Connect with us

Ongoing News

പത്തനംതിട്ടയിലെ ആറ് ആശുപത്രികളില്‍ ദേശീയ നിലവാരത്തില്‍ 'ലക്ഷ്യ ലേബര്‍ റൂമുകള്‍'

കോന്നി മെഡിക്കല്‍ കോളജില്‍ ലക്ഷ്യ ലേബര്‍ റൂം നിര്‍മാണം പൂര്‍ത്തിയായി.

Published

|

Last Updated

പത്തനംതിട്ട | ജില്ലയില്‍ ആറ് ആശുപത്രികളില്‍ കൂടി ദേശീയ ലക്ഷ്യ നിലവാരത്തിലുള്ള ലേബര്‍ റൂമുകള്‍ സജ്ജമായി വരുന്നതായി മന്ത്രി വീണാ ജോര്‍ജ്. അടൂര്‍ ജനറല്‍ ആശുപത്രിക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ അടുത്തിടെ ലഭ്യമായിരുന്നു. ഇത് കൂടാതെ കോന്നി മെഡിക്കല്‍ കോളജില്‍ 3.5 കോടി രൂപ ചെലവില്‍ ലക്ഷ്യ ലേബര്‍ റൂം നിര്‍മാണം പൂര്‍ത്തിയാക്കി. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ലക്ഷ്യ ലേബര്‍ റൂം സജ്ജമാണ്.

കോന്നി, തിരുവല്ല, റാന്നി താലൂക്ക് ആശുപത്രികളില്‍ ലക്ഷ്യ നിലവാരത്തിലുള്ള ലേബര്‍ റൂമുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും നവജാത ശിശുക്കള്‍ക്കും മികച്ച പരിചരണം ഉറപ്പുവരുത്താനായി അത്യാധുനിക സംവിധാനം ഉറപ്പുവരുത്തുകയാണ് ലക്ഷ്യ നിലവാരത്തിലൂടെ ലക്ഷ്യമിടുന്നത്. മെഡിക്കല്‍ കോളജുകള്‍, ജില്ലാ ആശുപത്രികള്‍, താലൂക്കാശുപത്രികള്‍ എന്നിവയിലാണ് ലക്ഷ്യ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 14 ആശുപത്രികള്‍ക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട്. കൂടുതല്‍ ആശുപത്രികളെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.

കോന്നി മെഡിക്കല്‍ കോളജില്‍ ഗൈനക്കോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ലക്ഷ്യ ലേബര്‍ റൂം സജ്ജമാക്കിയത്. നിലവില്‍ ഗൈനക്കോളജി ഒ പി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വിഭാഗത്തില്‍ നിരവധി പേര്‍ പ്രതിദിനം ചികിത്സ തേടിയെത്താറുണ്ട്. ലക്ഷ്യ ലേബര്‍ റൂം ഉള്‍പ്പെടെ പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഗൈനക്കോളജി വിഭാഗത്തില്‍ മികച്ച സേവനം ലഭ്യമാകും. കോന്നി മെഡിക്കല്‍ കോളജില്‍ 27,922 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ലേബര്‍ റൂം സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുള്ളത്.

പുതിയ ഒ പി വിഭാഗം, അള്‍ട്രാ സൗണ്ട് സ്‌കാനിങ് റൂം, ട്രയേജ് ഏരിയ, ഗൈനക് മോഡുലാര്‍ ഓപറേഷന്‍ തിയേറ്റര്‍, മൈനര്‍ ഓപറേഷന്‍ തീയറ്റര്‍, സെപ്റ്റിക് മോഡുലാര്‍ ഓപറേഷന്‍ തിയേറ്റര്‍, 2 എല്‍ ഡി ആര്‍ സ്യൂട്ടുകള്‍, പ്രസവത്തിനായി എത്തുന്നവരുടെ ആദ്യ, രണ്ടാം, മൂന്നാം ഘട്ട ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍, റിക്കവറി റൂമുകള്‍, വാര്‍ഡുകള്‍, ഡെമോ റൂം, എച്ച് ഡി യു, ഐ സി യു, ഐസൊലേഷന്‍ യൂണിറ്റുകള്‍ എന്നിവ സജ്ജമാണ്.

 

Latest