Kerala
ചെള്ള് പനി: ഊര്‍ജിത പ്രതിരോധവുമായി ആരോഗ്യ വകുപ്പ്
മരിച്ചവരുടെ ബന്ധുക്കളില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കും
തിരുവനന്തപുരം സംസ്ഥാനത്ത് ചെള്ള്പനി കേസുകള്‍ കൂടിനരുകയും ഒരാഴ്ചക്കിടെ തലസ്ഥാന ജില്ലയില് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ്. ആരോഗ്യവിഭാഗവും വെറ്റിനറി വിഭാഗവും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളില്‍ സംയുക്തമായി പരിശോധന നടത്തും.
കഴിഞ്ഞ ദിവസം മരിച്ച പാറശാല ഐങ്കാമം സ്വദേശി സുബിതയുടെ വീട്ടില്‍ നിന്നുള്ള സാമ്പിളുകള്‍ ഉടന്‍ ശേഖരിക്കും. വ്യാഴാഴ്ച മരിച്ച വര്‍ക്കല സ്വദേശി അശ്വതിയുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി വീട്ടിലെ വളര്‍ത്തു മൃഗങ്ങളുടെ രക്ത സാമ്പിളുകളും ഇവയുടെ പുറത്തെ ചെള്ളുകളും ശേഖരിച്ചിരുന്നു. ഇവിടുത്തെ നായക്കുട്ടിയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ചെള്ള് പനിക്ക് കാരണമായ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അന്തിമഫലമായി ഇത് കണക്കാക്കിയിട്ടില്ല.
അശ്വതിയോട് അടുത്തിടപഴകിയ ആറ് പേരുടെ രക്ത സാമ്പിളും പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്.
ഈ മാസം ഇതുവരെ 15 പേര്‍ക്കാണ് ചെള്ള് പനി സ്ഥിരീകരിച്ചത്. ഈ വര്‍ഷം സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഇതോടെ 132 ആയി. സാധാരണ മലയോരമേഖലകളിലാണ് ചെള്ള് പനി ബാധയ്ക്ക് കൂടുതല്‍ സാധ്യത. പക്ഷെ നഗരമേഖലകളിലേക്കും രോഗം വ്യാപിക്കുന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.