Connect with us

Uae

ദുബൈ വിമാനത്താവളത്തില്‍ സ്മാര്‍ട്ട് സ്‌കാനിംഗ് വരുന്നു

ബോട്ടിലുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പുറത്തെടുക്കാതെ സുരക്ഷാ പരിശോധന നടത്താനാവുന്ന സംവിധാനം.

Published

|

Last Updated

ദുബൈ | ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാര്‍ക്ക് കാബിന്‍ ലഗേജുകളില്‍ നിന്ന് ബോട്ടിലുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പുറത്തെടുക്കാതെ സുരക്ഷാ പരിശോധന നടത്താനാവുന്ന സംവിധാനം ഉടന്‍ നിലവില്‍ വരും. സ്മാര്‍ട്ട് സ്‌കാനിംഗ് സംവിധാനത്തിലൂടെ നടപടി വേഗത്തിലാവുമെന്ന് ദുബൈയില്‍ ഇന്നലെ സമാപിച്ച തുറമുഖങ്ങളുടെ ഭാവി സംബന്ധിച്ച സമ്മേളനത്തില്‍ അധികൃതര്‍ വ്യക്തമാക്കി.

സ്മാര്‍ട്ട് സ്‌കാനിംഗ് സംവിധാനം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ടെക്നോളജി സേവന കമ്പനിയായ എമാരാടെക് അറിയിച്ചു. സാങ്കേതികവിദ്യയ്ക്കുള്ള സര്‍ട്ടിഫിക്കേഷന്‍ ലഭിക്കാന്‍ കാത്തിരിക്കുകയാണ്, ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ഇത് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ക്യാരി-ഓണ്‍ ബാഗുകള്‍ സ്മാര്‍ട്ട് ട്രോളിയില്‍ വെച്ചു സ്മാര്‍ട്ട് എക്‌സ്-റേ സ്‌കാനറിലൂടെ കടത്തി വിടും. ബാഗുകള്‍ക്കുള്ളിലെ വസ്തുക്കള്‍ വിശകലനം ചെയ്യുകയും അവയ്ക്ക് കളര്‍ കോഡ് നല്‍കുകയും ചെയ്യും. പച്ച എന്നാല്‍ സുരക്ഷിതമാണ്. വ്യക്തിഗത സെക്യൂരിറ്റി ചെക്ക് വേണ്ടവ ചുവപ്പ് കളറില്‍ മാര്‍ക്ക് ചെയ്യപ്പെടും. അനുവദനീയമായ എല്ലാ കുപ്പികളും ദ്രാവകങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും ഡിസ്‌പ്ലേയില്‍ പച്ചയായി ദൃശ്യമാകും. ചുവപ്പ് നിറത്തില്‍ കാണപ്പെടുന്ന ഇനങ്ങള്‍ കൂടുതല്‍ പരിശോധിക്കും

പുതിയ സംവിധാനം ലഗേജ് പരിശോധിക്കുന്നതിനുള്ള സമയം ഗണ്യമായി കുറയ്ക്കും. മണിക്കൂറില്‍ 450 യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ഇതിലൂടെ സാധിക്കും. നിലവിലെ ശരാശരി മണിക്കൂറില്‍ 150 യാത്രക്കാരാണ്. അധികൃതര്‍ വ്യക്തമാക്കി.

ക്രിയാത്മക നയങ്ങള്‍
സമ്മേളനത്തില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ-ദുബൈ) അഞ്ച് പുതിയ സജീവ നയങ്ങള്‍ പ്രഖ്യാപിച്ചു.

നിയമലംഘകരുടെയും വിദേശികളുടെയും ഫോളോ-അപ്പ് സുരക്ഷ, എയര്‍പോര്‍ട്ടുകളിലൂടെയുള്ള സുഗമമായ യാത്ര, സുരക്ഷിത കര, കടല്‍ തുറമുഖ നയം, മാനവ-സാമ്പത്തിക വിഭവശേഷി വികസന നയം, ഹാപ്പി റെസിഡന്റ് പോളിസി എന്നിവയാണത്.

 

---- facebook comment plugin here -----

Latest