National
ഹിമാചലിൽ ബിജെപിക്ക് ക്രോസ് വോട്ട് ചെയ്ത ആറ് കോൺഗ്രസ് എംഎൽഎമാരെ അയോഗ്യരാക്കി; സുഖ്‌വീന്ദർ സർക്കാറിന് ആശ്വാസം
കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് സ്പീക്കറുെട നടപടി
ന്യൂഡൽഹി | ഹിമാചൽ പ്രദേശിൽ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി ക്രോസ് വോട്ട് ചെയ്ത ആറ് കോൺഗ്രസ് എംഎൽഎമാരെ നിയമസഭാ സ്പീക്കർ കുൽദീപ് സിംഗ് പതാനിയ അയോഗ്യരാക്കി. ഇതിനു പിന്നാലെ ഇവരുടെ നിയമസഭാ അംഗത്വവും റദ്ദാക്കി. പാർട്ടി വിപ്പ് ലംഘിച്ചതിനെ തുടർന്നാണ് നടപടി. സുധീർ ശർമ, രാജേന്ദ്ര റാണ, ദേവേന്ദ്ര ഭൂട്ടോ, ഇന്ദർ ലഖൻ പാൽ, രവി താക്കൂർ, ചൈതന്യ ശർമ എന്നിവർക്കാണ് നിയമസഭാ അംഗത്വം നഷ്ടമായത്. കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് സ്പീക്കറുെട നടപടി. ഇതോടെ ഹരിയാന നിയമസഭയിൽ എംഎൽഎമാരെ ചാക്കിട്ടുപിടിച്ച് ഭരണം അട്ടിമറിക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങൾ പാളി.
ഇന്നലെ സഭയിൽ ധനകാര്യ ബില്ലിൽ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യാൻ പാർട്ടി എംഎൽഎമാർക്ക് വിപ്പ് നൽകിയിരുന്നു. എന്നാൽ ഈ ആറ് എംഎൽഎമാർ പാർട്ടി വിപ്പ് ലംഘിച്ചു. ഇതാണ് നടപടിയിലേക്ക് നയിച്ചത്.
രാജ്യസഭയിലെ ഏക സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ആറ് കോൺഗ്രസ് എംഎൽഎമാരും മൂന്ന് സ്വതന്ത്ര എംഎൽമാരുമാരും ബിജെപി സ്ഥാനാർഥി ഹർഷ് മഹാജന് ക്രോസ് വോട്ട് ചെയ്തത്. ഇതേ തുടർന്ന് ഹിമാചൽപ്രദേശിലെ രാഷ്ട്രീയ അന്തരീക്ഷം മാറിയിരുന്നു. സാഹചര്യം മുതലെടുത്ത്, മുഖ്യമന്ത്രി സുഖ്‌വീന്ദർ സുഖുവിനെതിരെ അവിശ്വസ പ്രമേയം കൊണ്ടുവന്ന് ഭരണം അട്ടിമറിക്കാനായിരുന്നു ബിജെപി പദ്ധതി. എന്നാൽ എംഎൽഎമാർ അയോഗ്യരായതോടെ ഇത് പാളി.
68 അംഗ നിയമസഭയിൽ കോൺഗ്രസ് 40, ബിജെപി 25, സ്വതന്ത്രർ മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. സ്വതന്ത്രർ ഉൾപ്പെടെ കോൺഗ്രസിന് 43 പേരുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. എന്നാൽ അംഗങ്ങൾ കൂറുമാറിയതോടെ ബിജെപിക്ക് കോൺഗ്രസിലെ ആറ് അംഗങ്ങളുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണ ലഭിക്കുന്ന സാഹചര്യം ഉയർന്നു. ഇതോടെ ബിജെപിയുടെ കക്ഷിനില 34ലേക്ക് ഉയരുകയും കോൺഗ്രസിന്റെ കക്ഷിനില 34ലേക്ക് താഴുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. ഈ സാഹചര്യത്തിൽ കുതിരക്കച്ചവടത്തിലൂടെ ഭരണം അട്ടിമറിക്കാനാണ് ബിജെപി പദ്ധതിയിട്ടിരുന്നത്.
എന്നാൽ ആറ് എംഎൽമാർ അയോഗ്യരാക്കപ്പെട്ടതോടെ സ്ഥിതി കോൺഗ്രസിന് അനുകൂലമായി. ഇതോടെ നിമയസഭയിലെ അംഗങ്ങളുടെ എണ്ണം 62 ആയി ചുരുങ്ങി. 62 അംഗ സഭയിൽ 34 അംഗങ്ങളുടെ പിന്തുണയുള്ള കോൺഗ്രസിന് തത്കാലം ഭീഷണി ഇല്ല.