Connect with us

Kerala

മുദ്രാവാക്യം മുഴക്കിയത് സംഘപരിവാറിനെതിരെ; ചെയ്തതില്‍ തെറ്റില്ലെന്നും കുട്ടിയുടെ പിതാവ്

മുദ്രാവാക്യം വിളിക്കുമ്പോള്‍ മകനോടൊപ്പം ഉണ്ടായിരുന്നു

Published

|

Last Updated

ആലപ്പുഴ | പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് കുട്ടിയുടെ പിതാവ് അസ്ജര്‍ ലത്തീഫ്. സംഘപരിവാറിനെതിരെയാണ് കുട്ടി മുദ്രാവാക്യം മുഴക്കിയതെന്നും , ചെയ്തതില്‍ തെറ്റില്ലെന്നും പിതാവ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. മുന്‍പും ഈ മുദ്രാവാക്യം വിളിച്ചിട്ടുള്ളതാണ്. ഇതിന്റെ വീഡിയോകളൊക്കെയുണ്ട്. ഇപ്പോള്‍ വിവാദമായത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും പിതാവ് പറഞ്ഞു.

അഭിഭാഷകന്റെ നിര്‍ദ്ദേശമനുസരിച്ച് വന്നതാണ്. ഒളിവിലായിരുന്നില്ല. ടൂര്‍ പോയതാണ്. മുദ്രാവാക്യം വിളിക്കുമ്പോള്‍ മകനോടൊപ്പം ഉണ്ടായിരുന്നു. ഇതിനു മുന്‍പ് ഇതേ മുദ്രാവാക്യം എന്‍ആര്‍സി സമരത്തില്‍ വിളിച്ചതാണ്. സംഭവത്തില്‍ തെറ്റില്ല. സംഘപരിവാറിനെതിരെ മുഴക്കിയ മുദ്രാവാക്യമാണ്. ഹിന്ദുമതത്തിനെയോ കൃസ്ത്യന്‍ മതത്തിനെതിരെയോ ഒന്നും പറഞ്ഞിട്ടില്ല- കുട്ടിയുടെ പിതാവ് പ്രതികരിച്ചു.

കേസില്‍ 20 പേരെയാണ് ഇതുവരെ റിമാന്‍ഡ് ചെയ്തത്. റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ പോലീസ് കഴിഞ്ഞ ദിവസമാണ് തിരിച്ചറിഞ്ഞത്. ശിശുക്ഷേമ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും കുട്ടിക്ക് കൗണ്‍സിലിങ് നല്‍കുമെന്നും കൊച്ചി കമ്മീഷനര്‍ സിഎച്ച് നാഗരാജു പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെയാണ് കുട്ടി വിദ്വേഷ മുദ്രാവാക്യം മുഴക്കിയത്.