങ്കിൽ ‘ ഖൽദൂൻ ഇടക്കിടെ പറഞ്ഞു വിതുമ്പി.
തെരുവീഥികളിൽ പണികഴിപ്പിച്ച അംബരചുംബികളിന്ന് നിലംപരിശയായിത്തീർന്ന പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങൾ മാത്രമാണ്. ചൂടിന്റെ തീക്ഷ്ണതയിൽ ദേഹം ചുട്ടുപൊള്ളാനത് കാരണമായി. തണലേറ്റ് ചാഞ്ഞു നിൽക്കാനൊരുയിടം കൺകോണുകളിൽ അദൃശ്യമായി. ആ സമയത്തുള്ള നടത്തമാകട്ടെ ദുസ്സഹനീയമാണ്. പൊടിക്കാറ്റുകൾ സദാനേരവും വന്ന് ദേഹത്തെ ഉലച്ചുകളയും. തിരികെ പലായനത്തിന്റെ മുറുമുറുപ്പ് തോന്നിപ്പിക്കുന്ന ടെന്റിലേക്ക് എത്തിപ്പെടുമ്പോഴേക്കും പൊടി പുരണ്ടു തൂ വെള്ള വസ്ത്രം ഇളം കാപ്പി നിറത്തിലേക്ക് താനെ പരിണമിച്ചിട്ടുണ്ടാകും.
അന്ന് അന്തിച്ചുകപ്പിൽ മേഘക്കീറുകൾ ചുവന്ന ശോഭയിൽ തെളിഞ്ഞു നിൽക്കുമ്പോൾ പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ ഇടുങ്ങിയ വശത്തിലൂടെ ഞാൻ നടന്നു. എന്റെ തിരക്കിട്ട നടത്തം ശ്മശാന ഭൂമിയിലേക്കായിരുന്നു. ഖൽദൂന് വേണ്ടി, അവന്റെ നിർബന്ധം വഴങ്ങിയിട്ടായിരുന്നു അവിടേക്കുള്ള യാത്ര തിരിച്ചത്. കണ്മുന്നിൽ മരിച്ചു വീണ ആ കുട്ടിയുടെ നനവുണങ്ങാത്ത ഖബറിന്റെ മുകളിൽ ഒരു ഈന്തപ്പന മട്ടിൽ കുഴിച്ചിടാനായിരുന്നു അവൻ നിർദേശിച്ചത്. വഴിമദ്ധ്യേയൊരു ജനക്കൂട്ടം എന്റെ ശ്രദ്ധയിൽ പെട്ടു.
“യാ അല്ലാഹ് ഖും
യാ അല്ലാഹ് ഖും’
എണീക്ക് മോനേയെന്ന്, നീട്ടി അലറി വിളിക്കുന്ന ഒരു ഉമ്മയായിരുന്നു അത്. ചുറ്റും നിൽക്കുന്ന മനുഷ്യർ നിസ്സംഗതയോടെ നോക്കി നിൽക്കുന്നു, അല്ലെങ്കിലും എന്ത് വിലാപ ഭാവമാണവർ പ്രകടിപ്പിക്കേണ്ടത്?
യാതനകൾ അവരുടെ രക്തകണങ്ങളിൽ അലിഞ്ഞു ചേർന്നിരിക്കുന്നു, ഒരൊറ്റ ആഗ്രഹം മാത്രമവർ പേറി നടക്കുന്നുണ്ടാകും.
