Organisation
സ്‌നേഹ കേരളം: പ്രവാസത്തിന്റെ കരുതല്‍ ജനകീയ കാമ്പയിനുമായി ഐ സി എഫ്
വിശ്രുതമായ കേരളത്തിന്റെ പൂര്‍വകാല സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും നന്മകള്‍ കൂടുതല്‍ പ്രസരിപ്പിക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമാക്കുന്നത്.

ദുബൈ | സ്‌നേഹ സമ്പന്നമായ കേരളപ്പെരുമ വീണ്ടെടുക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള ശ്രമങ്ങളില്‍ യു എ ഇയിലുള്ള എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തിയുള്ള ബോധവത്ക്കരണവുമായി ഐ സി എഫ് രംഗത്തിറങ്ങിയതായി ഭാരവാഹികള്‍ ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2023 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള വിവിധ പരിപാടികളുടെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. പ്രവാസ ലോകത്ത് ഏറ്റവും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളും ജനകീയാടിത്തറയുമുള്ള സംഘടനയാണ് ഐ സി എഫ്.
ഏറെ വിശ്രുതമായ കേരളത്തിന്റെ പൂര്‍വകാല സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും നന്മകള്‍ കൂടുതല്‍ പ്രസരിപ്പിക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമാക്കുന്നത്.
അതിരുകളില്ലാത്ത സ്‌നേഹ-സഹവര്‍ത്തിത്വത്തിന്റെ സൗന്ദര്യമായിരുന്നു കേരളത്തിന്റെ മുഖശ്രീ. അതിന് വിഘാതമാവുന്ന തരത്തില്‍ വിദ്വേഷത്തിന്റെ വിഷം പേറുന്ന ചില ചിന്താഗതികളും വിഷവിത്തുകളും നമ്മുടെ മനോഹരമായ അന്തരീക്ഷത്തെ പൊടിപടലമാക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന ഏറെ ആശങ്കാജനകമായ പശ്ചാത്തലത്തിലാണ് കാമ്പയിന്‍ നടത്തുന്നത്.
സാമൂഹിക ജീവിതത്തെയും കൂട്ടായ്മകളെയും ഭിന്നിപ്പിച്ച് നിര്‍ത്താനും പരസ്പര വിദ്വേഷവും അകലവും വളര്‍ത്തിയെടുക്കാനും ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുന്നുണ്ട്. ജാതിഭേദവും മതദ്വേഷവുമില്ലാതെ പരസ്പരം ഒത്തൊരുമയോടെ ജീവിച്ച പ്രദേശങ്ങളില്‍ പോലുമിന്ന് ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. നാട് സ്‌നേഹ സൗഹൃദത്താല്‍ സുരക്ഷിതമായി നിലനില്‍ക്കണമെങ്കില്‍ എല്ലാതരം അപായങ്ങള്‍ക്കെതിരെയും സമൂഹം ഉണര്‍ന്നിരിക്കണം. പഴയ കാലത്തെ സാമൂഹിക ബന്ധങ്ങള്‍ പുനര്‍നിര്‍മിക്കപ്പെടേണ്ടതുണ്ട്. അത്തരമൊരു ഉണര്‍ത്തലാണ് ഐ സി എഫ് നടത്തിക്കൊണ്ടിരിക്കുന്നത്.
സ്‌നേഹത്തിന്റെ കൈമാറ്റങ്ങള്‍ കൊണ്ട് ഊഷ്മളമായ മലയാളിത്വത്തെ എല്ലാ തിളക്കത്തോടെയും തിരിച്ചുപിടിക്കാനും വെറുപ്പിന്റെ എല്ലാവിധ നികൃഷ്ടതകളെയും സൗഹൃദത്തിന്റെ സ്‌നേഹപരിചരണം കൊണ്ട് ഉണക്കിക്കളയാനുമുള്ള ജാഗ്രതയാണ് സ്‌നേഹകേരളം കാമ്പയിന്‍.
ജനമനസുകളിലേക്ക് സ്‌നേഹ സൗഹൃദ സന്ദേശം നേരിട്ട് കൈമാറുക എന്ന ഏറ്റവും ജനകീയമായ ദൗത്യമാണ് ഇതിന്റെ ഭാഗമായി സംഘടന ഏറ്റെടുത്ത പ്രഥമ പ്രവര്‍ത്തനം. രണ്ടാഴ്ചക്കാലം നീണ്ടുനിന്ന ‘മീറ്റ് ദി പീപ്പിള്‍’ എന്ന ഈ സന്ദേശ കൈമാറ്റത്തിലൂടെ ഐ സി എഫ് ഘടകങ്ങളിലെ പ്രവര്‍ത്തകര്‍ക്ക് ഐതിഹാസികമായ മുന്നേറ്റമാണുണ്ടായത്. സൗഹൃദം പൂത്തുലഞ്ഞ ഈ യാത്രയെ സ്‌നേഹഹര്‍ഷങ്ങളോടെ പ്രവാസി സമൂഹം സ്വീകരിച്ചുവെന്നത് നല്‍കുന്ന ശുഭപ്രതീക്ഷ ചെറുതൊന്നുമല്ല. മൂന്ന് പേരടങ്ങിയ 1,452 ടീമുകള്‍ 83,287 പേര്‍ക്ക് നേരിട്ട് സന്ദേശം കൈമാറി.
