National
ഹരിയാനയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ആറ് കുട്ടികള്‍ മരിച്ച സംഭവം ; പെരുന്നാള്‍ അവധി ദിവസം പ്രവര്‍ത്തിച്ചതിന് വിശദീകരണം ആവശ്യപ്പെട്ട് സ്‌കൂളിന് നോട്ടീസ്
സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി | ഹരിയാനയിലെ നര്‍നോളില്‍ സ്‌കൂള്‍ ബസ് തലകീഴായി മറിഞ്ഞ് ആറ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ സ്‌കൂളിന് കാരണം കാണിക്കല്‍ നോട്ടീസ്.
അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ച ശേഷം ഹരിയാന വിദ്യാഭ്യാസ മന്ത്രി സീമ തൃകയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പെരുന്നാള്‍ അവധി ദിനത്തില്‍ സ്‌കൂള്‍ പ്രവര്‍ത്തിച്ചതിന് കാരണം തേടിയാണ് ജിഎല്‍ പബ്ലിക് സ്‌കൂളിന് നോട്ടീസയച്ചത്.
സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഗസറ്റഡ് അവധി ദിനത്തില്‍ സ്‌കൂള്‍ പ്രവര്‍ത്തിച്ചതിനാല്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചതായി ഡെപ്യൂട്ടി കമ്മീഷണര്‍ മോനിക ഗുപ്ത പറഞ്ഞു.
വ്യാഴാഴ്ച രാവിലെയാണ് ഹരിയാനയിലെ നര്‍നോളില്‍ അപകടം ഉണ്ടായത്. അപകടത്തില്‍ ആറ് കുട്ടികള്‍ മരിക്കുകയും 20 ഓളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ജിഎല്‍ പബ്ലിക് സ്‌കൂളിന്റെ സ്‌കൂള്‍ ബസ് ആണ് നര്‍നോളിലെ കനിനയിലെ ഉന്‍ഹനി ഗ്രാമത്തില്‍വെച്ച് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചശേഷം തലകീഴായി മറിഞ്ഞത്.
അപകടകാരണം അന്വേഷിച്ചുവരികയാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും പോലീസ് പറഞ്ഞിരുന്നു.
2018ല്‍ സ്‌കൂള്‍ ബസിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞതാണെന്ന് പരിശോധനയില്‍ കണ്ടെത്തിയതായും അധികൃതര്‍ വ്യക്തമാക്കി.