“എത്രയും പെട്ടെന്നൊന്ന് മരിച്ചു കിട്ടണം, ഈ നരകജീവിതത്തിൽ നിന്ന് സുഖലോക സുബർഗത്തിലേക്ക് പറന്നുയരണം’ എന്ന് മാത്രം.നേരം ഇരുൾ മുറ്റിത്തുടങ്ങിയിരുന്നു. പൊട്ടിപ്പിളർന്ന പള്ളിയുടെ മിനാരത്തിന്റെ മുകളിൽ നിന്നും മുല്ല വാങ്ക് വിളിച്ചു. എന്റെ നടത്തത്തിന്റെ വേഗം കൂടി. ദൂരെ നിന്ന് ശ്മശാനത്തിന്റെ പഴകിയ ഇരുമ്പ് വേലിയിൽ തീർത്ത കവാടം കണ്ടു, ഇന്നലെ സൈന്യത്തിന്റെ കൂട്ടക്കുരുതി ഈ ശ്മശാനം ലക്ഷ്യം വെച്ചു കൊണ്ടായിരുന്നു. പല ഖബ്റുകളിൽ നിന്നും വെള്ള കഫം പുടവയിൽ പൊതിഞ്ഞ മൃതശരീരം ചിന്നിച്ചിതറി പുറത്തേക്ക് പതിച്ചു. ഒന്നോ രണ്ടോ ദിവസം മാത്രം പഴക്കം ചെന്ന ഖബ്റുകളായിരുന്നു അവയെല്ലാം.
“മരിച്ചിട്ടും മരിക്കാതെ പോയവർ, അതുകൊണ്ടായിരിക്കണം ശ്വാസം നിലച്ചു പോയിട്ടും അവരുടെ മേൽ ബോംബുകൾ താണു പതിച്ചത്. തുണ്ടം തുണ്ടമായി പിന്നീടൊരിക്കലും തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ ദേഹത്തെ പെറുക്കിക്കൂട്ടണം. മരണം ഇവരുടെ ഭാഷയിൽ ഇങ്ങനെയാണ്. വേർപ്പെട്ടു കഷ്ണങ്ങളായി ചിതറിയ ശരീങ്ങളെ ഒരു കിറ്റിലാക്കി, വീതം വെച്ചിട്ടായിരുന്നു പിന്നീട് മറവ് ചെയ്തത്.
ആകാശം അവരുടെ രക്തം കൊണ്ട് ചായം പൂശിയതാണെനിക്കു തോന്നി. നിണം ചിന്തിയ മണം അവിടെ ഒഴുകി നടന്നു. ഗേറ്റും കടന്നുള്ള ഓരോ കാൽവെപ്പിലും എവിടെ നിന്നോ തേങ്ങിയുള്ള ഏങ്ങലുകൾ അടുത്തായി കേട്ടുകൊണ്ടിരുന്നു. അടുക്കുംതോറും കരച്ചിലിന്റെ തീവ്രത കൂടിക്കൊണ്ടിരുന്നു.
തിനഞ്ച് വയസ്സ് തോന്നിപ്പിക്കുന്ന കൗമാരക്കാരൻ ഖബറിനെ കെട്ടിപ്പിടിച്ചു കിടക്കുന്നു, അവന്റെ വസ്ത്രം മുഷിഞ്ഞിരുന്നു.”മോനെ, എന്താണ് നിന്റെ പേര്, എന്താണിവിടെ ആരോരുമില്ലാതെ ഈ രാത്രിയിൽ കിടക്കുന്നത്,’
അവൻ കേട്ട ഭാവം നടിച്ചില്ല, വിതുമ്പിക്കൊണ്ടുള്ള അവന്റെ കരച്ചിലെന്നെ മുറിപ്പെടുത്താൻ തുടങ്ങി, ഞാനൊന്നുറക്കെ അവനെ വിളിച്ചു.
അവൻ പതുക്കെ തലയുയർത്തി നോക്കി, അവന്റെ കണ്ണുകൾ കലങ്ങി ചുവന്നിരിക്കുന്നു, ഇടതടവില്ലാതെ ചാലിട്ടൊഴുകിയ കണ്ണുനീരിന്റ പാടുകളിൽ പൊടി മണ്ണുകൾ കയറിക്കൂടിയിരിക്കുന്നു.
“മോൻ എന്തിനാണ് കരയുന്നെ, നിന്റെ പേരെന്താണ്, എവിടെയാണ് നിന്റെ വീട്’ ഞാൻ വീണ്ടും ചോദ്യമാവർത്തിച്ചു.
“എന്റെ പേര് സിതാം, ബൈത് ലാഹിയയിലാണെന്റെ വീട്, എനിക്ക് ആരുമില്ലയിനി, എന്റെ ഉമ്മയെയുമിവർ കൊന്ന് കളഞ്ഞിരിക്കുന്നു, എന്റെ വീടും നഗരവും ഈ ശ്മശാന ഭൂമിമാത്രമാണ്.