കാമ്പയിന്റെ രണ്ടാം ഘട്ടത്തില്‍ പ്രവാസലോകത്ത് വ്യത്യസ്ത പരിപാടികള്‍ നടക്കും. മൂന്നാം ഘട്ടമായി കേരളത്തിലും വിപുലമായ പദ്ധതികള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ഏഴ് നാഷണല്‍ തലത്തില്‍ ഹാര്‍മണി കോണ്‍ക്ലേവ്, അഞ്ച് പ്രൊവിന്‍സുകളില്‍ ഹാര്‍മണി കൊളോക്യം, 80 സെന്‍ട്രലുകളില്‍ ‘സ്‌നേഹത്തണലില്‍, നാട്ടോര്‍മകളില്‍’, 700 സെക്ടര്‍, യൂണിറ്റ് തലത്തില്‍ ചായ ചര്‍ച്ച, വീഡിയോ സന്ദേശം എന്നിവയാണ് പ്രവാസത്തില്‍ നടക്കുന്ന പരിപാടികള്‍. വിവിധ മതവിശ്വാസികള്‍ കൂട്ടായും ഒറ്റക്കും സ്‌നേഹ കേരളത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുന്ന വീഡിയോ, ഓഡിയോ സന്ദേശങ്ങള്‍ സാമൂഹിക മാധ്യമ സങ്കേതങ്ങള്‍ വഴി പ്രചരിപ്പിക്കും. പ്രവാസലോകം പ്രത്യേകം കാത്തുസൂക്ഷിക്കുന്ന ആഴത്തിലുള്ള സൗഹൃദത്തെ സാഘോഷിക്കുന്നവയാവും ഇവ.
പരിപാടികളില്‍ കേരളത്തില്‍ നിന്നുള്ള മതമേലധ്യക്ഷന്മാര്‍, പണ്ഡിതന്മാര്‍, മന്ത്രിമാര്‍, എം പിമാര്‍, എം എല്‍ എമാര്‍, രാഷ്ട്രീയ കക്ഷി പ്രമുഖര്‍, സാഹിത്യകാരന്മാര്‍, വ്യാവസായിക പ്രമുഖര്‍, സാമൂഹിക, സാംസ്‌കാരിക സംഘടനാ നേതാക്കള്‍, പത്രപ്രവര്‍ത്തകര്‍, ശ്രദ്ധേയ വ്യക്തിത്വങ്ങള്‍, തുടങ്ങിയവര്‍ സ്‌നേഹ കേരളം വീണ്ടെടുക്കാനും നിലനിര്‍ത്താനുമുള്ള കാഴ്ചപ്പാടുകളും നിര്‍ദേശങ്ങളും അവതരിപ്പിക്കും. കേരളത്തിലെ മുന്‍സിപ്പാലിറ്റി, പഞ്ചായത്ത് കേന്ദ്രങ്ങളില്‍ സ്‌നേഹപ്പഞ്ചായത്ത്, സംസ്ഥാന തലത്തില്‍ സെമിനാര്‍ എന്നിവയും നടക്കും. ഇതിന്റെ ഭാഗമായി ലോഞ്ച് ചെയ്യപ്പെടുന്ന snehakeralam.com വെബ്‌സൈറ്റിലൂടെ സ്‌നേഹ കേരളം സുസാധ്യമാക്കുന്നതിനുള്ള ആശയങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കും. മാര്‍ച്ച് 17 വെള്ളിയാഴ്ച ഇന്റര്‍നാഷണല്‍ തലത്തില്‍ നടക്കുന്ന പ്രൗഢമായ സമ്മേളനത്തോടെയായിരിക്കും കാമ്പയിന് പരിസമാപ്തിയാവുക.
ഐ സി എഫ് യു എ ഇ നാഷണല്‍ സംഘടനാ കാര്യ പ്രസിഡന്റ് ഉസ്മാന്‍ സഖാഫി തിരുവത്ര, ഐ സി എഫ് യു എ ഇ നാഷണല്‍ ജനറല്‍ സെക്രട്ടറി ഹമീദ് പരപ്പ, പ്രസിദ്ധീകരണ വിഭാഗം കണ്‍വീനര്‍ സലാം മാസ്റ്റര്‍ കാഞ്ഞിരോട്, ഐ സി എഫ് യു എ ഇ നാഷണല്‍ വെല്‍ഫെയര്‍ പ്രസിഡന്റ് അബ്ദുല്‍ കരീം ഹാജി തളങ്കര വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
സ്‌നേഹ കേരളം കാമ്പയിന്റെ ഭാഗമായുള്ള ഹാര്‍മണി കോണ്‍ക്ലേവ് അന്താരാഷ്ട്ര വെബിനാര്‍ നാളെ (ശനി) യു എ ഇ സമയം രാത്രി 08:15 ന് നടക്കും. കേരള പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് കേരള സ്റ്റേറ്റ് സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രഡിഡന്റ് അഡ്വ. വൈ എ റഹീം, അബൂദബി കേരള സോഷ്യല്‍ സെന്റര്‍ പ്രഡിഡന്റ് വി പി കൃഷ്ണകുമാര്‍, റേഡിയോ ഏഷ്യാ ന്യൂസ് എഡിറ്റര്‍ അനൂപ് കീച്ചേരി, ലോക കേരള സഭാംഗം ശരീഫ് കാരശ്ശേരി തുടങ്ങിയവര്‍ സംബന്ധിക്കും.