Connect with us

From the print

സുഗമ തീർഥാടനം: ജിദ്ദ ഹജ്ജ് കോൺസലുമായി ഹജ്ജ് കമ്മിറ്റി ചെയർമാൻ ചർച്ച നടത്തി

HAJJ, 2025

Published

|

Last Updated

കോഴിക്കോട്| സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിലെ ഹജ്ജ് കോൺസൽ മുഹമ്മദ് അബ്ദുൽ ജലീലുമായി ചർച്ച നടത്തി. ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായി കർമങ്ങൾ പൂർത്തീകരിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ സംബന്ധിച്ചായിരുന്നു ചർച്ച. തീർഥാടകരെ തിരിച്ചറിയുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിനുമായുള്ള നുസ്‌ക് കാർഡിന്റെ വിതരണത്തിൽ കഴിഞ്ഞ വർഷം ഏറെ പാളിച്ചകൾ സംഭവിക്കുകയും കാർഡ് ലഭിക്കാത്തത് തീർഥാടകരെ പ്രയാസപ്പെടുത്തുകയും ചെയ്തിരുന്നു.

സഊദിയിൽ എത്തുന്ന മുറക്ക് തന്നെ താമസമില്ലാതെ കാർഡ് ലഭ്യമാക്കുക, സംസ്ഥാനത്ത് നിന്നുള്ള മുഴുവൻ തീർഥാടകരെയും ഒരു മക്തബിന് കീഴിൽ തന്നെ ഏകീകരിക്കാനുള്ള നടപടികളുണ്ടാകുക, ആരോഗ്യ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക, പര്യാപ്തമായ മെഡിക്കൽ, പാരാമെഡിക്കൽ സ്റ്റാഫുകളെ നിയമിക്കുക, കാണാതാകുന്ന ഹാജിമാരെ കണ്ടെത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും യാത്രികരുടെ വിവരങ്ങളും അടങ്ങിയ ഓൺലൈൻ പോർട്ടൽ കുടുംബങ്ങൾക്ക് കൂടി ലഭ്യമാകുന്ന രൂപത്തിൽ സംവിധാനിക്കുക, മിനയിലെ ടെൻഡുകളിലെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക, തീർഥാടന കേന്ദ്രങ്ങളിൽ നിന്നും താമസ സ്ഥലത്തേക്കുള്ള യാത്രാ സൗകര്യം കാര്യക്ഷമമാക്കുക എന്നീ വിഷയങ്ങളാണ് ചർച്ച നടത്തിയത്. ഇതുസംബന്ധിച്ച് നിവേദനവും നൽകി. ഈ വിഷയങ്ങളിൽ സഊദിയിലെ ഇന്ത്യൻ അംബാസഡറുമായും ജിദ്ദയിലെ കോൺസൽ ജനറലുമായും ഫോൺ മുഖേനയും കത്തിലൂടെയും ചെയർമാൻ ആശയവിനിമയം നടത്തിയിരുന്നു. ഹജ്ജ് കമ്മിറ്റിയുടെ ആശങ്കകൾക്ക് പരിഹാരം കാണാമെന്നും തീർഥാടകരുടെ സൗകര്യവും സുരക്ഷയും ഉറപ്പുവരുത്താമെന്നും കോൺസൽ പറഞ്ഞതായി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അറിയിച്ചു.

Latest