Kerala
കൊലയാളികളിൽ മുന്നിൽ പാമ്പുകൾ
പാമ്പുകടിയേറ്റ് മരിച്ചവരുടെ എണ്ണം വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനേക്കാൾ ഇരട്ടി
പാലക്കാട് | സംസ്ഥാനത്ത് വന്യമൃഗ ആക്രമണത്തേക്കാള്‍ കൊല്ലപ്പെടുന്നത് പാമ്പുകടിയേറ്റെന്ന് വനം വകുപ്പ്. കഴിഞ്ഞ വര്‍ഷം വനമേഖലക്ക് പുറത്ത് കാട്ടാനകളുടെയുള്‍പ്പെടെ ആക്രമണത്തില്‍ 25 പേരാണ് കൊല്ലപ്പെട്ടതെങ്കില്‍ പാമ്പ് കടിയേറ്റ് 50 ഓളം പേര്‍ മരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഏഴ് പേരും കാട്ടുപോത്തിൻ്റെ ആക്രമണത്തില്‍ അഞ്ച് പേരും കൊല്ലപ്പെട്ടു. 2020-21ല്‍ പാമ്പ് കടിയേറ്റ് 52 പേര്‍ മരിച്ചപ്പോള്‍ കാട്ടാനകളുടെ ആക്രമണത്തില്‍ 27 പേരാണ് കൊല്ലപ്പെട്ടത്.
വനം വകുപ്പിൻ്റെ കണക്കുപ്രകാരമാണ് കൊലയാളി പട്ടികയില്‍ പാമ്പുകൾക്ക് ഒന്നാം സ്ഥാനം നല്‍കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് പാമ്പ് കടിയേല്‍ക്കുന്നവരെ രക്ഷിക്കാനുള്ള ദൗത്യത്തിന് മുന്‍ഗണന നല്‍കി വരുന്നതായി അധികൃതര്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് വനാന്തരങ്ങളില്‍ കടുവകളുടെയും കാട്ടാനകളുടെയും സംഖ്യ ക്രമാതീതമായി വര്‍ധിക്കുകയാണ്. ആനകളുടെ എണ്ണം 2012ൽ 5,706 ആയിരുന്നെങ്കില്‍ 2017ല്‍ 6,177 ആയി വര്‍ധിച്ചു. ഈ വര്‍ഷം കാട്ടാനകളുടെ കണക്കെടുപ്പ് നടത്തുമ്പോള്‍ ഇനിയും ഉയരാൻ ഇടയുണ്ട്. 2014ല്‍ 119 മുതല്‍ 150 വരെയുണ്ടായിരുന്ന കടുവകളുടെ എണ്ണം 2018ല്‍ നടന്ന കണക്കെടുപ്പിൽ 166 മുതല്‍ 190 വരെയാണ്. ഈ വര്‍ഷം പുതിയ കണക്കെടുപ്പുണ്ടാകും.
കാട്ടാനകളുടെ എണ്ണം നിയന്ത്രിക്കാന്‍ ഗര്‍ഭ നിരോധന മാർഗങ്ങളും കടുവകളെ കൊല്ലാന്‍ കേന്ദ്രത്തിൻ്റെ അനുമതി തേടാനുമുള്ള നിർദേശം സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ട് വെച്ചെങ്കിലും മൃഗസ്നേഹികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ശ്രമം പാളുകയായിരുന്നു.
കാട്ടാന, കടുവ, കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങി വന്യമൃഗങ്ങളെ വേട്ടയാടുന്നത് പോലെ തന്നെ 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം പാമ്പുകളെ കൊല്ലുന്നത് 25,000 രൂപ പിഴയോ, 3 വര്‍ഷം തടവോ ലഭിക്കുന്ന കുറ്റമാണ്. പെരുമ്പാമ്പുകളെ വന്യജീവി സംരക്ഷണനിയമപ്രകാരം ഒന്നാം ഷെഡ്യൂളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയെ കൊന്നാല്‍ ആറ് വര്‍ഷം തടവോ, പിഴയോ ശിക്ഷ ലഭിക്കും. ചേര , മൂര്‍ഖന്‍, അണലി, നീര്‍ക്കോലി, രാജവെമ്പാല എന്നിവയെ രണ്ടാം ഷെഡ്യൂളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാമ്പുകളെ വളർത്തുന്നതിനും പിടിക്കുന്നതിനും കര്‍ശന വിലക്കുണ്ട്്.
ഈ സഹാചര്യത്തില്‍ വര്‍ധിച്ചുവരുന്ന പാമ്പുകളെയും വന്യമൃഗങ്ങളെയും കൊല്ലാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് സൂചന. സംസ്ഥാനത്തുടനീളം വന്യമൃഗശല്യം രൂക്ഷമാകുന്നതിനാൽ വംശ വര്‍ധനവിന് തടയിടാത്തപക്ഷം വരും കാലത്ത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നതെന്നാണ് സൂചന.