Uae
മെട്രോ, ട്രാം നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സ്മാര്‍ട്ട് വാഹനങ്ങള്‍
കാമറകള്‍ ഘടിപ്പിച്ചതും 'നൂതന രഹസ്യാന്വേഷണ സംവിധാനങ്ങള്‍' ഉള്ളതുമായ ഈ വാഹനങ്ങളുടെ ട്രയല്‍ ഓപറേഷന്‍ ആരംഭിച്ചു.
ദുബൈ | മെട്രോ, ട്രാം നെറ്റ്വര്‍ക്കുകള്‍ക്കുള്ളിലെ നിയമ ലംഘനങ്ങള്‍, നശീകരണ പ്രവര്‍ത്തനങ്ങള്‍, എന്നിവ കണ്ടെത്തുന്നത് ‘സ്മാര്‍ട്ട്’ പരിശോധനാ വാഹനങ്ങള്‍. റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ)യാണ് ഇവ രംഗത്തിറക്കിയത്.
കാമറകള്‍ ഘടിപ്പിച്ചതും ‘നൂതന രഹസ്യാന്വേഷണ സംവിധാനങ്ങള്‍’ ഉള്ളതുമായ ഈ വാഹനങ്ങളുടെ ട്രയല്‍ ഓപറേഷന്‍ ആരംഭിച്ചു. അവ റെയില്‍ പാതയുടെ വലത് ഭാഗങ്ങളിലൂടെ സഞ്ചരിച്ച് നിയമലംഘനങ്ങള്‍ കണ്ടെത്തും. റെയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിക്കാന്‍ സ്മാര്‍ട്ട് വാഹനങ്ങള്‍ സഹായിക്കുമെന്ന് റെയില്‍ റൈറ്റ് ഓഫ് വേ ഡയറക്ടര്‍ അബ്ദുര്‍റഹ്മാന്‍ അല്‍ ജനാഹി പറഞ്ഞു.
‘ഈ സാങ്കേതികവിദ്യ ഞങ്ങളുടെ പരിശോധനകളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക മാത്രമല്ല, റെയില്‍ സേവനങ്ങളുടെ സുരക്ഷിതത്വവും വിശ്വാസ്യതയും ഉറപ്പാക്കും. പ്രശ്നങ്ങള്‍ വേഗത്തില്‍ തിരിച്ചറിയാനും പരിഹരിക്കാനും ഞങ്ങളെ സഹായിക്കും. സ്മാര്‍ട്ട് ഇന്‍സ്‌പെക്ഷന്‍ വെഹിക്കിള്‍, നിര്‍മിത ബുദ്ധി ഉപയോഗിക്കുന്നു.’
പരിശോധനാ മേഖലകളുടെ പൂര്‍ണ കവറേജ് സാധ്യമാകും. റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന് ഇരട്ടി വേഗതയും ഉണ്ടാകും. പരിശോധനാ പ്രക്രിയയിലെ മാനുഷിക പിഴവുകള്‍ കുറയ്ക്കാനും തീരുമാനങ്ങള്‍ എടുക്കുന്നതിന് ശക്തമായ പിന്തുണ നല്‍കാനും ഇത് ശ്രമിക്കുന്നു.