Connect with us

Articles

ചെറു മീനുകള്‍ വലയിലുണ്ട്; വമ്പന്‍ സ്രാവുകളോ?

അക്രമങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും ആത്മഹത്യയിലേക്കും നിരാശയിലേക്കും ഒറ്റപ്പെടലിലേക്കും സാമൂഹിക പകപോക്കലുകളിലേക്കും ആളുകളെ കൊണ്ടെത്തിക്കുന്നതിന്റെ പിറകിലെ ഏറ്റവും പ്രധാനപ്പെട്ട കാരണമായി ലഹരി അടിമത്തം മാറിക്കഴിഞ്ഞിട്ടുണ്ട്. ലഹരി മാഫിയകളെ വേരോടെ ഉന്മൂലനം ചെയ്യുക എന്നത് ഭരണകൂടത്തിന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്വമായി മാറണം.

Published

|

Last Updated

പുതു തലമുറ ബുദ്ധിവികാസത്തിലും കഴിവുകളിലും മുന്നേറുകയാണ്. ചിന്താഗതിയിലും കണ്ടെത്തലുകളിലും പുതുമ നിറഞ്ഞ ഒരു തലമുറയാണിത്. എന്നാല്‍, ഈ പുരോഗതിയോടൊപ്പം, ലഹരി ഉപയോഗവും അതിന്റെ ദൂഷ്യഫലങ്ങളും ന്യൂജന്‍ തലമുറ അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ പ്രതിസന്ധിയായി മാറുന്നു. സ്‌കൂള്‍ പഠനഘട്ടത്തില്‍ തന്നെ വിദ്യാര്‍ഥികള്‍ ലഹരിയിലേക്ക് വഴുതി വീഴുന്നത് അതീവ ഗൗരവമേറിയ ഒരു സാമൂഹിക പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്. നഗരങ്ങളിലും ഗ്രാമങ്ങളിലും ദേശീയ പാതകളിലും ലഹരി വിപണനം വര്‍ധിച്ചുവരുന്നു.

കേരളം ലഹരിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. 2023ല്‍ 27,701 കേസുകള്‍ കേരളത്തില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടു. 2024ല്‍ 30,715 ആയി ഉയര്‍ന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള ലഹരിയുടെ ഒഴുക്ക് ഗുരുതരമായ സാഹചര്യമാണ് സംസ്ഥാനത്ത് സൃഷ്ടിക്കുന്നത്.

ഒരുകാലത്ത് ക്യാമ്പസുകളില്‍ മദ്യവും കഞ്ചാവുമായിരുന്നു ലഹരിയുടെ മുഖ്യരൂപം. എന്നാല്‍ ഇന്ന് എം ഡി എം എ പോലുള്ള മാരക രാസലഹരികള്‍ വിദ്യാര്‍ഥികളുടെ കൈകളിലെത്തുകയാണ്. പഠനങ്ങള്‍ വ്യക്തമാക്കുന്നതുപോലെ, ലഹരി വസ്തുക്കളില്‍ ഏറ്റവും അപകടകാരിയാണിത്. തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും അപകടകരമായ വശം. ഇതിന്റെ സ്ഥിരമായ ഉപയോഗം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും അന്തിമമായി മരണത്തിലേക്കെത്തിക്കുകയും ചെയ്യുന്നു. അക്രമങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും ആത്മഹത്യയിലേക്കും നിരാശയിലേക്കും ഒറ്റപ്പെടലിലേക്കും സാമൂഹിക പകപോക്കലുകളിലേക്കും ആളുകളെ കൊണ്ടെത്തിക്കുന്നതിന്റെ പിറകിലെ ഏറ്റവും പ്രധാനപ്പെട്ട കാരണമായി ലഹരി അടിമത്തം മാറിക്കഴിഞ്ഞിട്ടുണ്ട്.

ലഹരി ഉപയോഗം ആരംഭിക്കുന്നവരില്‍ 78 ശതമാനം പേരും കൗതുകം മൂലമാണ് ആദ്യ ശ്രമം നടത്തുന്നത്. 79 ശതമാനം പേര്‍ക്ക് ആദ്യമായി ലഹരി പദാര്‍ഥം ലഭിക്കുന്നത് സുഹൃത്തുക്കളിലൂടെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, 80 ശതമാനം പേരും ലഹരി ഉപയോഗിക്കുന്നത് കൂട്ടുകാരുടെ ഒപ്പമാണെന്നും കേരള സര്‍ക്കാറിന്റെ ലഹരിവിരുദ്ധ പദ്ധതി ‘വിമുക്തി’യുടെ പഠനത്തില്‍ വ്യക്തമാക്കുന്നു.

