Connect with us

Ongoing News

സ്നേഹ കേരളം: പ്രവാസത്തിന്റെ കരുതൽ- രണ്ടാംഘട്ട ജനകീയ ക്യാമ്പയിനുമായി ഐ സി എഫ്

നാളെ നടക്കുന്ന സഊദി നാഷണൽ ഹാർമണി കോൺക്ലേവ് കേരള വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്യും

Published

|

Last Updated

ദമാം  | സ്നേഹ സമ്പന്നമായ കേരളപ്പെരുമ വീണ്ടെടുക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള ശ്രമങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തിയുള്ള  ബോധവൽക്കരണവുമായി ഐ സി എഫ് രംഗത്ത്. ജനുവരി മുതൽ മാർച്ച്‌ വരെയുള്ള വൈവിധ്യമായ പരിപാടികളുടെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ് ഐ സി എഫ്. കേരളത്തിന്റെ പൂർവ്വകാല സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും നന്മകൾ കൂടുതൽ പ്രസരിപ്പിക്കുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നമ്മുടെ നാട് സ്നേഹ സൗഹൃദത്താൽ സുരക്ഷിതമായി നിലനിൽക്കണമെങ്കിൽ എല്ലാതരം അപായങ്ങൾക്കെതിരെയും സമൂഹം ഉണർന്നിരിക്കണം. പഴയ കാലത്തെ സാമൂഹിക ബന്ധ-ങ്ങള്‍ പുനർനിര്‍മിക്കപ്പെടേണ്ടതുണ്ട്. അത്തരമൊരു ഉണർത്തലാണ് ഐ സി എഫ് നടത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
സ്നേഹത്തിന്റെ കൈമാറ്റങ്ങൾ കൊണ്ട് ഊഷ്മളമായ മലയാളിത്വത്തെ എല്ലാ തിളക്കത്തോടെയും തിരിച്ചുപിടിക്കാനും വെറുപ്പിന്റെ എല്ലാവിധ നികൃഷ്ടതകളെയും സൗഹൃദത്തിന്റെ സ്നേഹപരിചരണം കൊണ്ട് ഉണക്കിക്കളയാനുള്ള ജാഗ്രതയാണ് സ്നേഹ കേരളം ക്യാമ്പയിൻ.
ജനമനസുകളിലേക്ക് സ്നേഹ സൗഹൃദ സന്ദേശം നേരിട്ട് കൈമാറുക എന്ന ഏറ്റവും ജനകീയമായ ദൗത്യമാണ് ഇതിന്റെ ഭാഗമായി സംഘടന ഏറ്റെടുത്ത പ്രഥമ പ്രവർത്തനം. രണ്ടാഴ്ചക്കാലം നീണ്ടുനിന്ന ‘മീറ്റ് ദി പീപ്പിൾ’ എന്ന ഈ സന്ദേശ കൈമാറ്റത്തിൽ ഐ സി എഫ് ഘടകങ്ങളിലെ പ്രവർത്തകർക്ക് ഐതിഹാസികമായ മുന്നേറ്റമാണ് നടത്തിയത്. സൗഹൃദം പൂത്തുലഞ്ഞ ഈ യാത്രയെ സ്നേഹഹർഷങ്ങളോടെ പ്രവാസി സമൂഹം സ്വീകരിച്ചുവെന്നത് നൽകുന്ന ശുഭപ്രതീക്ഷ ചെറുതൊന്നുമല്ല.  മൂന്ന് പേരടങ്ങിയ 1,452 ടീമുകൾ 83,287 പേർക്കാണ് നേരിട്ട് സന്ദേശം കൈമാറിയതെന്ന് ഭാരവാഹികൾ അറിയിച്ചു.
ക്യാമ്പയിന്റെ രണ്ടാം ഘട്ടത്തിൽ പ്രവാസലോകത്ത് വ്യത്യസ്ത പരിപാടികൾ നടക്കും. മൂന്നാം ഘട്ടമായി കേരളത്തിലും വിപുലമായ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.
