Ongoing News
സ്മൃതി, പ്രതിക ഷോ; അയര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് പടുകൂറ്റര്‍ സ്‌കോര്‍
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 435 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇന്ത്യന്‍ വനിതാ ടീമിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്‌കോറാണിത്.
രാജ്‌കോട്ട് | അയര്‍ലന്‍ഡിനെതിരായ വനിതാ ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ പടുകൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ഇന്ത്യ. രാജ്‌കോട്ടിലെ നിരഞ്ജന്‍ ഷാ സ്‌റ്റേഡിയത്തില്‍ നടക്കുന്ന അങ്കത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 435 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇന്ത്യന്‍ വനിതാ ടീമിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്‌കോറാണിത്.
ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനത്തെ ശരിവെക്കും വിധം ഓപണര്‍മാരായ സ്മൃതി മന്ഥാനയും പ്രതിക റാവലും അയര്‍ലന്‍ഡ് ബൗളിംഗിനെ അടിച്ചുപരത്തി. മന്ഥാനയുടെയും റാവലിന്റെയും സെഞ്ച്വറികളുടെ പിന്‍ബലത്തിലാണ് ഇന്ത്യ വമ്പന്‍ ടോട്ടല്‍ കുറിച്ചത്. മന്ഥാന 135ഉം റാവല്‍ 154ഉം റണ്‍സും എടുത്തു. ഇരുവരുടെയും കൂട്ടുകെട്ടില്‍ നിന്ന് പിറന്ന 233 റണ്‍സാണ് ഇന്ത്യയെ ഗംഭീര സ്‌കോറിലെത്തിച്ചത്.
വെറു 70 പന്തിലാണ് മന്ഥാന ശതകത്തിലെത്തിയത്. ഒരു ഇന്ത്യന്‍ വനിതാ ക്രിക്കറ്ററുടെ ഏറ്റവും വേഗതയേറിയ ഏകദിന സെഞ്ച്വറിയാണിത്. 2024ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഹര്‍മന്‍പ്രീത് കൗര്‍ 87 പന്തില്‍ നേടിയതായിരുന്നു ഇതിനു മുമ്പത്തെ വേഗതയേറിയ സെഞ്ച്വറി. അന്താരാഷ്ട്ര തലത്തില്‍ ഏഴാമത്തെ വേഗത്തിലുള്ള ശതകം കൂടിയാണ് ഇത്. ഇംഗ്ലണ്ട് ക്രിക്കറ്റര്‍ ചാര്‍ലോട്ട് എഡ്വേഡ്‌സും ഇതേ സ്ഥാനത്തുണ്ട്.
28കാരിയായ മന്ഥാന വണ്‍ ഡേ ഇന്റര്‍നാഷണലിലെ തന്റെ പത്താം ശതകമാണ് കുറിച്ചത്. 12 ഫോറും ഏഴ് സിക്‌സും താരത്തിന്റെ ഇന്നിംഗ്‌സില്‍ ഉള്‍പ്പെട്ടു.
അയര്‍ലന്‍ഡിനെതിരായ മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ടും ഇന്ത്യ ജയിച്ചിരുന്നു.