Connect with us

National

മുംബൈ ബോട്ട് അപകടത്തില്‍ നിന്ന് മലയാളി ആറുവയസ്സുകാരന്‍ രക്ഷപ്പെട്ടു; മാതാപിതാക്കളെ കാണാനില്ലെന്ന് കുട്ടി

ഇതുവരെ 13 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്

Published

|

Last Updated

മുംബൈ | മുംബൈ ബോട്ട് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട മലയാളി ബാലന്‍ തന്റെ മാതാപിതാക്കളെ കാണാനില്ലെന്ന് അറിയിച്ചു. രക്ഷപ്പെട്ട ആറ് വയസുകാരന്റെ മൊഴി പ്രകാരം മലയാളി കുടുംബവും അപകടത്തില്‍പ്പെട്ടതായി സൂചന ലഭിച്ചു. മുംബൈ ബോട്ട് അപകടത്തില്‍ ഇതുവരെ 13 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

യാത്രയില്‍ മാതാപിതാക്കള്‍ ഒപ്പം ഉണ്ടായിരുന്നെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. ഉറാനിലെ ജെ എന്‍ പി ടി ആശുപത്രിയിലാണ് കുട്ടി ചികിത്സയിലുള്ളത്. മറ്റ് ആശുപത്രികളില്‍ കുട്ടിയുടെ രക്ഷിതാക്കളുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ചികില്‍സയിലുള്ള നാല് പേരുടെ നില ഗുരുതരമാണ്.

നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്രാബോട്ടില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ മൂന്നു നാവിക സേന ഉദ്യോഗസ്ഥരും ഉള്‍പ്പെടും. 101 പേരെ രക്ഷപ്പെടുത്തി. ചികിത്സയില്‍ കഴിയുന്നവരില്‍ നിന്നും ലഭിക്കുന്ന വിവരം അനുസരിച്ച് ഇനിയും കാണാതായവരുണ്ടെന്ന സംശയം ബലപ്പെടുകയാണ്. ഇന്നലെ വൈകീട്ട് ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് സമീപം വെച്ചാണ് മുംബൈയെ നടുക്കിയ ദുരന്തമുണ്ടായത്.

വിനോദസഞ്ചാര കേന്ദ്രമായ എലിഫന്റ് കേവ് ദ്വീപിലേക്ക് പോയ നീല്‍കമല്‍ എന്ന ബോട്ടിലേക്ക് നേവിയുടെ സ്പീഡ് ബോട്ട് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യാത്രാബോട്ട് തലകീഴായി മറിഞ്ഞു. ബോട്ട് പൂര്‍ണമായും മുങ്ങി. യാത്ര ബോട്ടില്‍ എത്ര പേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാത്ത കാലപ്പഴക്കമുള്ള ബോട്ടുകളാണ് ഇവിടെ സര്‍വീസ് നടത്തുന്നതെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

 

---- facebook comment plugin here -----

Latest