“സിതാം എന്തേലും കഴിച്ചിരുന്നുവോ,?
ഇല്ല, വിശപ്പ് എന്നെ തളർത്താറില്ല, എന്റെ വിലാപങ്ങൾ തുടർക്കഥകളെ പോലെയാണ്. അറ്റമില്ലാതെ, ഒരു അന്ത്യവുമില്ലാതെ തുടർന്ന് കൊണ്ടിരിക്കും. രാവിലെ ഞാൻ ഉമ്മയോട് സലാം പറഞ്ഞിറങ്ങും. ആളുകൾക്കിടയിൽ ചെന്ന് പിച്ച തെണ്ടും. അലങ്കോലമായ മുടിയും വസ്ത്രവും കാണുമ്പോൾ എന്റെ നിസ്സഹായതയെ ഓർത്തു ഒന്നോ രണ്ടോ ശക്‌ലുകൾ അവർ തന്നുവെന്നു വരും. അതുകൊണ്ട് ഞാൻ പശിയടക്കും. വൈകുന്നേരമായാൽ എന്റെ ഈ വീട്ടിലേക്ക് കടന്ന് ചെല്ലും. ഉമ്മയോട് എന്റെ വേവലാതികൾ പറയും.അവനിനിയും പറയാനുണ്ടായിരുന്നു.
തൊണ്ടയിടറി വാക്കുകൾ മുഴുവിപ്പിക്കാതെ അവൻ എന്നിലേക്ക് കുറച്ചു നേരം നോക്കി നിന്നു.
എന്റെ ഹൃദയം വേദന കൊണ്ട് നീറി, കണ്ണുകൾ ഈറനണിഞ്ഞു.
“മോൻ എന്റെ കൂടെ വരൂ, “ഞാൻ പറഞ്ഞു.ഇല്ല, എന്റെ ഉമ്മയുണ്ടെനിക്ക് കൂടെ.
എനിക്കീ മണ്ണിനെ ഇറുക്കിപ്പിടിച്ചു കിടക്കണം. ആ പിടിത്തത്തിൽ ഉമ്മ എന്നെയും കെട്ടിപ്പിടിക്കുകയാണെന്ന് ഞാൻ സങ്കൽപ്പിക്കും, മതി എനിക്കിത് മതി.
എന്റെ തൊണ്ട മറുപടിയില്ലാതെ വാക്കുകളില്ലാതെ വിങ്ങി. തണുപ്പ് കോരുന്ന ഈ രാത്രിയിൽ അവനൊരു ഭയപ്പാടുമില്ലാതെ രാവുറങ്ങുന്നു. അവന്റെ ധൈര്യം മറവെട്ട് കിടക്കുന്ന ഉമ്മയാണ്. രാവുകളിൽ, ഇരുൾ മുറ്റിയ നിശയുടെ യാമങ്ങളിൽ വ്യസനങ്ങൾ പറഞ്ഞു തീർക്കാൻ, പെരുത്ത് കയറിയ വേദനകളിൽ ഹൃദയം നൊന്തു അവനെ ചുറ്റിപ്പിടിക്കാൻ, തലയിൽ മെല്ലെ തലോടാൻ ഉമ്മയുണ്ടെങ്കിൽ ആ സ്നേഹത്തിന്റെ മറവിൽ എങ്ങനെയാണ് ഭയത്തിന്റെ ചുരുളുകൾ കയറിക്കൂടുന്നത്?.
ഞാൻ തിരികെ നടന്നു, വന്ന ഉദ്ദേശ്യം ഞാൻ മറന്ന് പോയിരുന്നു. ഖൽദൂന്റെ മുന്നിൽ ജീവൻ ബലിയർപ്പിച്ച ആ കുട്ടിയുടെ ഖബറെന്റെ മുന്നിൽ തെളിഞ്ഞില്ല. സിതാം ഉമ്മയെ പുണർന്നു കൊണ്ടുള്ള വർത്തമാനങ്ങളെ കേട്ട് ഞാൻ ചുവട് വെച്ചു, അവന്റെ വേദനകളെന്നിൽ ഒന്നിറക്കാൻ പോലും പറ്റാത്ത കൈപ്പുനീരായി തങ്ങി നിന്നു.
