Connect with us

minister p prasad

ചെറുവയൽ രാമന്റെ ആശങ്ക പരിഹരിക്കും; കർഷകരെ ഇനിയും വിദേശത്തേക്ക് അയക്കുമെന്നും മന്ത്രി പി പ്രസാദ്  

നെതർലാൻഡ്, ചൈന, വിയറ്റ്നാം, തായ്‌ലാൻഡ് എന്നിവിടങ്ങളിലേക്കും കർഷകരെ അയക്കും.

Published

|

Last Updated

അബുദബി | നാടൻ നെൽവിത്തുകളുടെ സംരക്ഷകനായ പത്മശ്രീ ചെറുവയൽ രാമൻ ഉയർത്തിയ ആശങ്ക പരിഹരിക്കുമെന്നും വിഷയം പഠിക്കുന്നതിന് കാർഷിക സർവകലാശാലയെ ചുമതലപ്പെടുത്തുമെന്നും കൃഷിമന്ത്രി  മന്ത്രി പി പ്രസാദ് അറിയിച്ചു. നെൽവിത്തുകളോട് താല്പര്യം കാണിച്ച നല്ലൊരു മനുഷ്യനാണ് ചെറുവയൽ രാമൻ. കൃഷിയെ പ്രാണവായുവിനെ പോലെ ഇഷ്ടപ്പെടുകയും പ്രണയിക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം. രാമൻ വിത്തുകളോട് കാണിച്ച താല്പര്യത്തെ കേരളം ആദരപൂർവം സ്വീകരിക്കേണ്ടതാണ്. വിത്ത്  വില്പനയുടെയും കച്ചവടത്തിന്റെയും പ്രധാന ഇനമായി മാറിയ ഈ കാലത്ത് വിത്ത്  വിപണനത്തിനുള്ളതല്ലെന്നും കൈമാറ്റത്തിനുള്ളതാണെന്നും തലമുറകളിലേക്ക് കൈമാറേണ്ടതാണെന്നുമുള്ള ഉത്തമ വിശ്വാസത്തോടെ തലമുറകൾക്കായി കരുതിവെച്ച ഒരു വലിയ മനുഷ്യനാണ് ചെറുവയൽ രാമൻ. അദ്ദേഹം ഉയർത്തിപ്പിടിച്ച ഏറ്റവും പ്രധാനപ്പെട്ട ആശങ്ക പരിഹരിക്കാൻ സർക്കാർ മുന്നോട്ട് വരും. രാമൻ്റെ പക്കലുള്ള അമൂല്യ വിത്തുകൾ സൂക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും തലമുറകൾക്കായി കൈമാറുന്നതിനും ആവശ്യമായ സംവിധാനം ഒരുക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധമാണ്. സർക്കാർ ഈ വിഷയം വളരെ ഗൗരവത്തിൽ കൈകാര്യം ചെയ്യും. കാർഷിക സർവകലാശാലക്ക് ഈ വിഷയത്തിൽ എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് ആരായും. ഇതിന് ബന്ധപ്പെട്ടവരെ ചുമതലപെടുത്തുമെന്നും മന്ത്രി അറിയിച്ചു.

കാർഷിക വകുപ്പ് കള്ളനാണയങ്ങളെ പ്രോത്സാഹിപ്പിക്കില്ല

 

