Book Review
ഓർമകളിൽ സൂക്ഷിക്കാൻ ജീവിതാനുഭവങ്ങളുടെ നേർചിത്രങ്ങൾ
കേരളത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം ഏതാണ്? ആരുടേയും ചോദ്യത്തിന് ഉത്തരമായിട്ടല്ല ശിഹാബ് കുറിക്കുന്നത്. "കോഴിക്കോടിനെ ഒരു നഗരം എന്നു പറയാനാവില്ല. വലിയൊരു സ്നേഹവീടാണത്. എല്ലാതരം മനുഷ്യരുടെയും വീട്.
“മറക്കാൻ നമുക്കോർമിക്കാം” എന്നാണ് പുസ്തകത്തിന്റെ ശീർഷകം. മലയാളി വായനക്കാരെ സംബന്ധിച്ചിടത്തോളം പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത ലബ്ധ പ്രതിഷ്ഠനായ കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ കഥേതര രചനകളിൽപ്പെട്ട ലേഖനങ്ങളുടെ സമാഹാരമാണ് 22 അധ്യായങ്ങളുള്ള 112 പേജുകളിൽ കുറിക്കപ്പെട്ടിരിക്കുന്ന “മറക്കാൻ നമുക്കോർമിക്കാം’ എന്ന പുസ്തകം.
സത്യത്തിൽ ഇതിലെ നിരീക്ഷണങ്ങളത്രയും മറക്കാനുള്ള ഓർമകൾക്ക് വിട്ടുകൊടുക്കേണ്ടതല്ല. ഓർമയിൽ പച്ച പിടിച്ചു നിൽക്കേണ്ടതും സമൂഹത്തിന്റെ മുമ്പിലേക്ക് തുറന്ന ചർച്ചകൾക്ക് ഇട്ടു കൊടുക്കേണ്ടതുമാണ്. കാരണം അത്രമാത്രം കാലിക പ്രസക്തി വിളിച്ചോതുന്ന സാമൂഹിക പ്രസക്തി ഇതിലെ ഓരോ അധ്യായങ്ങളിലും ഉൾച്ചേർന്നു കിടക്കുന്നു. ” ചെരിപ്പ് അകത്തേക്ക് എടുത്തുവെക്കാത്ത യാത്രികൻ’ എന്ന തുടക്കംതന്നെ മലയാളി സമൂഹത്തെ മാറ്റിമറിച്ച യാത്രകളെക്കുറിച്ചാണ്.
“യാത്ര തുടങ്ങിയപ്പോളാണ് മലയാളി മാറിയത്. മലയാളി ഗൾഫിലേക്കു യാത്ര ചെയ്യാൻ കൂട്ടാക്കിയില്ലായിരുന്നെങ്കിൽ ഇന്നത്തെ കേരളമായിരിക്കില്ല. മറ്റൊരു ബീഹാറോ ഹരിയാനയോ ആയി അത് മാറിയേനെ’ എന്ന നിരീക്ഷണം അത്രമാത്രം സത്യത്തോട് അടുത്തു നിൽക്കുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യ കണ്ട ജനോപകാരപ്രദമായ രണ്ട് അട്ടിമറികളായി അദ്ദേഹം വിലയിരുത്തുന്നത് വി പി സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോൾ കൊണ്ടുവന്ന മണ്ഡൽ കമ്മീഷൻ റിപ്പോർട്ടും ടി എൻ ശേഷൻ നടപ്പാക്കിയ തിരഞ്ഞെടുപ്പ് പരിഷ്്കാരവുമാണ്.
ഇന്ന് നടക്കുന്ന ജാതിസംവരണ വിവാദവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണപക്ഷത്തോടുള്ള വിധേയത്വവും ഈ നിഗമനത്തോട് കൂട്ടി വായിക്കുമ്പോൾ അതിന്റെ രാഷ്ട്രീയ പ്രാധാന്യം ആർക്കും പിടികിട്ടും.
