Ongoing News
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആറ് മെഡല്‍ കൂടി; 32 മെഡലുമായി നാലാമത്
മെഡല്‍ പട്ടികയില്‍ എട്ട് സ്വര്‍ണമുള്‍പ്പെടെ 32 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്താണ്.
ഹാങ്ചൗ | ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആറ് മെഡല്‍ കൂടി. ഷൂട്ടിങില്‍ ഇന്ന് ഇന്ത്യക്ക് രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയും ലഭിച്ചു. ആറാം ദിനം ഷൂട്ടിങിലെ ആദ്യ സ്വര്‍ണം വന്നത് പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫില്‍ ത്രീ പൊസിഷന്‍ ടീം ഇനത്തിലാണ്. ഇന്ത്യക്കു വേണ്ടി റെക്കോര്‍ഡ് പ്രകടനത്തോടെ സ്വപ്നില്‍ കുശാലെ, ഐശ്വരി പ്രതാപ് സിങ്, അഖില്‍ ഷിയാറോണ്‍ എന്നിവരടങ്ങിയ സഖ്യമാണ് വിജയം നേടിയത്. 1769 പോയന്റ് നേടി ലോകറെക്കോഡ് സ്ഥാപിച്ചാണ് സഖ്യം സ്വര്‍ണം നേടിയത്. 2022 കാറ്റ് ചാമ്പ്യന്‍ഷിപ്പില്‍ യു എസ് സ്ഥാപിച്ച റെക്കോഡ് ഇതോടെ പഴങ്കഥയായി.
ഷൂട്ടിങ് 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ യഥാക്രമം പലക്, ഇശാ സിങ് എന്നിവര്‍ സ്വര്‍ണവും വെള്ളിയും നേടി. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇവന്റില്‍ വെള്ളിയും രാജ്യത്തിന് ലഭിച്ചു. റൈഫിള്‍ മെന്‍സ്-3യില്‍ ഐശ്വരി പ്രതാപ് സിങ് രാജ്യത്തിനായി വെള്ളി നേടി. ടീം ഇവന്റില്‍ സ്വര്‍ണം നേടിയ ടീമിലും അംഗമായിരുന്നു ഐശ്വരി പ്രതാപ് സിങ്. ആറു സ്വര്‍ണവും ആറു വെള്ളിയും അഞ്ചു വെങ്കലവുമടക്കം 18 മെഡലുകളാണ് ഇന്ത്യ ഷൂട്ടിങ്ങില്‍ നിന്ന് മാത്രമായി നേടിയത്.
ഡബിള്‍സ് ടെന്നീസ് ഫൈനലില്‍ ചൈനീസ് തായ്‌പെയ് സഖ്യത്തോട് തോറ്റ ഇന്ത്യക്ക് വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഫൈനലില്‍ രാംകുമാര്‍ രാംനാഥന്‍ സാകേത് മയ്‌നെനി സഖ്യം ചൈനീസ് തായ്‌പെയിയുടെ ജാസന്‍ ജങ്, യു ഷിയോ സു സഖ്യത്തോട് തോറ്റു. സ്‌കോര്‍: 6-4, 6-4.
ബോക്‌സിങില്‍ ഇന്ത്യയുടെ നിഖാത് സരിന്‍ സെമിയില്‍ പ്രവേശിച്ച് മെഡല്‍ ഉറപ്പാക്കി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജോര്‍ദാന്റെ നസര്‍ ഹനാനെ തോല്‍പ്പിച്ചാണ് സരിന്‍ സെമിയിലെത്തിയത്. ബാഡ്മിന്റണിലും ഇന്ത്യ മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്. മെഡല്‍ പട്ടികയില്‍ എട്ട് സ്വര്‍ണമുള്‍പ്പെടെ 32 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്താണ്.