കൃഷിവകുപ്പിന്റെ കീഴിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥരിൽ കള്ള നാണയങ്ങൾ ഉണ്ടെങ്കിൽ പ്രോത്സാഹിപ്പിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം കള്ള നോട്ട് കേസിൽ പിടികൂടിയ ഉദ്യോഗസ്ഥക്കെതിരെ കർശന നടപടി സ്വീകരിച്ചു. കൃഷിയെ സംരക്ഷിക്കുന്നതിന് കൃഷിഭവൻ അത്യാവശ്യമാണ്. കേരളത്തിൽ കൃഷിക്ക് കൃഷിഭവൻ പ്രയോജനം ചെയ്യുന്നില്ല എന്ന് പറയുന്നത് ശരിയല്ല. ഭാരിച്ച ജോലികളാണ് കൃഷിഭവനുകളിലെ ജീവനക്കാർ ചെയ്യുന്നത്. ഇന്ന് കേരളം  അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം കൃഷി ഭവനിൽ ജീവനക്കാരുടെ എണ്ണം കുറവുള്ളതാണ്. രണ്ടോ മൂന്നോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പരിധിയുള്ള കൃഷിഭവനിൽ നിലവിൽ മൂന്നോ നാലോ ജീവനക്കാരാണ് ജോലി ചെയ്യുന്നത്. സാങ്കേതികമായി കൃഷിയെ കുറിച്ചു പഠിച്ചവരുടെ സേവനം ലഭിക്കേണ്ടത് കൃഷിയിടത്തിലാണ്. കൃഷി ഉദ്യോഗസ്ഥരുടെ സേവനം പരമാവധി കൃഷിയിടത്തിൽ ലഭ്യമാക്കുന്നതിനായി നിലവിലെ രീതിയിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നതായും ഇതിന്റെ ഭാഗമാണ് സ്മാർട്ട് കൃഷിഭവൻ എന്ന രീതിയിലേക്ക് മാറിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൃഷിഭവനുകളുടെ കെട്ടിടം മോടികൂട്ടി പുതിയ സാങ്കേതിക വിദ്യയിൽ ആധുനികവത്കരിക്കുക എന്നതല്ല സ്മാർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. സേവനം സ്മാർട്ട് ആകുക എന്നതാണ്. കൃഷിഭവനുകളുടെ സേവനം സ്മാർട്ട് ആകുന്നത് കൃഷിയിടത്തിലാണ്.

സോഷ്യൽ ഓഡിറ്റ് നടപ്പിലാക്കി

കൃഷിവകുപ്പിൽ ആദ്യമായി സോഷ്യൽ ഓഡിറ്റ് നടപ്പിലാക്കിയതായി മന്ത്രി അറിയിച്ചു. എന്തൊക്കെയാണ് കൃഷിവകുപ്പിൽ ചെയ്യുന്നത് എന്നത് ജനം അറിയണം. സോഷ്യൽ ഓഡിറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത് ജനങ്ങൾക്ക് പരിശോധിക്കാനുള്ള സംവിധാനമാണ്. കർഷകന് ഇടപെടാൻ കഴിയുന്ന ഒരു രീതിയെ സർക്കാർ കൊണ്ടുവരികയാണ്.

കൂടുതൽ കർഷകരെ വിദേശ രാജ്യങ്ങളിലേക്ക് അയക്കും 

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് കൃഷി പഠിക്കാൻ കർഷകർ വിദേശരാജ്യങ്ങളിലേക്ക് പോകുന്നത്. ഇതുവരെ കൃഷി പഠിക്കാൻ പോയിട്ടുള്ളത് മന്ത്രിമാരും ഉദ്യോഗസ്ഥരുമായിരുന്നു. കൃഷി പഠിക്കാൻ കർഷകരെ ഇസ്റാഈലിലേക്കാണ് അയച്ചതെങ്കിൽ നെതർലാൻഡ്, ചൈന, വിയറ്റ്നാം, തായ്‌ലാൻഡ് എന്നിവിടങ്ങളിലേക്കും അയക്കും. ഇവിടങ്ങളിൽ നിന്നും കേരളത്തിലെ കർഷകർക്ക് അനവധി പഠിക്കാനുണ്ട്. കർഷകരുടെ ഇസ്റാഈൽ യാത്രയിൽ ഒരാൾ ഒളിച്ചോടിയത് കാരണം ഇനി മുതൽ കർഷകരെ വിദേശരാജ്യങ്ങളിലേക്ക് അയക്കേണ്ടതില്ലെന്ന തീരുമാനം സർക്കാറിനില്ല. കേരളത്തിന്റെ കർഷകർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന കൃഷി രീതി പഠിക്കണമെന്നാണ് സർക്കാറിന്റെ ആഗ്രഹം.

