Connect with us

kerala school reopening

ബയോ ബബിളിൽ ആറ് മുതൽ പത്ത് വരെ കുട്ടികൾ

സാമൂഹിക അകലം പാലിക്കൽ പ്രധാനം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ സ്‌കൂളുകൾ നവംബർ ഒന്നിന് തുറക്കുന്നതിനായുള്ള അന്തിമ മാർഗരേഖയിൽ സ്‌കൂളുകളിലും പരിസരങ്ങളിലും കുട്ടികൾ കൂട്ടംകൂടി നിൽക്കാൻ പാടില്ല എന്നതാണ് ഏറ്റവും പ്രധാന നിർദേശം. ശുചിമുറി സ്ഥലത്തും ഭക്ഷണം കഴിക്കുന്ന സ്ഥലത്തും കുട്ടികൾ കൂട്ടം കൂടാതിരിക്കാൻ പ്രത്യേകം അധ്യാപകരുടെ മേൽനോട്ടത്തിൽ നിയന്ത്രണം ഏർപ്പെടുത്തും. പി ടി എയും ബന്ധപ്പെട്ട അധ്യാപകരും ചേർന്ന് സ്‌കൂളിൽ സൗകര്യപ്രദമായ സ്ഥലത്ത് ഉച്ച ഭക്ഷണ സൗകര്യം ഒരുക്കണം.

യാത്രാ സൗകര്യം ഒരുക്കും
സർവീസ് ആവശ്യപ്പെടുന്ന സ്‌കൂളുകൾക്ക് കെ എസ് ആർ ടി സി ബോണ്ട് അടിസ്ഥാനത്തിൽ സർവീസുകൾ നടത്തും. കുട്ടികളുടെ സൗകര്യത്തിനായി സ്റ്റുഡൻസ് ഓൺലി ബസുകളും അനുവദിക്കും.

യാത്രാ സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ഈയാഴ്ച പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സുമായി യോഗം ചേരും. സ്‌കൂൾ തുറക്കുന്നതിന് മുന്പ് തന്നെ എല്ലാ അധ്യാപക അനധ്യാപക ജീവനക്കാരും സ്‌കൂളിലെത്തിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ, സ്‌കൂൾ ബസ് ഡ്രൈവർമാർ, മറ്റ് താത്്കാലിക ജീവനക്കാർ എന്നിവർ രണ്ട് ഡോസ് വാക്‌സീൻ എടുത്തിരിക്കണം. ക്ലാസ്സ് അടിസ്ഥാനത്തിൽ ബയോ ബബിൾ സംവിധാനം തയ്യാറാക്കും. ഒരു ക്ലാസ്സിൽ പഠിക്കുന്ന ആറ് മുതൽ പത്ത് വരെയുള്ള കുട്ടികളുടെ കൂട്ടമാണ് ബയോ ബബിൾ സിസ്റ്റം. ഇവർ മാത്രമേ പരസ്പരം അടുത്ത് ഇടപെടാൻ പാടുള്ളൂ. ഇവർ ഒരു പ്രദേശത്ത് നിന്നു തന്നെ വരുന്നവരാണെങ്കിൽ അവരുടെ യാത്രയടക്കം ഒരുമിച്ച് ആസൂത്രണം ചെയ്യണം. ഒരു ക്ലാസ്സിൽ രണ്ടോ മൂന്നോ ബയോ ബബിളുകൾ ഉണ്ടാകാം. ഒരു ബയോ ബബിളിലെ കുട്ടികൾ മറ്റൊരു ബയോബബിളിലെ കുട്ടികളുമായി ഒരു കാരണവശാലും അടുത്തിടപെടാൻ പാടുള്ളതല്ല. പരിമിതി ഏറെയുണ്ടെങ്കിലും രോഗത്തെ പ്രതിരോധിക്കാനുള്ള മാർഗമായി ബയോ ബബിളിനെ പ്രയോജനപ്പെടുത്താം.

പ്രൈമറി തലത്തിൽ അധ്യാപകർ കഴിയുന്നത്ര ബയോ ബബിളിന്റെ ഭാഗമാകണം. ക്ലാസ്സുകൾക്ക് നൽകുന്ന ഇന്റർവെൽ, സ്‌കൂൾ ആരംഭിക്കുന്ന സമയം, സ്‌കൂൾ വിടുന്ന സമയം എന്നിവയിൽ ചെറിയ വ്യത്യാസങ്ങൾ വരുത്തി ടോയ്‌ലറ്റുകൾ, സ്‌കൂൾ ഗേറ്റുകൾ എന്നിവിടങ്ങളിലെ കൂട്ടം ചേരൽ ഒഴിവാക്കണം. രോഗ ലക്ഷണങ്ങൾ ഉള്ള ഏതെങ്കിലും കുട്ടികൾ കൊവിഡ് പോസിറ്റീവ് ആണെങ്കിൽ ആ കുട്ടികളുൾപ്പെടുന്ന ബയോ ബബിളിലെ മറ്റു കുട്ടികളെയും മാറ്റിനിർത്തി ഇക്കാര്യം പ്രാദേശിക ആരോഗ്യ വകുപ്പ് അധികാരികളെ അറിയിക്കണം.

സ്‌കൂളിൽ വെച്ച് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതോ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതോ ആയ ജീവനക്കാർ/കുട്ടികൾ, നിർബന്ധമായും കൊവിഡ് പരിശോധന നടത്തണം.

രണ്ടാഴ്ച ഉച്ചവരെ
ആദ്യ രണ്ടാഴ്ച ക്ലാസ്സുകൾ ഉച്ചവരെ ക്രമീകരിക്കുന്നതായിരിക്കും ഉചിതം. പൊതുഅവധി ഒഴികെയുള്ള ശനിയാഴ്ചകൾ പ്രവൃത്തി ദിവസമായിരിക്കും.

1,000 കുട്ടികളിൽ കൂടുതലുണ്ടെങ്കിൽ ആകെ കുട്ടികളുടെ 25 ശതമാനം മാത്രം ഒരു സമയത്ത് ക്യാമ്പസിൽ വരുന്ന രീതിയിൽ ക്ലാസ്സുകൾ ക്രമീകരിക്കേണ്ടതാണ്.

കുട്ടികളുടെ എണ്ണം ക്രമീകരിച്ച് നിയന്ത്രിക്കുന്നതിനായി ഓരോ ക്ലാസ്സിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കാവുന്നതാണ്. കുട്ടികളുടെ എണ്ണം കുറഞ്ഞ സ്‌കൂളുകളിൽ ഇത്തരം ബാച്ച് ക്രമീകരണം നിർബന്ധമല്ല.

Latest