National
നിർത്താതെ പ്രവർത്തിച്ച് ആറ് മെഷീനുകൾ; 12 മണിക്കൂർ കൊണ്ട് എണ്ണിത്തിട്ടപ്പെടുത്തിയത് 30 കോടി; 'നോട്ടെണ്ണൽ' തുടരുന്നു
ജാർഖണ്ഡ് ഗ്രാമവികസന മന്ത്രിയും കോൺഗ്രസ് നേതാവുമായ ആലംഗീർ ആലമിൻ്റെ പേഴ്‌സണൽ സെക്രട്ടറി സഞ്ജീവ് ലാലിൻ്റെ വീട്ടുവേലക്കാരൻ ജഹാംഗീറിന്റെ മുറിയിൽ നിന്നാണ് പണശേഖരം ഇ ഡി ഉദ്യോഗസ്ഥർ പിടികൂടിയത്.

റാഞ്ചി | ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ ഇ ഡി റെയ്ഡിനിടെ ഒരു മുറിയിൽ നിന്ന് കണ്ടെടുത്ത നോട്ട്കൂമ്പാരം എണ്ണിത്തിട്ടപ്പെടുത്താൻ ആറ് നോട്ടെണ്ണൽ യെന്ത്രങ്ങൾ തുടർച്ചയായി പ്രവർത്തിക്കുന്നു. കഴിഞ്ഞ 12 മണിക്കൂറായി തുടർച്ചയായി നടത്തിയ എണ്ണലിൽ ഇതുവരെ 30 കോടി രൂപ തിട്ടപ്പെടുത്തിയിട്ടുണ്ട്. അന്തിമ സംഖ്യ കണ്ടെത്താൻ നിരവധി ഉദ്യോഗസ്ഥർ വിശ്രമമില്ലാതെ ജോലിയിലാണെന്ന് ഇ ഡി വൃത്തങ്ങൾ അറിയിച്ചു. ഇതിനിടെ ഒന്ന് – രണ്ട് നോട്ടെണ്ണൽ യന്ത്രങ്ങൾ തകരാറിലായതായും പുതിയവ കൊണ്ടുവന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ജാർഖണ്ഡ് ഗ്രാമവികസന മന്ത്രിയും കോൺഗ്രസ് നേതാവുമായ ആലംഗീർ ആലമിൻ്റെ പേഴ്‌സണൽ സെക്രട്ടറി സഞ്ജീവ് ലാലിൻ്റെ വീട്ടുവേലക്കാരൻ ജഹാംഗീറിന്റെ മുറിയിൽ നിന്നാണ് പണശേഖരം ഇ ഡി ഉദ്യോഗസ്ഥർ പിടികൂടിയത്. ജാർഖണ്ഡ് ഗ്രാമവികസന വകുപ്പിലെ മുൻ ചീഫ് എഞ്ചിനീയർ വീരേന്ദ്ര റാമുമായി ബന്ധപ്പെട്ട് അര ഡസൻ സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിലാണ് പണം കണ്ടെത്തിയത്. സർക്കാർ പദ്ധതികൾ നടപ്പാക്കിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ വർഷമാണ് റാം അറസ്റ്റിലായത്.
ഝാർഖണ്ഡിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെ, പണകൂമ്പാരം കണ്ടെത്തിയത് രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തിയിട്ടുണ്ട്. കോൺഗ്രസ് മന്ത്രിയുടെ ബന്ധം ചൂണ്ടിക്കാട്ടി ബിജെപി രംഗത്ത് വന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒഡീഷയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിഷയം ഉന്നയിച്ചു.
“ഇന്ന്, അയൽ സംസ്ഥാനമായ ജാർഖണ്ഡിൽ കറൻസി നോട്ടുകളുടെ കുന്നുകൾ കണ്ടെത്തുന്നു, ഇപ്പോൾ പറയൂ, ഞാൻ അവരുടെ മോഷണവും സമ്പാദ്യവും കൊള്ളയും നിർത്തിയാൽ, അവർ മോദിയെ അധിക്ഷേപിക്കുമോ ഇല്ലയോ? അധിക്ഷേപങ്ങൾക്കിടയിലും, ഞാൻ ഈ ജോലി ചെയ്യേണ്ടതല്ലേ? ഞാന് നിങ്ങളുടെ പണം ലാഭിക്കേണ്ടതല്ലേ? – അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്തുവെന്ന കേന്ദ്രത്തിൻ്റെ ആരോപണത്തെ എതിർത്ത് പ്രധാനമന്ത്രി ചോദിച്ചു.
ഒരു മന്ത്രിയുടെ സെക്രട്ടറിയുടെ വീട്ടിൽ നിന്നാണ് ഇത്രയും തുക കണ്ടെടുത്തതെങ്കിൽ മന്ത്രിമാരുടെ വീടുകളിൽ നിന്ന് എന്തായിരിക്കും കണ്ടെത്തുകയെന്ന് ജാർഖണ്ഡ് ബിജെപി അധ്യക്ഷൻ ബാബുലാൽ മറാണ്ടി ചോദിച്ചു.
അതേസമയം, ഇഡി അന്വേഷണം പൂർത്തിയാക്കുന്നതിന് മുമ്പ് ആരും നിഗമനങ്ങളിൽ എത്തരുതെന്ന് ആലംഗീർ ആലം പറഞ്ഞു. സഞ്ജീവ് ലാൽ രണ്ട് മുൻ മന്ത്രിമാരുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.