“നാം കണ്ണു കാണുന്ന അന്ധന്മാർ’ എന്ന തലക്കെട്ടിനുതാഴെ അറിവ് മനുഷ്യ വിരുദ്ധമാകുന്നതിനെക്കുറിച്ചുള്ള പരാമർശം ശരിക്കും ചിന്തനീയമാണ്.’ മരണശൈത്യം കലർന്ന ഒരോർമയായി മൂന്നാം ലോക രാജ്യങ്ങളിൽ ആഞ്ഞടിച്ച സുനാമിയുടെ തിരയനക്കങ്ങൾ ആദ്യം തന്നെ അമേരിക്കൻ സയന്റിസ്റ്റുകൾ കണ്ടിരുന്നുവത്രെ. എന്നിട്ടും ആ അറിവ് അവർ ലോകത്തിനുമുമ്പിൽ വെളിപ്പെടുത്താൻ കൂട്ടാക്കാതിരുന്നത് സുനാമി ദുരന്തങ്ങളിൽ നിന്ന് പെട്ടെന്ന് ഒരു ബിസിനസ്സ് ആശയം അവർക്ക് മുമ്പിൽ തെളിഞ്ഞു വരാത്തതുകൊണ്ടായിരുന്നു എന്നത് സാമ്രാജ്യത്വത്തിന്റെ മനഷ്യ വിരുദ്ധതയെ അരക്കിട്ടുറപ്പിക്കുന്ന ഭീകര സത്യമാണ്.
കേരളത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം ഏതാണ്? ആരുടേയും ചോദ്യത്തിന് ഉത്തരമായിട്ടല്ല ശിഹാബ് കുറിക്കുന്നത്. “കോഴിക്കോടിനെ ഒരു നഗരം എന്നു പറയാനാവില്ല. വലിയൊരു സ്നേഹവീടാണത്. എല്ലാതരം മനുഷ്യരുടെയും വീട്. മലപ്പുറത്തിന്റെ യഥാർഥ അങ്ങാടി കോഴിക്കോടാണ്. കോഴിക്കോടിന്റെ നന്മയുടെ പ്രധാന കാരണം അവിടെ മലപ്പുറം സംസ്കാരം ഇടയ്ക്കു വന്നു താമസിക്കുന്നു എന്നതും നല്ലവരും സഹൃദയരുമായ കച്ചവടക്കാരുടെ കേന്ദ്രമായി അത് വർത്തിക്കുന്നു എന്നതുമാണ്.’ പന്ത്രണ്ട് വർഷത്തോളം അവിടെ താമസിച്ചതിന്റെ അനുഭവസാക്ഷ്യം കൂടിയായ ഈ വിലയിരുത്തൽ എഴുത്തുകാർ ഇടപഴകുന്നിടത്തെ സാമൂഹിക, സാംസ്കാരിക ചലനങ്ങളെ അവർ ഹൃദയത്തിലേക്ക് പകർത്തി എഴുതുന്നതിന്റെ സത്യസന്ധമായ രീതികൂടിയാണ്.
“ഈ ലോകത്ത് ഏറ്റവും മൂല്യവത്തായത് ഒന്നും തിരിച്ചു പ്രതീക്ഷിക്കാത്ത മൗനമായ സ്നേഹം മാത്രമാണ് ‘ എന്ന താത്വികമായ ഒരു കണ്ടെത്തലിന് പ്രേരകമായതിലും കോഴിക്കോടിനേയും, കണ്ണൂർ, തൃശൂർ എന്നിവിടങ്ങളിലെയൊക്കെ വാസത്തിൽനിന്ന് എഴുത്തുകാരന് ലഭിച്ച അനുഭവത്തിന്റെ വലിയൊരു മുതൽക്കൂട്ടായി കരുതണം.
