Connect with us

National

പ്രധാന മന്ത്രിയെ വിമര്‍ശിക്കുന്ന സ്‌കിറ്റ്; ചാനലിന് നോട്ടീസയച്ച് കേന്ദ്രം

Published

|

Last Updated

ചെന്നൈ | പ്രധാന മന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചെന്ന പരാതിയില്‍ സീ തമിഴ് ചാനലിന് കേന്ദ്ര വാര്‍ത്താ വിതരണ വിനിമയ മന്ത്രാലയത്തിന്റെ നോട്ടീസ്. തമിഴ്‌നാട് ബി ജെ പി ഐ ടി ആന്‍ഡ് സോഷ്യല്‍ മീഡിയ സെല്‍ സംസ്ഥാന പ്രസിഡന്റ് സി ടി ആര്‍ നിര്‍മല്‍ കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചത്. ഏഴ് ദിവസത്തിനകം ചാനല്‍ മന്ത്രാലയത്തിനു മറുപടി നല്‍കണം. ഇല്ലെങ്കില്‍ നടപടി സ്വീകരിക്കും. കഴിഞ്ഞ ദിവസം നിര്‍മല്‍ കുമാര്‍ ചാനല്‍ അധികൃതര്‍ക്ക് കത്തെഴുതിയിരുന്നു. നോട്ടീസിനൊപ്പം നിര്‍മല്‍ കുമാറിന്റെ പരാതിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

‘ജൂനിയര്‍ സൂപ്പര്‍ സ്റ്റാഴ്‌സ് സീസണ്‍ 4’ എന്ന കുട്ടികളുടെ പരിപാടിയിലാണ് പ്രധാന മന്ത്രിയെ വിമര്‍ശിച്ചു കൊണ്ടുള്ള സ്‌കിറ്റ് ചാനല്‍ സംപ്രേഷണം ചെയ്തത്. രണ്ട് കുട്ടികളാണ് ഇത് അവതരിപ്പിച്ചത്. ജനുവരി 15ന് സംപ്രേഷണം ചെയ്ത പരിപാടി, 2006ല്‍ വടിവേലു നായകനായി പുറത്തിറങ്ങിയ ‘ഇംസായ് അരസന്‍’ എന്ന സിനിമയുമായി ബന്ധപ്പെടുത്തിയുള്ളതായിരുന്നു. നോട്ട് നിരോധനം, പ്രധാനമന്തിയുടെ വസ്ത്രധാരണം, വിദേ?ശ യാത്രകള്‍, ഓഹരി വിറ്റഴിക്കല്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ സ്‌കിറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.

വിവാദമായതിനു പിന്നാലെ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ചാനല്‍ അധികൃതര്‍ സ്‌കിറ്റ് പിന്‍വലിച്ചിരുന്നു. പരിപാടി പുനസംപ്രേഷണം ചെയ്യില്ലെന്നും വ്യക്തമാക്കി.

Latest