Poem
മൺപുഴയുടെ സ്മൃതിമണ്ഡപം
ജീർണസ്വപ്‌നങ്ങളൊന്നായ് ചേർന്ന് മരവിച്ചുകിടക്കുന്നൊരു ദുഃസ്വപ്നം; ഒരു മൺപുഴയുടെ സ്മൃതിമണ്ഡപം
അന്നിവിടെ വിരുന്നു വന്നൊരു
മലമുത്തൻ തുമ്പിയുടെ നെഞ്ചിനകത്ത്
എന്നെക്കുറിച്ചു നിറയെ കഥയുണ്ട്;
ഓണത്തുമ്പിയുടെ നാവിൻതുമ്പിൽ
എന്നെക്കുറിച്ചു സുന്ദരമായ പാട്ടുണ്ട്.
ഇന്നവൾ ഓണമുണ്ണാനെത്തുമ്പോൾ,
അവളോടു ഞാനിനിയെന്തു ചൊല്ലണം?
അവൾ മുങ്ങിക്കുളിച്ചാ കാട്ടാറുകളില്ല;
ഓണംവിളി കേട്ടിരുന്നാ കാട്ടുതെന്നലില്ല;
തേനെടുത്തുണ്ണാനിവിടെ പൂങ്കാവനങ്ങളില്ല;
അവളന്നു കണ്ടുപോയ ആ ഞാനിന്നില്ല.
നിത്യമവളെ മാടി മാടി വിളിക്കാറുള്ള
ആ കുഞ്ഞിളം കൈകളിന്നെവിടെപ്പോയി?
സ്വപ്‌നങ്ങൾ വിൽക്കാനറിയാതിരുന്നാ
മാനവ ജീവിതങ്ങളിന്നെവിടെപ്പോയി?
മാബലിരാജ രാജരാജ രാജാധിപന്റെ
ആ പൊൻ പ്രജകളിന്നെവിടെപ്പോയി?
ജീർണസ്വപ്‌നങ്ങളൊന്നായ് ചേർന്ന്,
മരവിച്ചുകിടക്കുന്നൊരു ദുഃസ്വപ്നം;
ഒരു മൺപുഴയുടെ സ്മൃതിമണ്ഡപം.
ഉരുളെടുത്തഴുകിപ്പോയ ജീവിതങ്ങൾക്ക്,
ശോണിതമാർന്നൊരു സ്മൃതിമണ്ഡപം.
ഉരുൾപ്രളയത്തിന്നിരുൾ സന്തതിയുടെ,
ഉറഞ്ഞുത്തീർന്നൊരു സ്മൃതിമണ്ഡപം.
വിൽക്കാൻ സ്വപ്‌നങ്ങളവശേഷിപ്പിക്കാതെ
നാമാവശേഷമായ ജനതയുടെ
സ്മൃതിമണ്ഡപം!