National
ഡല്‍ഹിയിലെ വായു ഗുണനിലവാരത്തില്‍ നേരിയ പുരോഗതി
സിപിസിബി കണക്കുകള്‍ പ്രകാരം നഗരത്തിന്റെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക രാവിലെ 7 മണിക്ക് 396 ആണ്.
ന്യൂഡല്‍ഹി| ഡല്‍ഹിയിലെ വായു ഗുണനിലവാരത്തില്‍ നേരിയ പുരോഗതി. എന്നാല്‍ ചൊവ്വാഴ്ചയും നഗരത്തിലെ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തില്‍ തന്നെയാണ് തുടരുന്നത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് വായു ഗുണനിലവാരം മെച്ചപ്പെട്ട അവസ്ഥയിലാണ്. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ (സിപിസിബി) കണക്കുകള്‍ പ്രകാരം നഗരത്തിന്റെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (എക്യുഐ) രാവിലെ 7 മണിക്ക് 396 ആണ്.
എന്നാല്‍ നഗരത്തിലെ നിരവധി എയര്‍ മോണിറ്ററിംഗ് സ്റ്റേഷനുകളിലെ എക്യുഐ ഗുരുതര വിഭാഗത്തിലാണ് രേഖപ്പെടുത്തിയത്. ആനന്ദ് വിഹാറിലെ റിയല്‍ ടൈം മോണിറ്ററിംഗ് സ്റ്റേഷനില്‍ 43ലും ഓഖ്ല ഫേസ് 2 (422), രോഹിണി (444), പഞ്ചാബി ബാഗ് (437) എന്നിവിടങ്ങളില്‍ എക്യുഐ ഗുരുതര സാഹചര്യം ചൂണ്ടിക്കാട്ടി. കനത്ത മൂടല്‍മഞ്ഞ് ചൊവ്വാഴ്ചയും ഡല്‍ഹിയില്‍ വെല്ലുവിളിയാവുകയാണ്. ഇന്നലെ, ഡല്‍ഹിയുടെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (എക്യുഐ) 437യാണ് രേഖപ്പെടുത്തിയത്.
നഗരത്തിലെ വായു മലിനീകരണ പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായിയും ബന്ധപ്പെട്ട വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. മലിനീകരണത്തെതുടര്‍ന്ന് ഡല്‍ഹിയില്‍ നവംബര്‍ 13 മുതല്‍ നവംബര്‍ 20 വരെ ഒറ്റ-ഇരട്ട കാര്‍ പദ്ധതി നടപ്പാക്കും. ഡല്‍ഹിയിലെ പ്രൈമറി സ്‌കൂളുകള്‍ നവംബര്‍ 10 വരെ അടച്ചിടും. 6-12 ഗ്രേഡുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ ഓണ്‍ലൈനായി മാറ്റാനുള്ള അനുമതി നല്‍കിയിട്ടുണ്ട്
എന്‍സിആറില്‍ വര്‍ധിച്ചുവരുന്ന മലിനീകരണത്തില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഗുരുഗ്രാമില്‍ പ്രൈമറി സ്‌കൂളുകള്‍ അടച്ചിടാന്‍ ഉത്തരവിട്ടു. ഫരീദാബാദില്‍ ചൊവ്വാഴ്ച മുതല്‍ 1 മുതല്‍ 5 വരെയുള്ള കുട്ടികള്‍ക്ക് ഒക്ടോബര്‍ 12 വരെ അവധിയായിരിക്കും.