Connect with us

Kerala

സ്മാര്‍ട്ട് സിറ്റി: പ്രചരിക്കുന്നത് ഊഹാപോഹങ്ങൾ; പദ്ധതി നിന്നുപോകിെല്ലന്ന് മുഖ്യമന്ത്രി

ടീകോമിന് നഷ്ടപരിഹാരം കൊടുത്ത് പറഞ്ഞുവിടല്‍ അല്ല ലക്ഷ്യമെന്നും ഇത് കേരളവും യു എ ഇ സര്‍ക്കാറും തമ്മിലുള്ള കാര്യമാണെന്നും മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സ്മാര്‍ട്ട് സിറ്റി പദ്ധതി നിന്നുപോകില്ലന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു സംബന്ധിച്ച് പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്. കേരളത്തിന്റെ ഭാവി ഐ ടി വികസനത്തിന് ഉതകുംവിധത്തില്‍ ഇടപെടല്‍ ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടീകോമിന് നഷ്ടപരിഹാരം കൊടുത്ത് പറഞ്ഞുവിടല്‍ അല്ല ലക്ഷ്യമെന്നും ഇത് കേരളവും യു എ ഇ സര്‍ക്കാറും തമ്മിലുള്ള കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥലം ഏറ്റെടുക്കലാണ് ലക്ഷ്യം. വിദഗ്ധ സമിതി ഭാവി കാര്യങ്ങള്‍ തീരുമാനിക്കും. ടീകോം വാങ്ങിയ ഓഹരി വിലയാണ് മടക്കിനൽകുന്നത്. അത് നഷ്ടപരിഹാരം അല്ല. ആര്‍ക്കും ഭൂമി പതിച്ചുകൊടുക്കില്ല. ഉടമസ്ഥത സര്‍ക്കാറിന് തന്നെ ആകും. 246 ഏക്കര്‍ ഭൂമി ഐ ടി വികസനത്തിന് ഉപയോഗിക്കും. കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയിലേക്ക് കൂടുതല്‍ കമ്പനികള്‍ എത്തും. ടീകോമിനെ ഒഴിവാക്കിയത് വിശദമായ ചര്‍ച്ചക്ക് ശേഷമാണ്. ടീകോമിന്റെ ഓഹരി കേരള സര്‍ക്കാറിന് വാങ്ങാം എന്ന് എ ജി ഉപദേശിച്ചു.
ടീകോമിനുള്ള 84 ശതമാനം ഓഹരിക്ക് ഉള്ള വിലയാണ് നല്‍കുന്നത്. ആര്‍ബിട്രേഷന് പോകാത്തത് സമയനഷ്ടം ഒഴിവാക്കാനാണ്. ദുബൈ ഹോള്‍ഡിംഗ്‌സ് 201ല്‍ ദുബൈക്ക് പുറത്തുള്ള ഓപറേഷന്‍സ് നിര്‍ത്തുന്നതായി തീരുമാനം കൈക്കൊണ്ടതിന്റെ കൂടി ഫലമായാണ് നിലവില്‍ ഈയൊരു സാഹചര്യം സ്മാര്‍ട്ട് സിറ്റിക്ക് ഉണ്ടായത്.

ഇപ്പോള്‍ തന്നെ ഇന്‍ഫോ പാര്‍ക്കില്‍ 99 ശതമാനം സ്ഥലവും വിവിധ കമ്പനികള്‍ പ്രയോജനപ്പെടുത്തിവരികയാണ്. പുതിയ കമ്പനികള്‍ക്ക് കടന്നുവരാനും മറ്റ് അടിസ്ഥാന സൗകര്യ വികസനത്തിനും സ്ഥലപരിമിതി തടസ്സമായി നില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്‍ഫോ പാര്‍ക്കിന് തൊട്ടടുത്തുള്ള 246 ഏക്കര്‍ ഭൂമിയിലൂടെ കേരളത്തിന്റെ ഐ ടി വികസനം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest