Connect with us

Editors Pick

രാത്രി ഒരു മണി കഴിഞ്ഞാണോ ഉറക്കം? എങ്കിൽ നിങ്ങളുടെ ആരോഗ്യം തകരാറിലായേക്കും

.ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ​ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയിരിക്കുന്നത്.

Published

|

Last Updated

ദിവസവും രാത്രി ഒരു മണി കഴിഞ്ഞ് ഉറങ്ങുന്നവരാണ് നിങ്ങളെങ്കിൽ അത് അത്ര നല്ല കാര്യമല്ല എന്നാണ് അമേരിക്കയിലെ അടുത്തിടെ നടത്തിയ ഒരു പഠന റിപ്പോർട്ട് പറയുന്നത്. ഉറക്കവും ശാരീരിക ആരോഗ്യവും തമ്മിൽ വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു എന്നത് നമുക്കറിയാം.കൺപോളകൾക്ക് ചുറ്റും ഉണ്ടാകുന്ന കറുപ്പ് എന്ന ചെറിയ പ്രശ്നം മുതൽ ദഹനപ്രക്രിയയെ വരെ ബാധിക്കുന്ന ഒന്നാണ് വൈകിയുള്ള ഉറക്കം.ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ​ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയിരിക്കുന്നത്. ഉറക്കം എന്നത് മസ്തിഷ്കത്തിന്റെ പ്രവർത്തനത്തിന് അനിവാര്യമായ ഒന്നാണെന്നും അതുവഴി മാനസികാരോ​ഗ്യം മെച്ചപ്പെടുമെന്നും പഠനത്തിൽ പറയുന്നുണ്ട്. ദിവസവും ഒരുമണിക്ക് മുമ്പും അതിനുശേഷവും ഉറങ്ങുന്നവരുടെ മാനസികാരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്.

നേരത്തേ ഉറങ്ങിയവരുടെ മാനസികാരോ​ഗ്യം തൃപ്തികരമായിരുന്നുവെന്നും ഒരുമണിക്കുശേഷം ഉറങ്ങിയവരിൽ നാഡീസംബന്ധമായ തകരാറുകൾ, വിഷാദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങൾ കൂടുതലാണെന്നും കണ്ടെത്തി.യു.കെ. ബയോബാങ്കിൽ നിന്നുള്ള 73,888 പേരുടെ ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. എത്രത്തോളം വൈകി ഉറങ്ങുന്നോ അത്രത്തോളം ഉറക്കക്കുറവ് ​ഗുരുതരമാവുകയും മാനസികാരോ​ഗ്യം മോശമാവുകയും ചെയ്യുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. നേരത്തേ എഴുന്നേൽക്കേണ്ടി വരുന്നവർ കൂടിയാണെങ്കിൽ വൈകി ഉറങ്ങുന്നത് അവരുടെ ഉത്പാദനശേഷിയേയും ബാധിക്കും. മാത്രമല്ല ഉറക്കത്തിന് സഹായിക്കുന്ന മെലാടോണിൻ എന്ന ഹോർമോണിന്റെ ഉത്പാദനം തടസ്സപ്പെടുകയും ചെയ്യും. സുഖകരമായ ഉറക്കം ഓർമശക്തിയെ മെച്ചപ്പെടുത്തുന്നതിനൊപ്പം പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും.

ഈ പഠനം കുറച്ച് മുൻപ് നടത്തിയതാണെങ്കിലും എല്ലാവരുടെയും ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് പഠനത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ജോലിത്തിരക്ക് കൊണ്ടോ മാനസികാവസ്ഥ കൊണ്ടോ ഒക്കെ വൈകി ഉറങ്ങുന്നവരാണ് നമ്മളിൽ പലരും. എന്നാൽ എന്തിനോട് കോംപ്രമൈസ് ചെയ്താലും ഉറക്കത്തോട് കോംപ്രമൈസ് ചെയ്യരുത് എന്ന് തന്നെയാണ് ഈ പഠനം വ്യക്തമാക്കുന്ന കാര്യം.

Latest