National
ബെംഗളൂരുവില്‍ കണ്ടെയ്‌നര്‍ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് ആറ് പേര്‍ക്ക് ദാരുണാന്ത്യം
കാറിലുണ്ടായിരുന്നവര്‍ ഞെരിഞ്ഞമര്‍ന്നു
ബെംഗളൂരു | ആഡംബര കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ കാറിലുണ്ടായിരുന്ന ആറ് പേര്‍ക്ക് ദാരുണാന്ത്യം. ബെംഗളൂരു റൂറലിലെ നീലമംഗലക്ക് സമീപം ദേശീയപാത 48ലാണ് നഗരത്തെ നടുക്കിയ അപകടമുണ്ടായത്. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു.
ഇന്ന് രാവിലെ 11ഓടെയാണ് അപകടമുണ്ടായത്. കണ്ടെയ്നര്‍ ലോറി ആദ്യം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കണ്ടെയ്നര്‍ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു. അടിയില്‍പ്പെട്ട വോള്‍വോ കാറിലുണ്ടായിരുന്നവര്‍ ഞെരിഞ്ഞമര്‍ന്ന നിലയിലായിരുന്നു. ആറ് പേരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
ക്രെയിന്‍ ഉപയോഗിച്ചാണ് കാറിന് മുകളില്‍ നിന്ന് കണ്ടെയ്നര്‍ ലോറി മാറ്റിയത്. കാറും ലോറിയും ഒരേ ദിശയിലായിരുന്നു. വിജയപുരയിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ പോയവരാണ് കാറിലുണ്ടായിരുന്നത്. തുമകുരുവിലേക്ക് പോകുകയായിരുന്നു കണ്ടെയ്നര്‍ ലോറി. മൃതദേഹങ്ങള്‍ നീലമംഗല സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.