Connect with us

First Gear

സ്‌കോഡ അന്വേഷിച്ച്‌ നടന്ന പേര്‌ കിട്ടി; കൈലാഖ്‌

‘പളുങ്ക്’ എന്ന അര്‍ഥം വരുന്ന സംസ്‌കൃത വാക്കില്‍ നിന്നാണ് പുതിയ വാഹനത്തിന് സ്‌കോഡ ‘കൈലാഖ്’ എന്ന പേര്‌ തെരഞ്ഞെടുത്തിരിക്കുന്നത്‌.

Published

|

Last Updated

അടുത്ത വർഷം വിപണിയിൽ ഇറക്കാൻ പോകുന്ന കോംപാക്ട് എസ്‌യുവിക്കായി ഒരു പേര്‌ തപ്പി നടക്കുകയായിരുന്നു ചെക്ക് റിപ്പബ്ലിക്കന്‍ വാഹന നിര്‍മാതാക്കളായ സ്‌കോഡ. പേര്‌ നൽകാൻ വാഹനപ്രേമികൾക്കും സ്കോഡ്‌ അവസരം നൽകി. ഇതിനായി പ്രത്യേക വെബ്‌സൈറ്റ്‌ തുറന്നു. തെരഞ്ഞെടുക്കപ്പെടുന്ന പേര്‌ നിർദേശിക്കുന്നയാൾക്ക്‌ പുറത്തിറങ്ങാൻ പോകുന്ന ഒരു കാർ സൗജന്യം എന്നായിരുന്നു ഓഫർ. പേര്‌ നിർദേശിക്കുമ്പോൾ ഒറ്റ കണ്ടീഷനേ ഉണ്ടായിരുന്നുള്ളൂ. കെയിൽ തുടങ്ങണം, ക്യുവിൽ അവസാനിക്കണം. അങ്ങനെ അവസാനം ആ പേര്‌ കിട്ടി‐ കൈലാഖ്‌.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ എക്‌സിലൂടെയാണ്‌ കമ്പനി പുതിയ വാഹനത്തിന്‍റെ പേര് വെളിപ്പെടുത്തിയത്‌. ‘പളുങ്ക്’ എന്ന അര്‍ഥം വരുന്ന സംസ്‌കൃത വാക്കില്‍ നിന്നാണ് പുതിയ വാഹനത്തിന് സ്‌കോഡ ‘കൈലാഖ്’ എന്ന പേര്‌ തെരഞ്ഞെടുത്തിരിക്കുന്നത്‌.

ഇന്ത്യ 2.0 പദ്ധതിയിലൂടെ ആഭ്യന്തര വിപണിയില്‍ ചുവടുറപ്പിക്കുന്നതിന്‍റെ ഭാഗാമയി 2025ൽ കൈലാഖ്‌ ഇന്ത്യയിൽ എത്തും. രാജ്യത്ത് ഏറ്റവും വില്‍പ്പനയുള്ള കോംപാക്ട് എസ്‌യുവി സെഗ്മെന്റിലേക്കാണ് സ്‌കോഡ കൈലാഖിനെ ഇറക്കുന്നത്‌. വാഹനം അടുത്ത വര്‍ഷം ആദ്യം ഭാരത് മൊബിലിറ്റി ഷോയില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് വിവരം.

ആരാധകരില്‍നിന്നു ലഭിച്ച ആയിരക്കണക്കിനു പേരുകളില്‍ നിന്ന് 10 പേരുകളാണ്‌ സ്‌കോഡ തെരഞ്ഞെടുത്ത്‌. കൈലാഖ്, കൈമാക്, ക്വിക്ക്, കാരിക്ക്, കൈറോക്ക്, കോസ്മിക്, കൈക്ക്, കയാക്ക്, ക്ലിക്, കാര്‍മിക് എന്നീ 10 പേരുകളിൽ അവസാന റൗണ്ടിലേക്ക് 6 പേരുകള്‍ തിരഞ്ഞെടുത്തു. സ്‌കോഡ കൈറോക്ക്, സ്‌കോഡ ക്വിക്ക്, സ്‌കോഡ കൈലാക്ക്, സ്‌കോഡ കോസ്മിക്, സ്‌കോഡ കയാക്ക്, സ്‌കോഡ ക്ലിക് എന്നിവയാണ് ചുരുക്കപ്പട്ടികയിലെ അവസാന 6 പേരുകള്‍. ഇവയില്‍ നിന്നാണ് ബുധനാഴ്ച കോംപാക്ട് എസ്.യു.വിക്ക് ചേര്‍ന്ന പുതിയ പേര് തിരഞ്ഞെടുത്തത്.

കുഷാഖിനോട് സാമ്യമുള്ള എസ്.യു.വിയുടെ രണ്ട് രേഖാചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. പൂര്‍ണമായും ഇന്ത്യയില്‍ തന്നെ വികസിപ്പിക്കുകയും നിര്‍മിക്കുകയും ചെയ്യുന്ന വാഹനത്തെ ഏറെ പ്രതീക്ഷയോടെയാണ് ആളുകള്‍ കാത്തിരിക്കുന്നത്. ചെറിയ മാറ്റങ്ങളോടെയുള്ള പരമ്പരാഗത സ്‌കോഡ ഗ്രില്ലുതന്നെയായിരിക്കും വാഹനത്തിന്‍റെ പ്രധാന ആകര്‍ഷണം.

വാഹനത്തിന്‍റെ സാങ്കേതിക സവിശേഷതകളെ കുറിച്ച് ഒരു വിശദാംശവും പുറത്തുവിട്ടിട്ടില്ല. വിപണിയില്‍ മാരുതി ബ്രെസ, ടാറ്റ നെക്‌സോണ്‍, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര എക്‌സ്.യു.വി 300, നിസാന്‍ മാഗ്‌നൈറ്റ്, റെനോ കൈഗര്‍ എന്നീ വാഹനങ്ങള്‍ ആയിരിക്കും പ്രധാന എതിരാളികള്‍.