Connect with us

Sports

ഫുട്‌ബോള്‍ പ്രേമികള്‍ക്കിനി ഉറക്കമില്ലാ രാത്രികള്‍; യൂറോ കപ്പിന് ഇന്ന് തുടക്കം

ഉദ്ഘാടന മത്സരം ജര്‍മനിയും സ്‌കോട്ട്‌ലാന്‍ഡും തമ്മില്‍

Published

|

Last Updated

ബെര്‍ലിന്‍ | പതിനേഴാമത് യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കമാകും. ഇന്ന് രാത്രി 12.30ന് ആതിഥേയരായ ജര്‍മനി – സ്‌കോട്ട്ലാന്‍ഡ് മത്സരത്തോടെയാണ് യൂറോപ്പിലെ ഫുട്ബോള്‍ രാജക്കന്മാരെ നിശ്ചയിക്കുന്ന യൂറോ കപ്പിന് വേദിയുണരുക. മ്യൂണിക്കിലെ അലയന്‍സ് അരീനയിലാണ് മത്സരം. ജൂലിയന്‍ നാഗില്‍സ്മാന്‍ പരിശീലിപ്പിക്കുന്ന ജര്‍മനി നാലാം കിരീടമാണ് ലക്ഷ്യമിടുന്നത്. മറുവശത്ത് സ്‌കോട്ട്ലാന്‍ഡും പ്രതീക്ഷയിലാണ്. യോഗ്യതാ റൗണ്ടില്‍ സ്പെയിന്‍, നോര്‍വെ, ജോര്‍ജിയ തുടങ്ങിയ കരുത്തരെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീം.

10 വേദികളിലാണ് പോരാട്ടം. 6 ഗ്രൂപ്പുകളിൽ 24 ടീമുകൾ മാറ്റുരയ്ക്കുന്നു. ആകെ 51 മത്സരങ്ങളാണ് ഉള്ളത്. ഒരോ ഗ്രൂപ്പില്‍നിന്നും ആദ്യ രണ്ട് സ്ഥാനക്കാര്‍ നേരിട്ട് പ്രീ ക്വാര്‍ട്ടറിലെത്തും. മികച്ച നാല് മൂന്നാം സ്ഥാനക്കാര്‍ക്കും നോക്കൗട്ട് റൗണ്ടിലെത്താം. പ്രീ ക്വാര്‍ട്ടര്‍ ഈ മാസം 29 മുതലും ക്വാര്‍ട്ടര്‍ ജൂലൈ അഞ്ച് മുതലും നടക്കും. ജൂലൈ പത്ത്, 11 തീയതികളിലാണ് സെമി ഫൈനലുകള്‍. ജൂലൈ 14ന് 12.30ന് ബെര്‍ലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തിലാണ് അന്തിമ പോരാട്ടം.

ഇത്തവണ എല്ലാ ടീമുകളും മികച്ച നിരയുമായാണ് ബൂട്ട് കെട്ടുന്നത്. എങ്കിലും മുൻ ചാമ്പ്യന്മാരായ ഫ്രാൻസിനാണ് മുൻതൂക്കം. സൂപ്പർതാരം കിലിയൻ എംബാപ്പെ ആണ് ഫ്രാൻസിന്റെ തുറുപ്പുചീട്ട്. ക്രിസ്ത്യാനോ റൊണാൾഡോയുടെ പോർച്ചുഗലും മികച്ച യുവനിരയുള്ള സ്പെയിനും നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയും മികച്ച താരങ്ങൾ ഉള്ള ഇംഗ്ലണ്ടും എല്ലാം കിരീട പ്രതീക്ഷയിൽ തന്നെയാണ്.

പ്രതാപം വീണ്ടെടുക്കാൻ ജർമ്മനിയും മുന്നിലുണ്ട്. അട്ടിമറികളുടെ രാജാക്കന്മാരായ ക്രൊയേഷ്യ, ബെൽജിയം, ഡെന്മാർക്ക്, നെതർലാൻഡ്സ് എന്നിവർ കറുത്ത കുതിരകൾ ആകും. ഗ്രൂപ്പ് ബി യിലാണ് ഇത്തവണ കടുത്ത മത്സരം. സ്പെയിൻ, ഇറ്റലി, ക്രൊയേഷ്യ, അൽബനിയ ടീമുകളിൽ പ്രീക്വാർട്ടറിലേക്ക് ആരെത്തുമെന്ന് കണ്ടുതന്നെ അറിയണം.

 

Latest