Connect with us

First Gear

എല്ലാ കാറുകള്‍ക്കും ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കും: കേന്ദ്രമന്ത്രി

കാറുകളില്‍ പ്രവര്‍ത്തനക്ഷമമായ എയര്‍ബാഗുകള്‍ ഉണ്ടായിരുന്നെങ്കില്‍ 2020ല്‍ രാജ്യത്ത് 13,022 പേരുടെ ജീവന്‍ രക്ഷിക്കാമായിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്തെ ചെറുകാറുകള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങള്‍ക്കും ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ബുധനാഴ്ച പാര്‍ലമെന്റിലാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. ഒക്ടോബര്‍ ഒന്നിന് ശേഷം നിര്‍മ്മിക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും നിയമം നിര്‍ബന്ധമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാറുകളില്‍ പ്രവര്‍ത്തനക്ഷമമായ എയര്‍ബാഗുകള്‍ ഉണ്ടായിരുന്നെങ്കില്‍ 2020ല്‍ രാജ്യത്ത് 13,022 പേരുടെ ജീവന്‍ രക്ഷിക്കാമായിരുന്നു എന്ന് ഗഡ്കരി പറഞ്ഞു. 2022 ജനുവരിയില്‍ എട്ട് യാത്രക്കാരുള്ള വാഹനങ്ങളില്‍ ആറ് എയര്‍ബാഗുകള്‍ക്കുള്ള കരട് വിജ്ഞാപനത്തിന് മന്ത്രാലയം അംഗീകാരം നല്‍കിയിരുന്നു. ഒക്ടോബര്‍ ഒന്നിന് ശേഷം നിര്‍മിക്കുന്ന എം1 കാറ്റഗറിയില്‍പ്പെട്ട എട്ട് യാത്രക്കാര്‍ക്ക് ഇരിക്കാവുന്നതും 3.5 ടണ്ണില്‍ താഴെ ഭാരവുമുള്ള വാഹനങ്ങളില്‍ രണ്ട് മുന്‍വശത്തെ എയര്‍ബാഗുകളും രണ്ട് കര്‍ട്ടന്‍ എയര്‍ബാഗുകളും ഘടിപ്പിക്കണമെന്ന് കരട് വിജ്ഞാപനത്തില്‍ പറയുന്നു. ഡ്രൈവര്‍ സീറ്റിന് പുറമെ എട്ട് സീറ്റില്‍ കൂടാത്ത, യാത്രക്കാരുടെ വണ്ടിക്ക് ഉപയോഗിക്കുന്ന മോട്ടോര്‍ വാഹനം എന്നാണ് എം1 കാറ്റഗറിയുടെ നിര്‍വചനം.

2019-ലാണ് നാലുചക്ര വാഹനങ്ങളിലെ ഡ്രൈവര്‍ക്ക് എയര്‍ബാഗ് നിര്‍ബന്ധമാക്കുന്നത്. പീന്നിട് ഡ്രൈവറുടെ അരികിലുള്ള സീറ്റിനും എയര്‍ബാഗ് നിര്‍ബന്ധമാക്കുകയായിരുന്നു. എട്ട് യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന വാഹനങ്ങളില്‍ ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കണമെന്ന് കേന്ദ്രത്തിന്റെ പുതിയ കരട് വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. 20 ലക്ഷം രൂപയ്ക്ക് താഴെയുള്ള വാഹനങ്ങള്‍ക്ക് അടിസ്ഥാന വേരിയന്റില്‍ നിന്ന് സാധാരണയായി രണ്ടില്‍ കൂടുതല്‍ എയര്‍ബാഗുകള്‍ ഇല്ല. ഇത് വാഹന നിര്‍മ്മാതാക്കളുടെ നിര്‍മ്മാണച്ചെലവ് വര്‍ധിപ്പിക്കുമെന്നാണ് കമ്പനികള്‍ പറയുന്നത്. ഒടുവില്‍ വാഹനത്തിന് വില വര്‍ധിച്ച് ഉപഭോക്താക്കളെ അത് ബാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.