Connect with us

Kerala

സ്മാര്‍ട് സിറ്റീസ് ഇന്ത്യ അവാര്‍ഡ് നോളജ് സിറ്റിക്ക്

പ്രകൃതിയെ നശിപ്പിക്കാതെ തന്നെ ഗ്രാമീണ സാമ്പത്തിക ഉന്നമനത്തിനായി നോളജ് സിറ്റി നടത്തുന്ന പരിശ്രമങ്ങളാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്.

Published

|

Last Updated

സ്മാര്‍ട് സിറ്റീസ് ഇന്ത്യ നല്‍കുന്ന ഗ്രീന്‍ ആന്‍ഡ് സസ്റ്റൈനബിള്‍ സ്മാര്‍ട് സിറ്റി അവാര്‍ഡ് മര്‍കസ് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് സ്വീകരിക്കുന്നു.

ന്യൂഡല്‍ഹി | സ്മാര്‍ട് സിറ്റീസ് ഇന്ത്യ നല്‍കുന്ന ഗ്രീന്‍ ആന്‍ഡ് സസ്റ്റൈനബിള്‍ സ്മാര്‍ട് സിറ്റി അവാര്‍ഡിന് മര്‍കസ് നോളജ് സിറ്റി അര്‍ഹമായി. ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ നോളജ് സിറ്റി സി ഇ ഒ. ഡോ. അബ്ദുസ്സലാം മുഹമ്മദ് അവാര്‍ഡ് സ്വീകരിച്ചു.

പ്രകൃതിയെ നശിപ്പിക്കാതെ തന്നെ ഗ്രാമീണ സാമ്പത്തിക ഉന്നമനത്തിനായി നോളജ് സിറ്റി നടത്തുന്ന പരിശ്രമങ്ങളാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്. ഇന്ത്യ ട്രേഡ് പ്രമോഷന്‍ ഓര്‍ഗനൈസേനും കേന്ദ്ര വാണിജ്യ മന്ത്രാലയവും എക്സിബിഷന്‍ ഇന്ത്യ ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിച്ചത്. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ചടങ്ങില്‍ വിശിഷ്ടാതിഥിയായി. നോളജ് സിറ്റി എഫ് പി എം ഒ. ഡോ. സയ്യിദ് നിസാം റഹ്മാന്‍ ചടങ്ങില്‍ സന്നിഹിതനായി. ഉജ്ജൈന്‍ സ്മാര്‍ട് സിറ്റി, ഝാന്‍സി സ്മാര്‍ട് സിറ്റി എന്നിവയാണ് ഈ കാറ്റഗറിയില്‍ ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ട മറ്റ് നഗരങ്ങള്‍.

ജനത്തിരക്കും മലിനീകരണവും നിറഞ്ഞ മെട്രോ സിറ്റികളില്‍ നിന്ന് വ്യത്യസ്തമായി വികേന്ദ്രീകൃത നഗരവത്കരണത്തിന്റെ മാതൃകയാണ് നോളജ് സിറ്റി പിന്തുടരുന്നത്. പരിസരത്തെ 40 ഗ്രാമങ്ങളുടെ വികസനത്തിനുതകുന്ന സാമ്പത്തിക, സാമൂഹിക സംരംഭങ്ങളും നടപ്പാക്കിവരുന്നുണ്ട്. ഈ സമീപനം ഇന്ത്യാ ഗവണ്‍മെന്റിന്റെ PURA (Providing Urban Amenities to Rural Areas) സംരംഭവുമായി യോജിക്കുന്നതാണ്.

പരിസ്ഥിതി സഹകരണത്തോടെയുള്ളതും സുസ്ഥിരവുമായ പദ്ധതികളാണ് നോളജ് സിറ്റിയുടെ വിജയത്തിലെ പ്രധാന ഘടകം. പുനരുപയോഗ ഊര്‍ജം, നൂതന ജല പുനരുപയോഗ സംവിധാനങ്ങള്‍, മഴവെള്ള സംഭരണം, ജലം പാഴാക്കല്‍ കുറയ്ക്കുന്നതിനുള്ള ഭൂഗര്‍ഭജല റീചാര്‍ജ് സംവിധാനങ്ങള്‍ എന്നിവയും നോളജ് സിറ്റിയുടെ സവിശേഷതയാണ്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ദേശീയ തലത്തിലുള്ള നേട്ടത്തിന് നോളജ് സിറ്റി അര്‍ഹരാക്കിയത്.

 

 

Latest