“ഒരു തീവണ്ടി ഇരുത്തിച്ചിന്തിപ്പിക്കുന്ന വിധം’ എന്ന അധ്യായത്തിലെ കണ്ടെത്തലുകളിലാണ് ഈ പുസ്തകത്തിലെ സക്രിയമായ , വ്യത്യസ്തമായ രാഷ്ട്രീയചിന്തയെ വരച്ചു വെച്ചിട്ടുള്ളത്. അതിങ്ങനെയാണ്. ” ഞാൻ കണ്ട ഏറ്റവും മികച്ച തത്വചിന്തകൻ ട്രെയിനാണ്. അതിന്റെ താളത്തെ ഉപജീവിച്ച് എനിക്ക് കഥകളെഴുതാൻ കഴിഞ്ഞിട്ടുണ്ട്. ജീവിതമെന്നാലെന്താണ് എന്ന് തീവണ്ടി നമ്മോട് ചോദിക്കുന്നത് ഒറ്റക്കിരിക്കുന്ന ട്രെയിൻ യാത്രക്കാരന് മനസ്സോർത്താൽ കേൾക്കാം.’ യാത്ര എങ്ങനെയാണ് എഴുത്തിനെ സർഗാത്മകമായി സ്വാധീനിക്കുന്നത് എന്നതിന്റെ ഉത്തരത്തിന്റെ ചുരുക്കെഴുത്താണിത്.
” തീവണ്ടി പറയുന്നു ഞാൻ ഇന്ത്യയെ ഒന്നാക്കി ജാതിയെ ഇല്ലാതാക്കി! അതിലടങ്ങിയ രാഷ്ട്രീയത്തേയും സാമൂഹിക പരിഷ്കാരത്തേയും തുടർന്നുള്ള വരികളിൽ ദർശിക്കാം.’ റിസർവ് ചെയ്ത സീറ്റിൽ ബ്രാഹ്മണനിരിക്കുന്നു. തൊട്ടടുത്ത സീറ്റിൽ പറയനിരിക്കുന്നു. പറയനെ എഴുന്നേൽപ്പിക്കാൻ വകുപ്പെന്ത്? ചിന്തിക്കാൻ കഴിയുമോ ഒരു 50 കൊല്ലമെങ്കിലും ജാതിയും മതവും ഇരിപ്പിടത്തിനും ഇടപഴകലിനും മാനദണ്ഡമാകാത്ത അപൂർവമായ ഇടം തീവണ്ടി തന്നെയാണെന്ന മഹത്തായ കണ്ടെത്തൽ തീവണ്ടി പങ്കുവെച്ച അവകാശവാദത്തെ ശരിക്കും സാധൂകരിക്കുന്നില്ലേ?
“എത്രയളവിൽ മൊബൈൽ ഫോണിന്റെ റെയിഞ്ച് നഷ്ടപ്പെടുന്നുവോ അത്രയും അളവിൽ നമുക്ക് നമ്മെ തിരിച്ചുകിട്ടുന്നു.’
” ലോകത്തിൽ ഒരിടത്തും സമ്മർദപ്പെടുത്തി സാധ്യമാക്കാൻ കഴിയാത്ത രണ്ടേ രണ്ടു വികാരങ്ങളേയുള്ളു. ഒന്ന് സ്നേഹവും മറ്റൊന്ന് ആദരവുമാണ്’. ഈ രണ്ട് നിഗമനങ്ങളും നമ്മുടെ വർത്തമാനകാല ദുരന്തങ്ങളായി നമ്മെ പിടികൂടിയിട്ടുള്ള രണ്ട് നടപ്പുദീനങ്ങളെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ കൂടിയായി കരുതണം. പ്രവാചകൻ മുഹമ്മദ് നബി(സ)യേയും ഗാന്ധിജിയേയും കുറിച്ചുള്ള കുറിപ്പിൽ മനുഷ്യരാശിക്ക് പഠനാർഹമാക്കാൻ പോന്ന ചില കണ്ടെത്തലുകളുണ്ട്.
നമ്മുടെ യുവതയെ ഭീകരമാം വിധം ഗ്രസിച്ചിരിക്കുന്ന ലഹരി ഉപയോഗത്തെ കുറിച്ചും അരാഷ്ട്രീയ പ്രവണതകളെ കുറിച്ചുമെല്ലാം അതിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന് വായനക്കാരെ ഉണർത്താൻ പാകത്തിൽ ചിട്ടപ്പെടുത്തിയിട്ടുള്ള ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ “മറക്കാൻ നമുക്കോർമിക്കാം” എന്ന പുസ്തകം സൂക്ഷിച്ചു വെക്കേണ്ട ഒരു കൈ പുസ്തകം കൂടിയാണ്. പ്രസാധകർ ലോഗോസ് ബുക്സ്. വില 120 രൂപ.