Connect with us

Editors Pick

ദിവസം ഉറങ്ങുന്നത്‌ 20 മണിക്കൂർ വരെ; ഇവരാണ്‌ ലോകത്തിലെ വലിയ 'മടിയന്മാർ'

Published

|

Last Updated

എന്തൊരു കുഴിമടിയനാ! ഈ വാക്ക്‌ ജീവിതത്തിൽ കേൾക്കാത്തവർ വളരെ ചുരുക്കമായിരിക്കും. ഒന്നുകിൽ നമ്മളെക്കുറിച്ച്‌ അല്ലെങ്കിൽ മറ്റാരെങ്കിലും കുറിച്ച്‌ ഒരിക്കലെങ്കിലും ഇത്‌ കേട്ടിട്ടുണ്ടാകും. എന്നാൽ മനുഷ്യനെയും തോൽപ്പിക്കുന്ന ചില ‘മടിയന്മാരു’ണ്ട്‌ ജന്തുലോകത്ത്‌.

സ്ലോത്തുകളാണ്‌ ഇവയിൽ ഒരുവിഭാഗം. ഒരു ദിവസം 20 മണിക്കൂർ വരെ ഇവർ ഉറങ്ങും. ഇനി സഞ്ചരിക്കുന്നതോ ഉറുമ്പ്‌ അരിക്കുന്ന പോലെ എന്നുപറഞ്ഞാൽ കുറഞ്ഞുപോകും. ഒരു ഫുട്‌ബോൾ മൈതാനത്തിൻ്റെ പകുതിദൂരം മാത്രമേ ഇവ ഒരുദിവസം സഞ്ചരിക്കൂ.

ലോകത്തിലെ ഏറ്റവും അലസരായ മൃഗങ്ങളിൽ മറ്റൊന്നാണ്‌ കോലകൾ. ഇവരും ഒരു ദിവസം 20 മണിക്കൂർ വരെ ഉറങ്ങുന്നവരാണ്‌. ദിവസം രണ്ട് മുതൽ ആറ് മണിക്കൂർ വരെ മാത്രമേ ഇവർ ഉണർന്നിരിക്കുകയുള്ളൂ.

മാർസൂപിയൽ വിഭാഗത്തിൽപെടുന്ന ഓപോസ്സം എന്ന ജീവിയും ഏറ്റവും അലസരുടെ കൂട്ടത്തിലുള്ളതാണ്‌. അമേരിക്കയിലാണ്‌ ഇവയെ കണ്ടുവരുന്നത്‌. 18 മുതൽ 20 മണിക്കൂർ വരെയാണ്‌ ഇവ ദിവസം ഉറങ്ങുക. സഞ്ചാരവും വളരെ സാവധാനത്തിലാണ്‌.

കാണാൻ ഭീകരന്മാരാണെങ്കിലും ഹിപ്പോകളും പൊതുവേ മടിയന്മാരാണ്‌. ദിവസം 16-20 മണിക്കൂർ ഉറങ്ങും. കരയിലും വെള്ളത്തിലും വലിയ കൂട്ടമായാണ്‌ ഇവ ഉറങ്ങുക.

പെരുമ്പാമ്പുകളും ജന്തുലോകത്തെ മറ്റൊരു കുഴിമടിയനാണ്‌. പതുക്കെയാണ്‌ ഇവ ചലിക്കുക. സാധാരണയായി ഒരു ദിവസം 18 മണിക്കൂർവരെ ഉറങ്ങും. ഇര വിഴുങ്ങിയാൽ ദിവസങ്ങൾ അനങ്ങാതെയും കിടക്കും.