National
മഞ്ഞുവീഴ്ചയും മഴയും; ഹിമാചല്‍ പ്രദേശിലെ 278 റോഡുകള്‍ അടച്ചു
ജനുവരി 21, 22 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ മഴയും മഞ്ഞുവീഴ്ചയും ഉണ്ടാകും.
ഷിംല| മഞ്ഞും മഴയും മൂടപ്പെട്ട് ഹിമാചല്‍പ്രദേശ്. ഹിമാചല്‍ പ്രദേശിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇന്ന് നേരിയ തോതില്‍ മഞ്ഞുവീഴ്ചയുണ്ടായി. അതേസമയം സംസ്ഥാനത്തുടനീളം ഇടയ്ക്കിടെ മഴയും പെയ്തു. ഇതേത്തുടര്‍ന്ന പ്രദേശത്തെ 278 റോഡുകള്‍ അടച്ചു.
കുളുവിലെ ജലോരി ജോട്ടിലും റോഹ്താങ് പാസ്സിലും യഥാക്രമം 60, 45 സെന്റീമീറ്റര്‍ മഞ്ഞുവീഴ്ച ഉണ്ടായി. ഒപ്പം അടല്‍ ടണലിന്റെ തെക്കന്‍ പോര്‍ട്ടലിലും ചാന്‍സലിലും 30 സെന്റീമീറ്റര്‍ വീതം മഞ്ഞുവീഴ്ചയുണ്ടായി. ചൗര്‍ധാറിലും ഡോദ്രക്വാറിലും 25 സെന്റീമീറ്ററും ഖദ്രാലയില്‍ 16 സെന്റിമീറ്ററും ഷിംലയിലെ ജാഖോ കൊടുമുടിയിലും കുഫ്രിയുടെ സമീപ പ്രദേശങ്ങളിലും മൂന്ന് മുതല്‍ 10 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ച രേഖപ്പെടുത്തി. മണാലി, ഗോഹാര്‍, ടിന്‍ഡര്‍ എന്നിവിടങ്ങളില്‍ 16 മില്ലീമീറ്ററും 11 മില്ലീമീറ്ററും 8.3 മില്ലീമീറ്ററും മഴയും നഹാന്‍, ഭുന്തര്‍ എന്നിവിടങ്ങളില്‍ 5.7 മില്ലീമീറ്ററും മഴ ലഭിച്ചു.
ജനുവരി 21, 22 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ മഴയും മഞ്ഞുവീഴ്ചയും ഉണ്ടാകും. ജനുവരി 23 ന് മധ്യഭാഗത്തും ഉയര്‍ന്ന മലനിരകളിലും നേരിയതോ മിതമായതോ ആയ മഞ്ഞുവീഴ്ചയും ജനുവരി 26 വരെ ഈ മേഖലയില്‍ ചെറിയ തോതില്‍ മഴയുണ്ടാകുമെന്നുമാണ് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.