Kerala
ചോദ്യപേപ്പര്‍ ചോര്‍ച്ച അന്വേഷണത്തിന് ആറംഗ സമതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം
അന്വേഷണസമിതി പ്രൈവറ്റ് ട്യൂഷന്‍ സെന്ററുകളില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ പഠിപ്പിക്കുന്നുണ്ടോയെന്നതും പരിശോധിക്കുമെന്നും മന്ത്രി
തിരുവനന്തപുരം | ചോദ്യപേപ്പര്‍ ചോര്‍ച്ച അന്വേഷണത്തിന് ആറംഗ സമതിയെ നിയോഗിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സമതി ഒരു മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണം. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടത്തുക. ഇതിനൊപ്പം ക്രൈംബ്രാഞ്ച് അന്വേഷണവും നടക്കും.ചോദ്യപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിഷയത്തിന്റെ ഗൗരവം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ചോദ്യപേപ്പര്‍ വിതരണത്തില്‍ വീഴ്ചകളുണ്ടെങ്കില്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. അന്വേഷണസമിതി പ്രൈവറ്റ് ട്യൂഷന്‍ സെന്ററുകളില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ പഠിപ്പിക്കുന്നുണ്ടോയെന്നതും പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
നേരത്തെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. സ്വകാര്യ ട്യൂഷന്‍ സെന്ററുകളെ സഹായിക്കുന്നതിന് വേണ്ടി അധ്യാപകരുടെ ഭാഗത്ത് നിന്നാണ് ഗുരുതര വീഴ്ചയുണ്ടായത് എന്നതാണ് പ്രാഥമിക നിഗമനം. പ്ലസ്വണ്‍ കണക്ക് പരീക്ഷയുടെയും പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങളാണ് സ്വകാര്യ ഓണ്‍ലൈന്‍ ട്യൂഷന്‍ പ്ലാറ്റ്ഫോമിന്റെ യൂട്യൂബ് ചാനലിലൂടെ ചോര്‍ന്നത്.