നേരം പുലർന്നു, പുലർവേളയിലും മാനത്തിന്റെ നിറം കടും ചുവപ്പ് മാത്രമായി.ഹൃദയം നൊന്തു ആകാശം പോലും ചുവപ്പണിഞ്ഞതായിരിക്കണം. സിതാമിനെ കാണാനായി ഞാൻ വൈകുന്നേരം വരെ കാത്തുനിന്നു. ഇരുളിന്റെ വേലിയേറ്റത്തിൽ അന്തിച്ചുകപ്പ് കലർന്ന മേഘത്തെ നോക്കി ഞാൻ നടന്നു. ആ ശ്മശാന ഭൂമി എനിക്കായി കാത്തുവെച്ചത് മറ്റൊന്നായിരുന്നു.ഒരു കൂട്ടം ആളുകൾ എന്റെ മുന്നിലൂടെ കടന്നുപോയി. അവരുടെ മുഖങ്ങളിൽ വിശാദത്തിന്റെ നിഴൽ പതിഞ്ഞു കിടക്കുന്നത് കണ്ടു. എന്നിൽ ആശങ്കകൾ പടർന്നു. അവൻ കിടന്ന് കരഞ്ഞ മണ്ണിനു മീതെ ഒരു പുതിയ ഖബർ രൂപം കൊണ്ടിരിക്കുന്നു. ആധി കയറി വിറങ്ങലിച്ചു നിൽക്കുന്ന എന്നെ നോക്കി മുല്ല പറഞ്ഞു.
“ഇന്നത്തെയെന്റെ ആദ്യ കാഴ്ച ചലനമറ്റു കിടക്കുന്ന ആ പൊന്നുമോനായിരുന്നു. മരിച്ചിട്ടും ആ മണ്ണിനെ ചുറ്റിപ്പിടിച്ച അവന്റെ കൈവലയത്തിനൊരു ചെറു അയവ് പോലും വന്നിട്ടില്ലായിരുന്നു. സ്നേഹത്തിന്റെ ആധിക്യം, അവനെയും ദൈവം തിരിച്ചു വിളിച്ചിരിക്കുന്നു’.
ജീവച്ഛവം പോലെ ഞാനതെല്ലാം കേട്ടു നിന്നു. ഒരക്ഷരം ഉരുവിടാതെ സിതാമിന്റെ മേൽ മണ്ണ് പുതച്ച ഖബറിലേക്ക് ഞാൻ ഏറെ നേരം നോക്കി നിന്നു. ഈ ലോകത്ത് ഏറ്റവും ഭാഗ്യമുള്ളവൻ അവനായിരിക്കണം. ആരുമില്ലാതെ, ഏകാകിയായി നിന്ന സിതാമിന് ഈ നിമിഷം മുതൽ ഒരുപാട് പേര് കൂട്ടിനുണ്ട്. ആ ലോകത്തിലേക്കവൻ മടങ്ങുമ്പോൾ ഊറിച്ചിരിച്ചു കാണണം. അവനെ വരവേൽക്കാൻ വാനലോകത്ത് നിന്ന് ഉറ്റവർ നിരനിരയായി വന്നു കാണും. ഓ… സിതാം നീയെന്ത് ഭാഗ്യവാനാണ്.
മൂകനായി അവനോട് സലാം പറഞ്ഞു ഞാനിറങ്ങി. ചന്ദ്രൻ നിലാവ് പൊഴിക്കുന്നുണ്ടായിരുന്നു. കുളിരു കോരുന്ന ഇളം കാറ്റെന്നെ വലയം ചെയ്തു. ആ കാറ്റിനൊരു ഗന്ധമുണ്ടായിരുന്നു, സ്വർഗം വരിച്ച ഒരു കൂട്ടം മനുഷ്യരുടെ സുഗന്ധമായിരുന്നു ആ ഇളം കാറ്റിന്.