കൃഷി ദർശൻ സംഘടിപ്പിക്കും
 
എല്ലാ ജില്ലകളിലും ഒരു കാർഷിക ബ്ലോക്കിൽ കൃഷി ദർശൻ സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. കാർഷിക പ്രദർശനങ്ങൾ, മേളകൾ എന്നിവ ഉൾപ്പെട്ടതാണ് കൃഷി ദർശൻ. മൂന്ന് കൃഷിദർശൻ കേരളത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. നാലാമത്തേത്ത് അടുത്ത മാസം ഹരിപ്പാട് നടക്കും. കർഷകന്റെ ഉൽപ്പന്നങ്ങൾ മൂല്യ വർധിത ഉല്പന്നങ്ങളായി മാറുന്നതിന്റെ പ്രദർശനങ്ങൾ, വിൽപ്പന എന്നിവയാണ് കൃഷി ദർശൻ മന്ത്രി അറിയിച്ചു. കൃഷിവകുപ്പ് ബിസിനസ് ടു ബിസ്നസ് മീറ്റ് സംഘടിപ്പിച്ചിരുന്നു. കർഷകരും ആവശ്യക്കാരുമായി നൂറോളം പേരാണ് പങ്കെടുത്തത്. ഇതിൽ 40 കോടിയുടെ വ്യാപാരത്തിന് ധാരണയായി. 2023ൽ നൂറ് കോടിയുടെ വ്യാപാരമാണ് കൃഷിവകുപ്പ് ലക്ഷ്യമാക്കുന്നത്. കർഷകർ ഉല്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ വേറെ ഇടനിലക്കാരില്ലാതെ നേരിട്ട് ആവശ്യക്കാരിലേക്ക് എത്തിക്കാൻ കഴിയണം. ബിസിനസ് ടു ബിസിനസ് എല്ലാ ജില്ലകളിലും സംഘടിപ്പിക്കും.

മൂല്യവർധിത ഉൽപ്പന്നങ്ങൾ വിപണിയിലിറക്കും

കേരളത്തിൽ 1076 കൃഷിഭവനുകളാണ് പ്രവർത്തിക്കുന്നത്. ഓരോ കൃഷിഭവനും അടുത്ത വർഷത്തോടെ ഒരു മൂല്യവർധിത ഉൽപ്പന്നങ്ങൾ വിപണിയിലിറക്കും നിലവിൽ അഞ്ഞൂറിന് മുകളിൽ കൃഷിഭവനുകൾ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കി. ഒരു കൃഷിഭവനിൽ നിന്നും പത്ത് ഉത്പന്നങ്ങൾ വരെ ഉത്പാദിപ്പിച്ചിട്ടുണ്ട്.  കർഷകന്റെ ഉൽപ്പന്നങ്ങൾക്ക് വിപണി ഉറപ്പാക്കുന്നതിന് പതിനായിരം കൃഷികൂട്ടമുണ്ടാക്കാൻ തീരുമാനിച്ചപ്പോൾ 2,50,00 മുകളിൽ കൃഷിക്കൂട്ടം രൂപീകരിച്ചു. കേരള അഗ്രോ ബ്രാൻഡിലാണ് കേരളത്തിലെ കർഷകരുടെ ഉൽപ്പന്നങ്ങൾ വിപണിയിലിറങ്ങുക. കേരളത്തിലെ കാർഷിക ഉൽപ്പന്നങ്ങൾ ഓൺലൈൻ പ്ലാറ്റ് ഫോമിൽ ഏറ്റവും സാങ്കേതിക വിദ്യയിൽ ഫ്ലിപ്കാർട്ടിൽ ലഭിക്കും.

സ്പെഷ്യൽ റിപ്പോർട്ടർ, സിറാജ്, അബൂദബി