Connect with us

First Gear

ഇന്ത്യന്‍ വിപണിയില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കി സ്‌കോഡ

ഹിമാചല്‍ പ്രദേശിലെ റോഹ്താങ് ചുരത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് 10,942 അടി ഉയരം കീഴടക്കിയാണ് ഇന്ത്യന്‍ വിപണിയില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയ സ്‌കോഡ ഈ നാഴികക്കല്ല് ആഘോഷിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യന്‍ വിപണിയില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കി ചെക്ക് റിപ്പബ്ലിക്കന്‍ വാഹന നിര്‍മാണ കമ്പനിയായ സ്‌കോഡ. 2001 നവംബര്‍ മുതലാണ് സ്‌കോഡ ഓട്ടോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഫോക്സ്വാഗണിന്റെ ഉടമസ്ഥതയിലാണ് സ്‌കോഡ പ്രവര്‍ത്തിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ റോഹ്താങ് ചുരത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് 10,942 അടി ഉയരം കീഴടക്കിയാണ് ഇന്ത്യന്‍ വിപണിയില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയ സ്‌കോഡ ഈ നാഴികക്കല്ല് ആഘോഷിക്കുന്നത്.

ആഘോഷത്തിന്റെ ഭാഗമായി റോഹ്താങ് ചുരത്തിലെ ഒരു പാറക്കെട്ടില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന 3ഡി പ്രൊജക്ഷന്‍ പുറത്തുവിട്ടതായും സ്‌കോഡ അവകാശപ്പെടുന്നു. ചെക്ക് റിപ്പബ്ലിക്കന്‍ ബ്രാന്‍ഡിന്റെ ‘കോണ്‍ക്വറിംഗ് ദി അണ്‍കണ്‍ക്വറബിള്‍’ എന്ന പേരിലുള്ള ക്യാമ്പയിനിന്റെ ഭാഗമാണ് ഈ പ്രത്യേക പദ്ധതി. ഈ ലക്ഷ്യം നടപ്പിലാക്കാന്‍ 156 പേരടങ്ങുന്ന ഒരു ടീമും മൂന്ന് മാസത്തെ വിപുലമായ ആസൂത്രണവും വേണ്ടിവന്നുവെന്ന് കമ്പനി വ്യക്തമാക്കി. ആറ് ദിവസത്തിനുള്ളില്‍ 54,000 മണിക്കൂര്‍ ജോലി ചെയ്ത സംഘം 12 പ്രൊജക്ടറുകള്‍ ഉപയോഗിച്ചാണ് 3ഡി പ്രൊജക്ഷന്‍ യാഥാര്‍ഥ്യമാക്കിയത്.

ഒക്ടാവിയ, റാപ്പിഡ്, കുഷാഖ് എന്നീ മോഡലുകളാണ് കമ്പനിയുടെ ഹിറ്റ് വാഹനങ്ങള്‍. സ്‌കോഡ ഇപ്പോള്‍ 2022 ജനുവരിയില്‍ രാജ്യത്ത് കൊഡിയാക് എസ്യുവി അവതരിപ്പിക്കാന്‍ തയാറെടുക്കുകയാണ്. മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള കമ്പനിയുടെ നിര്‍മാണ കേന്ദ്രത്തില്‍ ഇതിനകം തന്നെ വാഹനത്തിനായുള്ള നിര്‍മാണവും ആരംഭിച്ചിട്ടുണ്ട്. ഫെയ്സ്ലിഫ്റ്റ് മോഡലിന് പുറത്തും അകത്തും വിവിധ രൂപകല്‍പ്പനയും എയറോഡൈനാമിക് മെച്ചപ്പെടുത്തലുകളും ഉണ്ട്.

സ്‌കോഡ കൊഡിയാക് ആദ്യമായി രാജ്യത്ത് അവതരിപ്പിച്ചത് 2017 ലാണ്. യൂറോപ്യന്‍ ബ്രാന്‍ഡിന്റെ അന്തര്‍ദേശീയമായി പ്രശംസ നേടിയ എംക്യുബി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഫെയ്സ്ലിഫ്റ്റ് മോഡല്‍. കൂടാതെ അതിന്റെ സുരക്ഷ, ഡ്രൈവിംഗ് ഡൈനാമിക്സ്, സുഖസൗകര്യങ്ങള്‍, സാങ്കേതിക ഘടകങ്ങള്‍ എന്നിവയില്‍ കൂടുതല്‍ മെച്ചപ്പെടുത്തലുകളും കമ്പനി ഇത്തവണ നടപ്പിലാക്കിയിട്ടുണ്ട്.

2020 ഏപ്രിലില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ബിഎസ് വിഐ മലിനീകരണ മാനദണ്ഡങ്ങള്‍ പ്രബല്യത്തില്‍ വരുന്നതിന് തൊട്ടുമുമ്പാണ് സ്‌കോഡ കൊഡിയാക് എസ്യുവിയെ നിര്‍ത്തലാക്കുന്നത്. രണ്ട് വര്‍ഷത്തെ അസാന്നിധ്യത്തിനു ശേഷം വിപണിയില്‍ എത്തുമ്പോള്‍ നേരിടുന്ന വെല്ലുവിളികളെല്ലാം മറികടക്കും വിധമാണ് വാഹനത്തെ കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. ഡീസലിന് പകരം ഇത്തവണ 190 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്ക് വികസിപ്പിക്കാന്‍ ശേഷിയുള്ള 2.0-ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടിഎസ്‌ഐ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാകും കൊഡിയാക്കില്‍ ഇടംപിടിക്കുക. പഴയ ഡീസല്‍ എഞ്ചിനേക്കാള്‍ ശക്തമായ പെര്‍ഫോമന്‍സ് കണക്കുകളാകും ഈ പെട്രോള്‍ എഞ്ചിന്‍ വാഗ്ദാനം ചെയ്യുകയെന്നാണ് സ്‌കോഡ അവകാശപ്പെടുന്നത്.

സുരക്ഷക്കായി മള്‍ട്ടിപ്പിള്‍ എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, എന്നിവയും വാഹനത്തിലുണ്ടാകും. കാഴ്ച്ചയില്‍ സ്‌കോഡ കാര്‍ ആണെന്ന് ഒറ്റനോട്ടത്തില്‍ മനസിലാകുന്ന പരിചിതമായ ഡിസൈന്‍ ശൈലിയായിരിക്കും കൊഡിയാക് ഫെയ്സ്ലിഫ്റ്റിനുണ്ടായിരിക്കുക.

 

Latest