ഏഴ് നാഷണൽ തലത്തിൽ ഹാർമണി കോൺക്ലേവ്, അഞ്ച് പ്രൊവിൻസുകളിൽ ഹാർമണി കൊളോക്യം, 80 സെൻട്രലുകളിൽ ‘സ്നേഹത്തണലിൽ, നാട്ടോർമകളിൽ, 700 സെക്ടർ- യൂണിറ്റ് തലത്തിൽ ചായച്ചർച്ച, വീഡിയോ സന്ദേശം എന്നിവയാണ് പ്രവാസത്തിൽ നടക്കുന്ന പരിപാടികൾ. വിവിധ മതവിശ്വാസികൾ കൂട്ടായും ഒറ്റക്കും സ്നേഹ കേരളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ- ഓഡിയോ സന്ദേശങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കും. പ്രവാസലോകം പ്രത്യേകിച്ച് കാത്ത് സൂക്ഷിക്കുന്ന ആഴത്തിലുള്ള സൗഹൃദത്തെ സാഘോഷിക്കുന്നവയാകും പരിപാടിയെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
 കേരളത്തിൽ നിന്നുള്ള മതമേലധ്യക്ഷന്മാർ, പണ്ഡിതന്മാർ, മന്ത്രിമാർ, എം പി-മാർ, എം എൽ എമാർ, രാഷ്ട്രീയ കക്ഷി പ്രമുഖർ, സാഹിത്യകാരന്മാർ, വ്യാവസായിക പ്രമുഖർ, സാമൂഹിക, സാംസ്കാരിക സംഘടന നേതാക്കൾ, പത്രപ്രവർത്തകർ, ശ്രദ്ധേയ വ്യക്തിത്വങ്ങൾ, മറ്റു പ്രമുഖർ തുടങ്ങിയവർ സ്നേഹ കേരളം വീണ്ടെടുക്കാനും നിലനിർത്താനുമുള്ള കാഴ്ചപ്പാടുകളും നിർദ്ദേശങ്ങളും അവതരിപ്പിക്കും.
കേരളത്തിലെ മുനിസിപ്പാലിറ്റി, പഞ്ചായത്ത് കേന്ദ്രങ്ങളിൽ സ്നേഹപ്പഞ്ചായത്ത്, സംസ്ഥാന തലത്തിൽ സെമിനാർ എന്നിവയും നടക്കും. ഇതിന്റെ ഭാഗമായി ലോഞ്ച് ചെയ്യുന്ന snehakeralam.com വെബ്സൈറ്റിലൂടെ സ്നേഹ കേരളം സുസാധ്യമാക്കുന്നതിനുള്ള ആശയ-ങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കും.
നാളെ നടക്കുന്ന സഊദി നാഷണൽ ഹാർമണി കോൺക്ലേവ് കേരള വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്യും. സഊദി അറേബ്യയിലെ പ്രമുഖ മലയാളി ബിസിനസ്സ് സംരഭകർ, വിവിധ സംഘടന, മാധ്യമ പ്രതിനിധികൾ വെബിനാറിൽ സംബന്ധിക്കും. മാർച്ച് 17 വെള്ളിയാഴ്ച ഇന്റർനാഷണൽ തലത്തിൽ നടക്കുന്ന പ്രൗഢമായ സമ്മേളനത്തോടെയായിരിക്കും സ്നേഹ കേരളം ക്യാമ്പയിന് പരിസമാപ്തിയാവുക.
ദമാമിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഐ സി എഫ് നാഷണൽ സെക്രട്ടറി  നിസാർ കാട്ടിൽ, ഇന്റർനാഷണൽ വൈസ് പ്രസിഡന്റ് സുബൈർ സഖാഫി, ഇന്റർ നാഷണൽ പബ്ലിക്കേഷൻ സെക്രട്ടറി അബ്ദുസലീം പാലച്ചിറ, നാഷണൽ ഓർഗനൈസിംഗ് സെക്രട്ടറി ബഷീർ ഉള്ളണം എന്നിവർ പങ്കെടുത്തു.

Latest