Uae
സ്‌കൂളുകളിൽ ആറ് അംഗീകൃത ആഘോഷം; വിദ്യാഭ്യാസ മന്ത്രാലയം ലിസ്റ്റ് പുറത്തിറക്കി
രാജ്യത്ത് പിന്തുടരുന്ന വിദ്യാഭ്യാസ സാംസ്‌കാരിക ചട്ടക്കൂടുകൾക്ക് അകത്ത് നിന്ന് സ്‌കൂളുകൾക്ക് ഈ അവസരങ്ങൾക്ക് അനുയോജ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാമെന്ന് മന്ത്രാലയം വിശദീകരിച്ചു.
ദുബൈ | വിദ്യാർഥികളുടെയും വിദ്യാഭ്യാസ ജീവനക്കാരുടെയും പങ്കാളിത്തത്തോടെ സ്‌കൂളുകളിൽ സംഘടിപ്പിക്കാൻ അനുവാദമുള്ള പരിപാടികളുടെ ലിസ്റ്റ് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. മന്ത്രാലയത്തിന്റെ വിദ്യാഭ്യാസ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന നിർദിഷ്ട ഇവന്റുകൾ എങ്ങനെ ആഘോഷിക്കാമെന്ന് വിശദീകരിക്കുന്ന ഗൈഡും പുറത്തിറക്കിയിട്ടുണ്ട്.
യൂണിയൻ ദിനം, വിജ്ഞാന ദിനം, രക്തസാക്ഷി ദിനം, സായിദ് മാനുഷിക പ്രവൃത്തി ദിനം, പ്രവാചക ജന്മദിനം, യൂണിയൻ ഉടമ്പടി ദിനം എന്നിവയാണ് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പട്ടിക പ്രകാരം സ്‌കൂളുകളിൽ സംഘടിപ്പിക്കാവുന്നത്. വിശുദ്ധ റമസാൻ, ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ തുടങ്ങിയ പ്രധാന മതപരമായ അവസരങ്ങളെ ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യവും സർക്കുലറിൽ ഊന്നിപ്പറയുന്നു.
രാജ്യത്ത് പിന്തുടരുന്ന വിദ്യാഭ്യാസ സാംസ്‌കാരിക ചട്ടക്കൂടുകൾക്ക് അകത്ത് നിന്ന് സ്‌കൂളുകൾക്ക് ഈ അവസരങ്ങൾക്ക് അനുയോജ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാമെന്ന് മന്ത്രാലയം വിശദീകരിച്ചു. യു എ ഇയിലെ ഇസ്്ലാമിക, സാമൂഹിക പാരമ്പര്യങ്ങളും മൂല്യങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകത മന്ത്രാലയം ചൂണ്ടിക്കാട്ടി. അംഗീകൃത ലിസ്റ്റിൽ ഉൾപ്പെടാത്ത ആഘോഷങ്ങളോ പരിപാടികളോ സംഘടിപ്പിക്കാൻ ഏതെങ്കിലും സ്‌കൂൾ ആഗ്രഹിക്കുന്നുവെങ്കിൽ, മുൻകൂർ അനുമതി ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കണമെന്നും യോഗ്യതയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇ-മെയിൽ വഴി അപേക്ഷകൾ സമർപ്പിക്കാമെന്നും മന്ത്രാലയം സർക്കുലറിൽ വ്യക്തമാക്കി.
മിഅറാജ് ദിനം, ഹഖ് ലൈല, ഇന്റർനാഷണൽ ടീച്ചേഴ്സ് ഡേ, ഇന്റർനാഷണൽ യൂത്ത് സ്‌കിൽസ് ഡേ, യു എ ഇ ഇന്നൊവേഷൻ മാസം, വായന മാസം, ഇമാറാത്തി ശിശുദിനം, ഇമാറാത്തി വനിതാ ദിനം, അന്താരാഷ്ട്ര സഹിഷ്ണുത ദിനം, മാതൃദിനം, സന്തോഷ ദിനം, ലോക പരിസ്ഥിതി ദിനം, ഭൗമ മണിക്കൂർ തുടങ്ങിയ പരിപാടികൾ യു എ ഇ നിയമങ്ങൾ പാലിക്കുന്നത് ഉറപ്പാക്കിക്കൊണ്ട് ഓരോ സ്‌കൂളിനും അനുയോജ്യമായ രീതിയിൽ ആഘോഷിക്കാൻ സൗകര്യമുണ്ട്.