National
ഗവര്‍ണര്‍ അയോഗ്യരാക്കിയ ആറ് കോണ്‍ഗ്രസ് വിമത എം എല്‍ എ മാര്‍ ഹിമാചല്‍ പ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥികളാകും
മാര്‍ച്ച് 23 നാണ് ആറ് മുന്‍ എം എല്‍ എമാരും ബിജെപിയില്‍ ചേര്‍ന്നത്.
ഷിംല | ഹിമാചല്‍ പ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ ഗവര്‍ണര്‍ അയോഗ്യരാക്കിയ ആറ് കോണ്‍ഗ്രസ് എം എല്‍ എ മാര്‍ ബി ജെ പി സ്ഥാനാര്‍ഥികളാകും. ചൊവ്വാഴ്ചയാണ് ബിജെപി ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. മാര്‍ച്ച് 23 നാണ് ആറ് മുന്‍ എം എല്‍ എമാരും ബിജെപിയില്‍ ചേര്‍ന്നത്.
ദരംശാലയില്‍ സുധീര്‍ ശര്‍മ, ലാഹൗളിലും സ്പിറ്റിയിലും രവി താക്കൂര്‍, സുജന്‍പൂരില്‍ രജീന്ദര്‍ റാണ, ബാര്‍സാറില്‍ ഇന്ദര്‍ ദത്ത് ലഖന്‍പാല്‍, ഗാഗ്രേത്തില്‍ ചൈതന്യ ശര്‍മ, കുത്‌ലേഹറില്‍ ദേവീന്ദര്‍ കുമാര്‍ ഭൂട്ടോ എന്നിവരാണ് ബിജെപി സ്ഥാനാര്‍ഥികളായി മത്സരിക്കുന്നത്.
ബിജെപിയുടെ കുതിരക്കച്ചവടം തെളിയിക്കപ്പെട്ടെന്നും സംസ്ഥാനത്തെ ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്നും ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദര്‍ സുഖു സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ചു.
നിയമസഭയില്‍ ധനകാര്യ ബില്ലിലും സര്‍ക്കാരിനെതിരെ ഇവര്‍ നിലപാട് സ്വീകരിച്ചിരുന്നു. സര്‍ക്കാറിന് അനുകൂലമായി വോട്ട് ചെയ്യാനുള്ള വിപ്പ് ലംഘിച്ചതോടെയാണ് ഇവരെ സ്പീക്കര്‍ അയോഗ്യരാക്കിയത്.
ഫെബ്രുവരി 27 ന് നടന്ന രാജ്യസഭ തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിന്റെ ആറ് എം എല്‍ എ മാരും മൂന്ന് സ്വതന്ത്രരും ബിജെപിയുടെ ഹര്‍ഷ് മഹ്ജാന് ക്രോസ് വോട്ട് ചെയ്തത്.
ആറ് എം എല്‍ എ മാര്‍ അയോഗ്യരാക്കപ്പെട്ടതിനെ തുടര്‍ന്ന് ജൂണ്‍ ഒന്നിനാണ് ഹിമാചല്‍ പ്രദേശിലെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. സംസ്ഥാനത്തെ നാല് സീറ്റുകളിലേക്കുള്ള ലോക്‌സഭ തിരഞ്ഞെടുപ്പും ജൂണ്‍ ഒന്നിന് നടക്കും. ആറുപേര്‍ അയോഗ്യരായതോടെ, നിയമസഭയിലെ അംഗബലം 68ല്‍ നിന്ന് 62 ആയി കുറഞ്ഞു.