ലഹരിവ്യാപനം വര്‍ധിക്കുന്നതോടൊപ്പം സംസ്ഥാനത്ത് കുറ്റകൃത്യങ്ങളും ഉയരുകയാണ്. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം, 2024ല്‍ കേരളത്തില്‍ 1,029 കൊലപാതക ശ്രമങ്ങള്‍, 4,842 മോഷണങ്ങള്‍, 3,346 സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവ റിപോര്‍ട്ട് ചെയ്തു. ഇത് തൊട്ടുമുമ്പുള്ള വര്‍ഷത്തേക്കാള്‍ കൂടുതലാണ്. സംസ്ഥാനത്ത് അനിയന്ത്രിതമായി പടര്‍ന്നു പിടിക്കുന്ന ലഹരിവ്യാപനം തടയാനുള്ള നടപടികള്‍ പ്രായോഗികമാകാത്തതും കുറ്റവാളികള്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കുന്നതിലെ കാലതാമസവും ലഹരി വ്യാപനം ഉയരാന്‍ കാരണമായി മാറുന്നു. ഇതിന്റെ ഭീകരഫലങ്ങള്‍ നേരിട്ട് അനുഭവിക്കുന്നത് സാധാരണ ജനങ്ങളാണ്.

നിലവിലെ നിയമവ്യവസ്ഥയും സുരക്ഷാ നടപടികളും ഈ പ്രവണത തടയാന്‍ പര്യാപ്തമല്ല. നിയമങ്ങള്‍ ശക്തിപ്പെടുത്തുകയും കുറ്റവാളികള്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കുകയും ചെയ്യണം. മയക്കുമരുന്ന് കേസുകളില്‍ കഠിന ശിക്ഷ നല്‍കുന്നതിലെ അനാസ്ഥ ലഹരി വ്യാപനത്തിന് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു. അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധ ചെറിയ കുറ്റവാളികളെയും ഇടത്തരം പങ്കാളികളെയും പിടികൂടുന്നതില്‍ മാത്രം കേന്ദ്രീകരിക്കുമ്പോള്‍, ലഹരി മാഫിയകളും അവര്‍ക്ക് പിന്തുണ നല്‍കുന്ന ഉന്നതരും സുരക്ഷിതരായി തുടരുന്നു. ലഹരി മാഫിയകളെ വേരോടെ ഉന്മൂലനം ചെയ്യുക എന്നത് ഭരണകൂടത്തിന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്വമായി മാറണം.

ലഹരിയും അക്രമവും പിടിമുറുക്കുന്ന തലമുറയെ രക്ഷിക്കാന്‍ ഏറ്റവും ശക്തമായ ആയുധം മൂല്യബോധവും ധാര്‍മികതയുമുള്ള വിദ്യാഭ്യാസമാണ്. മതപരവും സാംസ്‌കാരികവുമായ അവബോധം ചെറിയ പ്രായത്തില്‍ തന്നെ പകര്‍ന്നുനല്‍കണം. ധാര്‍മികചിന്തയെ പ്രോത്സാഹിപ്പിക്കണം. വിദ്യാഭ്യാസ സംവിധാനം മികച്ച പഠിതാക്കളെ മാത്രം സൃഷ്ടിക്കാനല്ല, മറിച്ച് ഉത്തരവാദിത്വമുള്ള പൗരന്മാരെയും സഹജീവി സ്‌നേഹമുള്ള വ്യക്തികളെയും രൂപപ്പെടുത്താന്‍ കൂടിയാകണം. ചെറിയ ക്ലാസ്സുകളിലെ സിലബസുകളില്‍ ഇത്തരം വിഷയങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കൃത്യമായ അവബോധം വളര്‍ന്ന് വരുന്ന തലമുറകള്‍ക്ക് സമ്മാനിക്കുക എന്നതാണ് പരമപ്രധാനം.

കുട്ടികളിലെ ലഹരിയുപയോഗം തടയേണ്ടത് സര്‍ക്കാറിന്റെ മാത്രം ഉത്തരവാദിത്വമെന്ന് കരുതരുത്; കുടുംബത്തിനും അധ്യാപകര്‍ക്കും സമൂഹത്തിനും ഉത്തരവാദിത്വമുണ്ട്. കുടുംബങ്ങള്‍ കുട്ടികളുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ പരാജയപ്പെടുമ്പോഴാണ്, അവര്‍ വഴിതെറ്റുന്ന അവസ്ഥ വേഗത്തിലാകുന്നത്. ഈ ഇരുണ്ട കാലത്ത് നെല്ലും പതിരും വേര്‍തിരിച്ചറിയാന്‍ മക്കളെ പ്രാപ്തരാക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.

 

Latest