Connect with us

National

വന്ദേ ഭാരത് ട്രെയിനില്‍ പുക ഉയര്‍ന്നു; പുകവലിച്ച യാത്രക്കാരന്‍ കസ്റ്റഡിയില്‍

വലിയ തോതില്‍ പുക ഉയര്‍ന്നെങ്കിലും അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Published

|

Last Updated

തിരുപ്പതി| തിരുപ്പതി-സെക്കന്ദരാബാദ് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനില്‍ പുകവലിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ട്രെയിനില്‍ പുക ഉയരുകയും അപായ സൈറണ്‍ മുഴങ്ങുകയും ചെയ്തതോടെയാണ് നടപടി. നെല്ലൂര്‍ ജില്ലയിലൂടെ കടന്നുപോകുന്നതിനിടെ സി -13 കോച്ചിലാണ് പുക ഉയര്‍ന്നത്. യാത്രക്കാര്‍ വിവരമറിയിച്ചതിന് പിന്നാലെ ആന്ധ്രയിലെ മനുബോലുവില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടു. റെയില്‍വേ ജീവനക്കാരെത്തി കോച്ച് പരിശോധിച്ചപ്പോള്‍ ശുചിമുറിയില്‍ നിന്നാണ് പുക ഉയര്‍ന്നതെന്ന് കണ്ടെത്തുകയായിരുന്നു.

റെയില്‍വേ ജീവനക്കാരെത്തുമ്പോള്‍ ശുചിമുറി ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. പിന്നീട് ബലം പ്രയോഗിച്ച് അകത്ത് കയറിയ ഉദ്യോഗസ്ഥര്‍ ശുചിമുറിയില്‍ ഒളിച്ചിരുന്ന യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. തിരുപ്പതിയില്‍ നിന്ന് സി13 കോച്ചില്‍ കയറിയ ഇയാള്‍ക്ക് ടിക്കറ്റില്ലായിരുന്നു. വലിയ തോതില്‍ പുക ഉയര്‍ന്നെങ്കിലും അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

 

Latest