Connect with us

Kerala

വോട്ടിംഗ് സമയം അവസാനിച്ചു; ചേലക്കരയില്‍ മികച്ച പോളിംഗ്, വയനാട്ടില്‍ കുത്തനെ ഇടിഞ്ഞു

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയില്‍ 71.65 ശതമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടില്‍ 63.27 ശതമാനം.

Published

|

Last Updated

കല്‍പ്പറ്റ/ തൃശൂര്‍ | ഉപതിരഞ്ഞെടുപ്പില്‍ വയനാടും ചേലക്കരയും വിധിയെഴുതി. വൈകിട്ട് ആറോടെ വോട്ടെടുപ്പ് അവസാനിച്ചു. ആറു വരെ വരിയിലുണ്ടായിരുന്ന, വോട്ട് ചെയ്യാന്‍ ബാക്കിയുള്ളവര്‍ക്ക് ടോക്കണ്‍ നല്‍കി.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയില്‍ 71.65 ശതമാനം വോട്ട് രേഖപ്പെടുത്തി. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടില്‍ പോളിംഗ് കുത്തനെ ഇടിഞ്ഞു. 63.27 ശതമാനം പേര്‍ മാത്രമാണ് മണ്ഡലത്തില്‍ വോട്ട് ചെയ്തത്. രണ്ട് മണ്ഡലങ്ങളിലും അനവധി പേര്‍ ക്യൂവില്‍ അവശേഷിക്കുന്നതിനാല്‍ പോളിംഗ് ശതമാനം ഇനിയും ഉയരും.

ഇന്ന് രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് വൈകീട്ട് ആറ് വരെ നീളും. രാവിലെ മുതല്‍ പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു.

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട മാനന്തവാടി, ബത്തേരി, കല്‍പ്പറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജക മണ്ഡലങ്ങളിലായി 14,71,742 വോട്ടര്‍മാരാണുള്ളത്. 2004 സര്‍വീസ് വോട്ടര്‍മാരും, ഭിന്നശേഷിക്കാരും 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരുമായി 11,820 വോട്ടര്‍മാരുമാണ് മണ്ഡലത്തിലുള്ളത്. 7,519 വോട്ടര്‍മാരാണ് വീടുകളില്‍ നിന്നുതന്നെ വോട്ട് ചെയ്യാന്‍ സന്നദ്ധരായി ഇത്തവണയും മുന്നോട്ടുവന്നത്.

ഏറ്റവും കൂടുതല്‍ സര്‍വീസ് വോട്ടര്‍മാരുള്ളത് ബത്തേരി നിയോജക മണ്ഡലത്തിലാണ്. 458 പേരാണ് ഇവിടെ സര്‍വീസ് വോട്ടര്‍മാരായുള്ളത്. 16 സ്ഥാനാര്‍ഥികളാണ് മണ്ഡലത്തില്‍ മത്സരംഗത്തുള്ളത്. മണ്ഡലത്തില്‍ 30 ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ ആകെ 1,354 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജമായത്. മാനന്തവാടി 173, സുല്‍ത്താന്‍ബത്തേരി 218, കല്‍പ്പറ്റ 187, തിരുവമ്പാടി 181, ഏറനാട് 174, നിലമ്പൂര്‍ 209, വണ്ടൂര്‍ 212 എന്നിങ്ങനെയാണ് പോളിംഗ്് സ്റ്റേഷനുകള്‍.

ജില്ലയില്‍ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 11 പോളിംഗ് ബൂത്തുകളും പ്രത്യേക സുരക്ഷാ പട്ടികയിലുണ്ട്. ഇവിടെയെല്ലാം വെബ്കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Latest