Ongoing News
ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം; ശ്രീലങ്കക്കെതിരായ ടി20 പരമ്പരയും തൂത്തുവാരി ഇന്ത്യ
ധര്‍മശാല | വിന്‍ഡീസിനു പിന്നാലെ ശ്രീലങ്കക്കെതിരായ ടി20 പരമ്പരയും തൂത്തുവാരി ഇന്ത്യ. ഹിമാചല്‍ പ്രദേശില്‍ ധര്‍മശാലയിലെ ഹിമാചല്‍ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ ആറ് വിക്കറ്റിന്റെ ഉജ്ജ്വല വിജയമാണ് ആതിഥേയര്‍ കരസ്ഥമാക്കിയത്. സ്‌കോര്‍: ശ്രീലങ്ക- 146/5. ഇന്ത്യ: 16.5 ഓവറില്‍ 148/4.
തകര്‍ത്തടിച്ച ശ്രേയസ് അയ്യരുടെ ചിറകിലാണ് മൂന്നാം മത്സരത്തില്‍ ഇന്ത്യ അനായാസ വിജയത്തിലേക്ക് പറന്നത്. 45 പന്തില്‍ 73 റണ്‍സാണ് ശ്രേയസ് അടിച്ചെടുത്തത്. പുറത്താകാതെ നേടിയ റണ്‍വേട്ടയില്‍ ഒമ്പത് ഫോറും ഒരു സിക്‌സും ഉള്‍പ്പെട്ടു. 16 പന്തില്‍ 21 എടുത്ത ദീപക് ഹൂഡയും 15ല്‍ 22 എടുത്ത രവീന്ദ്ര ജഡേജയും 12 പന്തില്‍ 18 നേടിയ മലയാളി താരം സഞ്ജു സാംസണും മികവുറ്റ പ്രകടനം കാഴ്ചവച്ചു. അതേസമയം, നായകന്‍ രോഹിത് ശര്‍മ നിരാശപ്പെടുത്തി. ഒമ്പത് പന്ത് നേരിട്ട രോഹിതിന് അഞ്ച് റണ്‍സ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. ശ്രീലക്കക്കു വേണ്ടി 23 പന്തില്‍ 39 റണ്‍സ് വിട്ടുകൊടുത്ത് ലഹിരു കുമാര രണ്ട് വിക്കറ്റെടുത്തു. ദുശ്മന്ത ചമീരയും ചാമിക കരുണരത്‌നെയും ഓരോ വിക്കറ്റ് നേടി.
നേരത്തെ, ശ്രീലങ്കന്‍ ഇന്നിംഗ്‌സ് 146ല്‍ ചുരുട്ടിക്കെട്ടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു. ദാസുന്‍ ഷനാക പൊരുതി നേടിയ 74 റണ്‍സാണ് ശ്രീലങ്കയെ 146ല്‍ എങ്കിലുമെത്തിച്ചത്. 38 പന്തില്‍ നിന്നാണ് ഷനാക ഇത്രയും റണ്‍സ് കണ്ടെത്തിയത്. ദിനേഷ് ചാന്ദിമല്‍ 27 പന്തില്‍ 22 ഉം ചാമിക കരുണരത്‌നെ 19 പന്തില്‍ 12 ഉം നേടി. ഇന്ത്യക്കായി നാലോവര്‍ എറിഞ്ഞ ആവേശ് ഖാന്‍ 23 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് സിറാജും ഹര്‍ഷല്‍ പട്ടേലും ഒന്നു വീതം വിക്കറ്റ് നേടി.
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ തൂത്തുവാരിയതിനു പിന്നാലെയാണ് ശ്രീലങ്കക്കെതിരായ ടി20യിലും ഇന്ത്യ ക്ലീന്‍ വാഷ് നടത്തിയത്. രോഹിത് ശര്‍മയുടെ നായകത്വത്തിലാണ് മൂന്ന് പരമ്പര വിജയങ്ങളും.