ICF
സ്നേഹ കേരളം: തിരുവനന്തപുരത്ത് ഇന്ന് ഐ സി എഫ് സെമിനാർ
വ്യവസായ- നിയമ മന്ത്രി പി രാജീവ് സെമിനാർ ഉദ്‌ഘാടനം ചെയ്യും. കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും.
തിരുവനന്തപുരം | സ്നേഹ കേരളം; പ്രവാസത്തിന്റെ കരുതൽ എന്ന പ്രമേയത്തിൽ ഐ സി എഫ് നടത്തുന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് തിരുവനന്തപുരത്ത് സെമിനാർ നടക്കും. ജനുവരി മുതൽ മെയ് വരെയുള്ള വിവിധ പരിപാടികളുടെ രണ്ടാം ഘട്ടത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്.
ഇന്ന് വൈകിട്ട് നാല് മണിക്ക് പ്രസ് ക്ലബ് ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ വ്യവസായ- നിയമ മന്ത്രി പി രാജീവ് സെമിനാർ ഉദ്‌ഘാടനം ചെയ്യും. കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. സ്നേഹ കേരളം സുസാധ്യമാക്കുന്നതിനുള്ള ആശയങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്ന snehakeralam.com വെബ്സൈറ്റ് യു ഡി എഫ് കൺവീനർ എം എം ഹസ്സൻ ലോഞ്ച് ചെയ്യും. ഐ സി എഫ് ഇന്റർനാഷണൽ സെക്രട്ടറി നിസാർ കാമിൽ സഖാഫി പ്രമേയസന്ദേശം നൽകും. സ്വാമി സന്ദീപാനന്ദഗിരി, സയ്യിദ് ഹബീബ് ആറ്റക്കോയ തങ്ങൾ, എം അബ്ദുർറഹ്മാൻ സഖാഫി, എ സൈഫുദ്ദീൻ ഹാജി, മജീദ് കക്കാട്, സിദ്ദീഖ് സഖാഫി നേമം, മുഹമ്മദ് ഫാറൂഖ് കവ്വായി, ഡോ. പി എ മുഹമ്മദ് കുഞ്ഞു സഖാഫി സംബന്ധിക്കും.
ഏറെ വിശ്രുതമായ കേരളത്തിന്റെ പൂർവകാല സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും നന്മകൾ കൂടുതൽ പ്രസരിപ്പിക്കുകയാണ് ഐ സി എഫ് കാമ്പയിനിലൂടെ ലക്ഷ്യമാക്കുന്നത്. ഇതിന്റെ ഭാഗമായി പ്രവാസ ലോകത്ത് ‘മീറ്റ് ദി പീപ്പിൾ’, നാഷണൽ തലത്തിൽ ഹാർമണി കോൺക്ലേവ്, പ്രൊവിൻസുകളിൽ ഹാർമണി കൊളോക്യം, സെൻട്രലുകളിൽ ‘സ്നേഹത്തണലിൽ, നാട്ടോർമകളിൽ’, സെക്ടർ, യൂണിറ്റ് തലത്തിൽ ചായച്ചർച്ച തുടങ്ങിയവക്ക് ശേഷമാണ് കേരളത്തിലെ പരിപാടികൾ. മതമേലധ്യക്ഷന്മാർ, പണ്ഡിതന്മാർ, മന്ത്രിമാർ, എം പിമാർ, എം എൽ എമാർ, രാഷ്ട്രീയ കക്ഷി പ്രമുഖർ, സാഹിത്യകാരന്മാർ, വ്യാവസായിക പ്രമുഖർ, സാമൂഹിക, സാംസ്കാരിക സംഘടനാ നേതാക്കൾ, പത്രപ്രവർത്തകർ, ശ്രദ്ധേയ വ്യക്തിത്വങ്ങൾ തുടങ്ങിയവർ പരിപാടികളിൽ സംബന്ധിച്ചിട്ടുണ്ട്.
തുടർന്ന് കേരളത്തിൽ നടക്കുന്ന മുനിസിപ്പാലിറ്റി, പഞ്ചായത്ത് കേന്ദ്രങ്ങളിൽ സ്നേഹപ്പഞ്ചായത്ത് അടക്കമുള്ള പരിപാടികൾക്ക് ശേഷം മെയ് 19 ന് ഇന്റർനാഷണൽ തലത്തിൽ നടക്കുന്ന വിർച്യുൽ സമ്മേളനത്തോടെയായിരിക്കും സ്നേഹ കേരളം ക്യാമ്പയിൻ സമാപിക്കുക.