International
ടിബറ്റില്‍ ഒരു മണിക്കൂറില്‍ തുടര്‍ച്ചയായി ആറ് ഭൂചലനം; മരണം 53 ആയി
62 പേര്‍ക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം.

ലാസ| ടിബറ്റില്‍ ഒരു മണിക്കൂറിനുള്ളില്‍ തുടര്‍ച്ചയായി ആറ് ഭൂചലനങ്ങള്‍. ഭൂചലനത്തില്‍ 50ലേറെ പേര്‍ മരിച്ചു. 62 പേര്‍ക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം. 7.1 തീവ്രത രേഖപ്പെടുത്തിയതുള്‍പ്പടെ ആറ് ഭൂചലനങ്ങളാണ് ഉണ്ടായത്. 53 പേര്‍ മരിച്ചെന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തത്. പ്രഭവ കേന്ദ്രത്തിന് സമീപം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായാണ് വിവരം.
ടിബറ്റിലെ രണ്ടാമത്തെ വലിയ നഗരമായ ഷിഗാറ്റ്സെ നഗരത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. 4.7, 4.9 തീവ്രതയുള്ള രണ്ട് തുടര്‍ചലനങ്ങള്‍ സിസാങില്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഷിഗാറ്റ്സെ നഗരത്തിന്റെ 200 കിലോമീറ്ററിനുള്ളില്‍ 29 ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലും ഭൂചനത്തിന്റെ പ്രകമ്പനങ്ങളുണ്ടായി. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പട്നയിലും പശ്ചിമ ബംഗാളിലും അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.
നേപ്പാളിലെ നോബുഷെയില്‍ നിന്ന് 93 കിലോമീറ്റര്‍ വടക്ക് കിഴക്ക് വന്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. രാവിലെ 6.35 നാണ് ഭൂചലനം ഉണ്ടായത്. ഭൂമിക്കടിയില്‍ പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തില്‍ കാഠ്മണ്ഡുവില്‍ അടക്കം പ്രകമ്പനമുണ്ടായി.
നേപ്പാളില്‍ ഇടയ്ക്കിടെ ഭൂചലനം അനുഭവപ്പെടാറുണ്ട്. 2005ലുണ്ടായ ഭൂചലനത്തില്‍ പതിനായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. ഭൂകമ്പത്തിന്റെ ആഘാതം വിലയിരുത്താന്‍ നേപ്പാളിലെയും ഇന്ത്യയിലെയും എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമുകള്‍ സജ്ജമാണ്. ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.